ചെറുപുഴ ∙ ജനങ്ങളെ ഭീതിയിലാക്കി മലയോരമേഖലയിൽ തെരുവുനായ്ക്കളുടെയും കുറുനരികളുടെയും വിളയാട്ടം. കഴിഞ്ഞദിവസം ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ മുളപ്ര, പാണ്ടിക്കടവ്, ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ തെരുവുനായ്ക്കളുടെയും കുറുനരികളുടെയും ആക്രമണത്തിൽ 8 പേർക്കാണു പരുക്കേറ്റത്.
ഇതിനുപുറമെ ഒട്ടേറെ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കൾ കടിച്ചു പരുക്കേൽപിച്ചിരുന്നു. പറമ്പുകളിലും കൂടുകളിലും കെട്ടിയിരുന്ന വളർത്തുമൃഗങ്ങളെ തെരുവുനായ കടിച്ചോ എന്ന ആശങ്കയിലാണു പലരും.
മലയോര ഗ്രാമങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മലയോര മേഖലയിലെ പല കൃഷിയിടങ്ങളും കാടുകയറി മൂടിയ നിലയിലാണ്. ഇതോടെ കാട്ടുപന്നി, മുള്ളൻപന്നി, കുറുനരി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ എണ്ണവും വൻതോതിൽ വർധിച്ചു.
സന്ധ്യ കഴിഞ്ഞാൽ കാട്ടുമൃഗങ്ങളെ പേടിച്ചു പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണു നാട്ടുകാർ.
ചെറുപുഴ, പ്രാപ്പൊയിൽ, തിരുമേനി, പുളിങ്ങോം, വാഴക്കുണ്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ ശല്യം ദിനംപ്രതി വർധിച്ചുവരികയാണ്. നായകളുടെയും കുറുനരികളുടെയും കടിയേറ്റു ചികിത്സയിൽ കഴിയുന്നവർക്കു ധനസഹായം അനുവദിക്കണമെന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

