ഫറോക്ക്∙ മതിയായ ജീവനക്കാരെയും ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കാതെ ഉദ്ഘാടനം നടത്തിയ ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം വെറും കാഴ്ചവസ്തു. 4 മാസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഇതുവരെ അത്യാഹിത വിഭാഗം പോലും പ്രവർത്തനം തുടങ്ങിയില്ല.
ഒപി വിഭാഗവും ഫാർമസിയും എൻസിഡി ക്ലിനിക്കും മാത്രമാണ് പുതിയ കെട്ടിടത്തിൽ തുറന്നത്. കിഫ്ബി ഫണ്ടിൽ 23.5 കോടി രൂപ ചെലവിട്ട് നിർമിച്ച 4 നില കെട്ടിടസമുച്ചയം കഴിഞ്ഞ ഓഗസ്റ്റ് 31ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചത്. 103 കിടക്കകളുടെ സൗകര്യമുണ്ടെങ്കിലും പുതിയ ആശുപത്രി സമുച്ചയത്തിൽ കിടത്തിച്ചികിത്സയും അന്യം.
പഴയ കെട്ടിടത്തിലെ പരിമിത സൗകര്യങ്ങൾക്ക് ഇടയിലാണു ഇപ്പോഴും കിടത്തിച്ചികിത്സ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത്.
പൊതുജനാരോഗ്യ സംരക്ഷണത്തിന് എല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെയും സേവനവും ലഭ്യമാക്കും എന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാൽ വിദഗ്ധർ ഉൾപ്പെടെ 19 ഡോക്ടർമാർ മാത്രമാണ് ഇപ്പോഴുമുള്ളത്.
ഇവർക്കാകട്ടെ 3 ഷിഫ്റ്റായി സേവനം ചെയ്യണം. നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും കുറവായതിനാൽ താലൂക്ക് ആശുപത്രിയിൽ നിന്നു പരിമിത സേവനം മാത്രമാണുള്ളത്.
ആവശ്യത്തിനു ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചാൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ വേണ്ട
അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും നടപടികൾ നീളുകയാണ്.
എക്സ്റേ പ്രവർത്തനം തുടങ്ങിയില്ല
താലൂക്ക് ആശുപത്രിയായി പദവി ഉയർത്തി 15 വർഷം പിന്നിട്ടിട്ടും ഇതുവരെ എക്സ്റേ സംവിധാനം തുടങ്ങിയിട്ടില്ല. പുതിയ കെട്ടിടത്തിൽ എക്സ്റേ യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക ജീവനക്കാരും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയില്ല.
എല്ല് പൊട്ടി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ സ്വകാര്യ സ്ഥാപനങ്ങളിൽ പോയി എക്സ്റേ എടുത്തു വരേണ്ട ഗതികേടിലാണ്.
ഓർത്തോ വിഭാഗത്തിൽ വരിനിന്നു ഡോക്ടറെ കണ്ട ശേഷമാകും എക്സ്റേ നിർദേശിക്കുക.
പുറമേ പോയി എക്സ്റേ എടുത്തു വരുമ്പോഴേക്കും പിന്നെ ഡോക്ടറെ കാണാൻ പറ്റാത്ത സ്ഥിതിയുമുണ്ട്.
കെട്ടിട നമ്പർ ലഭിച്ചില്ല
നിർമാണ പ്രവൃത്തി പൂർത്തിയാക്കി 4 മാസമായിട്ടും നഗരസഭയിൽ കെട്ടിട
നമ്പറിന് അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ല. അഗ്നിരക്ഷാസേനയുടെ അനുമതി ലഭിക്കാത്തതാണ് തടസ്സം.
ഇതോടൊപ്പം വേണ്ട മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചെങ്കിലും അഗ്നിരക്ഷാസേനയുടെ അനുമതി കൂടി കിട്ടിയാൽ മാത്രമേ കെ–സ്മാർട്ട് വഴി കെട്ടിട
നമ്പറിന് അപേക്ഷ സമർപ്പിക്കാനാകൂ. ഇതിനുള്ള സാങ്കേതിക നടപടികൾ വൈകുകയാണ്. കെട്ടിട
നമ്പർ ലഭിക്കാത്തതിനാൽ ആശുപത്രി കെട്ടിടം ഔദ്യോഗികമായി ആരോഗ്യവകുപ്പിന് കൈമാറാനായിട്ടില്ല.
ഗൈനക് വിഭാഗവും പ്രവർത്തനരഹിതം
ഫറോക്ക് നഗരസഭ പദ്ധതിയിൽ 82 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഗൈനക്കോളജി വിഭാഗം കെട്ടിടവും പ്രവർത്തിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ ഇതുവരെ പ്രസവ ചികിത്സ തുടങ്ങിയിട്ടില്ല.
ഗൈനക് ഒപി, ലേബർ റൂം, വാർഡ്, ഓപ്പറേഷൻ തിയറ്റർ എന്നിവയെല്ലാം പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും മെഡിക്കൽ ഉപകരണങ്ങളും ജീവനക്കാരും വേണം.
വേണം കൂടുതൽ ഡോക്ടർമാർ
ഓർത്തോ വിഭാഗത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമേ ഒപി ചികിത്സയുള്ളൂ. ശനിയാഴ്ചകളിൽ ആവശ്യമെങ്കിലും ഓർത്തോ വിഭാഗത്തിൽ മൈനർ ശസ്ത്രക്രിയകൾ നടത്തും.
നേത്ര വിഭാഗത്തിൽ ഒരു മാസമായി ഡോക്ടറില്ല. ചർമ രോഗ ചികിത്സയും ഇല്ല.
ഇഎൻടി വിഭാഗത്തിലും ദിവസവും ഡോക്ടറില്ല. സൂപ്രണ്ട്, 5 അസി.സർജൻമാർ, 4 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ, 5 സ്പെഷ്യൽറ്റി ഡോക്ടർമാർ, 2 എൻഎച്ച്എം ഡോക്ടർമാർ, ദന്തരോഗം ഉൾപ്പെടെ 19 ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്.
വിദഗ്ധ ഡോക്ടർമാർക്ക് ഉൾപ്പെടെ 3 ഷിഫ്റ്റായി സേവനം ചെയ്യേണ്ടതുണ്ട്. ഇതിനാലാണ് വിദഗ്ധ ഡോക്ടർമാരുടെ ഒപി പ്രവർത്തനം പരിമിതമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

