മൂവാറ്റുപുഴ∙ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാൾ നടക്കുന്നതിനിടെ വെടിമരുന്ന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടാർ കാനം കവലയിൽ താമസിക്കുന്ന വാളകം കടാതി പൈങ്ങാരപ്പിള്ളി രവി കൃഷ്ണൻ (68) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന റാക്കാട് മരങ്ങാട്ടിൽ ജയിംസിനെ (50) ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ എട്ടരയോടെ പെരുന്നാളിനോടനുബന്ധിച്ചുള്ള കുർബാന നടക്കുമ്പോഴാണ് പള്ളിയുടെ സമീപത്തുള്ള കെട്ടിടത്തിൽ സ്ഫോടനം ഉണ്ടായത്. കുർബാനയ്ക്കിടെ ആചാരവെടി പൊട്ടിക്കുന്നതിനു കതിന തയാറാക്കുന്നതിനിടെയാണ് അപകടം.
കതിനക്കുറ്റിയിൽ വെടിമരുന്നു നിറയ്ക്കുമ്പോൾ തീപ്പൊരി ഉയർന്ന് സ്ഫോടനമുണ്ടായി എന്നാണ് പൊലീസിനു ലഭിച്ച വിവരം. നിറച്ച കതിനക്കുറ്റികൾ വേറെയും മുറിയിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഭിത്തികൾ തകർന്നു. പുറത്തേക്ക് തെറിച്ചു വീണ രവി സംഭവസ്ഥലത്തു തന്നെ മരിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ജയിംസിന് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
മൂവാറ്റുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘമാണ് തീ അണച്ചത്. രവിയുടെ സംസ്കാരം നടത്തി. അമ്മിണിയാണ് ഭാര്യ.
മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: സൗമ്യ, ശശി.സംഭവത്തിൽ പള്ളി വികാരി ഫാ.
ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഒഴിവായത് വൻ ദുരന്തം
മൂവാറ്റുപുഴ∙ കടാതിയിൽ വെടിമരുന്ന് സ്ഫോടനത്തിൽ ഒഴിവായത് വലിയ ദുരന്തം.
പെരുന്നാളിന് എത്തിയ എത്തിയ വിശ്വാസികൾ പള്ളിയുടെ ഉള്ളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ സമീപത്ത് അപ്പോൾ ആൾക്കാർ ഉണ്ടായിരുന്നില്ല.
ഇതാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പള്ളിക്കു പുറത്ത് എത്തിയപ്പോഴാണു സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന നിലയിൽ കണ്ടത്.
നാടിനെ നടുക്കിയ ശബ്ദം കേട്ട് പ്രദേശത്തുള്ളവരും പള്ളിയിലേക്ക് ഓടിയെത്തി.
പൊള്ളലേറ്റ് പുറത്തേക്കിറങ്ങി ഓടിയ ജയിംസിനെ ഉടനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. പൊള്ളലേറ്റ് മുഖം തിരിച്ചറിയാത്ത സ്ഥിതിയിലായിരുന്നു പുറത്തേക്കു തെറിച്ചു വീണ രവിയുടെ മൃതദേഹം.
പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണു സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
ശാസ്ത്രീയ അന്വേഷണ സംഘവും തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
ആഘോഷങ്ങൾ ഒഴിവാക്കി
മൂവാറ്റുപുഴ∙ അപകടത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ അധികൃതർ തീരുമാനിച്ചു. പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന ദിവസങ്ങളിലെ ആഘോഷ പരിപാടികളാണ് ഒഴിവാക്കിയത്.
അപകടത്തിൽ മരിച്ച രവിയുടെ കുടുംബത്തിന് പള്ളി കമ്മിറ്റി ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്ന് വികാരി ഫാ. ബിജു വർക്കി പറഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജയിംസിന്റെ ചികിത്സാ ചെലവുകൾ പള്ളി വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

