രാജ്യാന്തര വിപണിയില് സ്വർണവും വെള്ളിയും പുതിയ റെക്കോർഡിൽ. ഔൺസിന് 4,598.41 ഡോളറിലേക്ക് കുതിച്ച സ്വര്ണവില നിലവിൽ 4,570 ഡോളറെന്ന നിലയിലാണ്.
വെള്ളി ഔൺസിന് റെക്കോഡ് വിലയായ 83.95 ഡോളറിലേക്ക് കയറി. നിലവിൽ 83.29 ഡോളറിലാണ് വ്യാപാരം.
ഇറാനിലെ പ്രക്ഷോഭവും അമേരിക്കൻ തൊഴിൽ കണക്കുകളുമാണ് വില വർധിപ്പിച്ചത്. യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം നടത്തുമെന്ന വാർത്തയും ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും വിലക്കയറ്റത്തിനിടയാക്കി.
കേരളത്തിൽ സ്വർണ വില ഗ്രാമിന് 155 രൂപ വർധിച്ച് 13,030 രൂപയിലെത്തി.
പവൻ വില 1,240 രൂപ കൂടി 1,04,240 രൂപയിലാണ്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ പവന് 1,04,440 രൂപയാണ് കേരളത്തിലെ റെക്കോർഡ് വില.
ഇതിലേക്ക് ഇനി 200 രൂപയുടെ മാത്രം അകലം. രാജ്യാന്തര വിപണിയിലെ ട്രെൻഡ് പരിഗണിച്ചാൽ ഇന്ന് തന്നെ ഈ റെക്കോർഡ് മറികടക്കുമെന്നാണ് കരുതുന്നത്.
പൂട്ടിടാൻ ട്രംപ്
ഫെഡ് ആസ്ഥാനത്തെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നീതിന്യായ വിഭാഗം അന്വേഷണം തുടങ്ങിയെന്ന് പവൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇതോടെ ഈ മാസത്തെ റെക്കോർഡ് ഉയരത്തിൽ നിന്ന് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞു. ആറ് പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 0.3 ശതമാനം ഇടിഞ്ഞ് 98.99 ലെത്തി.
അഞ്ച് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് തിരിച്ചിറക്കം.
അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡ് ചെയർമാനും ട്രംപും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പവലിനെ മാറ്റി ചെയർമാൻ സ്ഥാനത്ത് ട്രംപ് പുതിയൊരാളെ നിയമിക്കാനും സാധ്യതയുണ്ട്.
യുഎസിലെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്ന ഫെഡും പ്രസിഡന്റും തമ്മിലുള്ള തർക്കങ്ങൾ വിപണിയ്ക്ക് നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനൊപ്പം ഇറാനിലെ പ്രക്ഷോഭം കനത്തതും യുഎസ് ഇടപെടലുണ്ടാകുമെന്ന റിപ്പോർട്ടുകളും സ്വർണവില വർധിപ്പിച്ചു. സൈനിക നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച പുറത്തുവന്ന യുഎസ് തൊഴിൽ കണക്കുകൾ വിപണി പ്രതീക്ഷിച്ചതിലും താഴെയായിരുന്നു.
ഇതോടെ ഇക്കൊല്ലവും യുഎസ് അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി. യുഎസ് പലിശ കുറയ്ക്കുമ്പോൾ സ്വർണത്തിൽ ഡിമാൻഡ് വർധിക്കുന്നതാണ് പതിവ്.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് ഇന്നും 18 കാരറ്റ് സ്വർണത്തിന് രണ്ട് വിലയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 135 രൂപ വർധിച്ച് 10,815 രൂപയിലാണ് വിൽപ്പന. എന്നാൽ ഗ്രാമിന് 125 രൂപ വർധിപ്പിച്ച് 10,710 രൂപയിലാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) വിൽപ്പന.
വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ച് 270 രൂപയിലുമെത്തി. കൃത്യം ഒരു വർഷം മുമ്പ്, 2025 ജനുവരി 12ന്, ഒരു ഗ്രാം വെള്ളിയുടെ വില 101 രൂപയായിരുന്നു.
ഒരു വർഷം കൊണ്ട് വർധിച്ചത് 169 രൂപ. 167 ശതമാനം വർധന.
ആഭരണം വാങ്ങാൻ
ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 10 ശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1,18,160 രൂപയെങ്കിലും നൽകേണ്ടി വരും.
കേരളത്തിൽ മൂന്ന് മുതൽ 30 ശതമാനം വരെയാണ് സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്. സ്വർണവിലയ്ക്കും പണിക്കൂലിയ്ക്കും മൂന്ന് ശതമാനം ജിഎസ്ടിയും നൽകണം.
കൂടാതെ 45 രൂപ ഹോൾമാർക്കിംഗ് ചാർജും അതിന്റെ 18 ശതമാനം ജിഎസ്ടിയും ബാധകമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

