വെനസ്വേലയുടെ എണ്ണ ഇനി യുഎസ് കമ്പനികൾ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് കമ്പനികളിൽ നിന്നുള്ള നിക്ഷേപം വെനസ്വേലയുടെ തകർന്നടിഞ്ഞ ഊർജ മേഖലയെ വീണ്ടും ഉണർവിലെത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
‘‘അമേരിക്കയിലെ വൻകിട എണ്ണക്കമ്പനികൾ ഇനി വെനസ്വേലയിലെത്തും.
ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരമാണ് വെനസ്വേലയ്ക്കുള്ളത്. യുഎസ് കമ്പനികൾ അവിടെ ശതകോടികളുടെ നിക്ഷേപം നടത്തും.
തകർത്തടിഞ്ഞ എണ്ണവിതരണ മേഖലയെ പുനഃസൃഷ്ടിക്കും’’ – ട്രംപ് പറഞ്ഞു.
വെനസ്വേലയിൽ നിന്ന് നമുക്കിന് പണം വാരാം
സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെ അംഗങ്ങളായ ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗമാണ് വെനസ്വേല. ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരത്തിനുടമയായ രാജ്യം.
303 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമാണ് (ഓയിൽ റിസർവ്) വെനസ്വേലയിലുള്ളത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 17%.
സൗദി അറേബ്യ, റഷ്യ, ഇറാൻ, കാനഡ, ഇറാഖ് തുടങ്ങിയവയെല്ലാം വെനസ്വേലയ്ക്ക് പിന്നിലാണ്.
‘‘വെനസ്വേലയിൽ നിന്ന് നമുക്കിന് പണം വാരാം’’ – എന്നും ട്രംപ് മഡുറോയെ പിടികൂടിയശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിലവിൽ ഷെവ്റോൺ എന്ന യുഎസ് കമ്പനിക്ക് വെനസ്വേലയിൽ സാന്നിധ്യമുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബറിൽ വെനസ്വേലയിൽ നിന്ന് ഷെവ്റോൺ അമേരിക്കയിലേക്ക് പ്രതിദിനം 1.40 ലക്ഷം ബാരൽ വീതം കയറ്റുമതിയും ചെയ്തിരുന്നു.
If you don’t know, now you know 🦅
ദേശസാൽക്കരിച്ച് മോഷണം
വെനസ്വേലയുടെ ഭരണം യോഗ്യതയും വിശ്വാസ്യതയുമുള്ള ഒരു നേതാവിനെ തിരഞ്ഞെടുക്കുംവരെ അമേരിക്ക നടത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. വെനസ്വേലയിൽ പണ്ടും യുഎസ് കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു.
എന്നാൽ, 1976ൽ വിദേശ കമ്പനികളെ പുറത്താക്കിയ വെനസ്വേല, എണ്ണക്കമ്പനികളെ ദേശസാൽക്കരിക്കുകയും പൊതുമേഖലയിൽ പിഡിവിഎസ്എ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു.
വെനസ്വേല നടത്തിയത് മോഷണമാണെന്നും കട്ടെടുത്ത നിക്ഷേപവും എണ്ണയും അമേരിക്കയ്ക്ക് തിരികെവേണമെന്നും ട്രംപ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. വൻ എണ്ണസമ്പത്തുണ്ടായിട്ടും സാമ്പത്തികമായി തകർന്ന രാജ്യമാണ് വെനസ്വേല.
1990ൽ പ്രതിദിനം 35 ലക്ഷം ബാരലായിരുന്നു വെനസ്വേലയുടെ എണ്ണ ഉൽപാദനം. നിലവിൽ ഇത് വെറും 8 ലക്ഷമാണ്.
അതേസമയം, യുഎസ് ഓരോ ദിവസവും 13.8 ലക്ഷം ബാരൽ ഉൽപാദിപ്പിക്കുന്നുണ്ട്.
കത്തിക്കയറാം എണ്ണവില
നിലവിൽ ലോകത്തെ എണ്ണ ഉൽപാദനത്തിന്റെ ഒരു ശതമാനത്തോളം മാത്രം വിഹിതമേ വെനസ്വേലയ്ക്കുള്ളൂ. പ്രതിദിന കയറ്റുമതി ഏതാണ്ട് 5 ലക്ഷം ബാരൽ മാത്രം.
വാരാന്ത്യ അവധിക്കുശേഷം ഇന്ന് രാത്രിയോടെയാണ് രാജ്യാന്തര എണ്ണവിപണി വീണ്ടും തുറക്കുന്നത്. വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കൂടുമെന്ന് ഏറക്കുറെ ഉറപ്പാണ്.
നിലവിൽ ബാരലിന് 60.75 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില. ഇന്ന് വിപണി തുറക്കുമ്പോൾ തന്നെ 1-2% വിലവർധന ഉണ്ടായേക്കും.
ആ എണ്ണ കടുകട്ടിയാണ്
വെനസ്വേലയ്ക്ക് വൻ എണ്ണസമ്പത്തുണ്ടെങ്കിലും ആ ക്രൂഡ് ഓയിൽ ഇനം വ്യത്യസ്തമാണ്.
കട്ടിയുള്ള അഥവാ ഹെവി ക്രൂഡ് ആണ് വെനസ്വേലയിലുള്ളത്. ഇത് സാധാരണ ക്രൂഡ് ഓയിൽ പോലെ വാങ്ങി റിഫൈനറികളിൽ ഉപയോഗിക്കാനാവില്ല.
മറ്റുചില കെമിക്കലുകളും ചേർത്താണ് ഉപയോഗിക്കേണ്ടത് എന്നതിനാൽ വെനസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് കമ്പനികളുടെ ഉൽപാദനച്ചെലവ് കൂടാനും ഇടയാക്കും. അതുകൊണ്ടുതന്നെയാണ്, വെനസ്വേലൻ എണ്ണയ്ക്ക് ലോകത്ത് വലിയ സ്വീകാര്യതയുമില്ല.
Venezuela 🇻🇪 possesses the largest proven oil reserves in the world with an estimated 303 billion barrels.
ഇതാണ്, എണ്ണസമ്പത്തുണ്ടായിട്ടും വെനസ്വേലയ്ക്ക് തിരിച്ചടിയായത്. ഇതിനെല്ലാം പുറമേ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തുക കൂടി ചെയ്തതോടെ വെനസ്വേലൻ എണ്ണക്കമ്പനികൾക്ക് പിടിച്ചുനിൽക്കാൻ പറ്റാതായി, സാമ്പത്തികമായി അവ തകർന്നു.
വരുമാനത്തിന് എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിച്ച വെനസ്വേലയും അതോടെ വെട്ടിലാവുകയായിരുന്നു.
രാജ്യത്തെ ജനങ്ങൾക്ക് സബ്സിഡി വാരിക്കോരി കൊടുത്ത് സർക്കാർ പാപ്പരായി. തൊഴിലില്ലായ്മയും വരുമാനത്തകർച്ചയും ജനങ്ങളെ വറുതിയിലാക്കി.
പണപ്പെരുപ്പം ലക്ഷം ശതമാനത്തിന് മുകളിലേക്കാണ് കുതിച്ചുകയറിയത്. കറൻസി വെറും വിലയില്ലാ കടലാസായി മാറി.
ജനങ്ങൾ ഡോളറിനും ബാർട്ടർ സമ്പ്രദായത്തിനും പിന്നാലെ പോയി.
മറ്റൊരു കണക്ക് നോക്കാം
വെനസ്വേലൻ എണ്ണസമ്പത്തിന് കണക്കാക്കുന്ന മൂല്യം 17.3 ട്രില്യൻ ഡോളറാണ്. ക്രൂഡ് വില ബാരലിന് 57 ഡോളർ വീതം കണക്കാക്കുമ്പോഴുള്ള വിലയാണിത്.
ഇനിയിപ്പോൾ വില അതിന്റെ പാതിയായാലും എണ്ണസമ്പത്തിന്റെ മൂല്യം 8.7 ട്രില്യൻ വരും. അതുപോലും അമേരിക്കയുടെയും ചൈനയുടെയും ഒഴികെ ലോകത്തെ ഏത് രാജ്യത്തിന്റെയും ജിഡിപി മൂല്യത്തേക്കാൾ കൂടുതലാണ്.
വെനസ്വേലയുടെ കൈയിലുള്ള സ്വത്തിന്റെ ആഴം ഇതിൽനിന്ന് മനസ്സിലാക്കാം.
അടുത്തത് ക്യൂബ?
വെനസ്വേലയിലെ ആക്രമണം ക്യൂബയ്ക്കുള്ള സന്ദേശമാണോ എന്ന് ഇന്നലെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെ – ‘‘ക്യൂബ ഒരു തകരുന്ന രാജ്യമാണ്. വർഷങ്ങളായി അവിടുത്തെ ജനങ്ങൾ വറുതിയിലാണ്.
അവരെ സഹായിക്കുന്ന കാര്യം ഭാവിയിൽ പരിഗണിച്ചേക്കാം’’. കഴിവുകെട്ട
ഇടതുപക്ഷ ഭരണാധികാരികൾ ക്യൂബയെ ദുരന്തത്തിലേക്ക് തള്ളിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു.
ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായും ശത്രുവായുമാണ് അമേരിക്ക കാണുന്നത്. അതുകൊണ്ടുതന്നെ, വെനസ്വേലയിൽ നടത്തിയതിനു സമാനമായ ഓപ്പറേഷൻ ക്യൂബയിലും നടത്തിയേക്കാം.
വെനസ്വേലയിലേത് ക്യൂബയ്ക്കുള്ള മുന്നറിയിപ്പാണെന്ന് യുഎസ് തന്നെ സൂചിപ്പിക്കുന്നുണ്ട്.
കൊളംബിയ സൂകഷിക്കണം!
കൊളംബിയയ്ക്കെതിരെയും ട്രംപ് മുന്നറിയിപ്പ് എയ്തിട്ടുണ്ട്. കൊളംബിയ വ്യാപകമായി കൊക്കെയ്ൻ ഉൽപാദിപ്പിച്ച് അമേരിക്കയിലേക്ക് കള്ളക്കടത്ത് നടത്തുകയാണ്.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒന്നു കരുതിയിരിക്കണമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വെനസ്വേലയിൽ ട്രംപ് നടത്തിയ ആക്രമണതീരുമാനത്തിന് എതിരെ യുഎസ് കോൺഗ്രസ് അംഗങ്ങൾതന്നെ രംഗത്തെത്തിയിട്ടുണ്ട്. ചൈനയും റഷ്യയും പ്രതികരിച്ചേക്കാം.
യുഎസ് നടത്തിയ ആക്രമണവും മഡുറോയെ പിടികൂടിയ തീരുമാനവും വെനസ്വേലയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിയേക്കാമെന്ന വാദങ്ങളും ഉയരുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

