കോഴിക്കോട് ∙അഗ്നിശമന സംവിധാനങ്ങളില്ലാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയകൾ. സ്റ്റേഷന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി അയ്യായിരത്തിൽപരം വാഹനങ്ങളാണു പാർക്ക് ചെയ്തിരിക്കുന്നത്.
കടുത്ത വേനൽക്കാലം വരാനിരിക്കുകയാണെന്നതും പുനർ നിർമാണം നടക്കുന്നതിനാൽ സ്റ്റേഷനും പരിസരവും ആകെ അലങ്കോലപ്പെട്ടു കിടക്കുകയാണെന്നതും സ്ഥലപരിമിതിയും അപായ ഭീഷണി വർധിപ്പിക്കുന്നു.
ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്തോടു ചേർന്നുള്ള ഭാഗത്താണു കിഴക്കേ കവാടത്തിലെ പാർക്കിങ്. ഇവിടെ രണ്ടായിരത്തോളം ബൈക്കുകളും ഒട്ടേറെ കാറുകളും പാർക്ക് ചെയ്തിട്ടുണ്ട്.
സിസിടിവിയുണ്ട്. പാർക്കിങ് കരാർ ഡിസംബർ 31ന് അവസാനിച്ചതിനു ശേഷം പുതിയ കരാറുകാരെത്തിയിട്ടില്ല.
അതേസമയം, പാർക്കിങ് തുടരുന്നുമുണ്ട്. ഇവിടെ അഗ്നിശമന സംവിധാനങ്ങളൊന്നുമില്ലെന്നതു മാത്രമല്ല, കാവലിന് ആളില്ലെന്നതും അപകട
ഭീഷണി വർധിപ്പിക്കുന്നു.
പടിഞ്ഞാറെ കവാടത്തിൽ, നാലാം പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള പാർക്കിങ് ഏരിയയിൽ രണ്ടായിരത്തോളം ബൈക്കുകളാണു പാർക്ക് ചെയ്തിട്ടുള്ളത്. ഈ കവാടത്തിൽ 3 ഇടങ്ങളിലായി 500ൽപരം കാറുകളും പാർക്ക് ചെയ്തിട്ടുണ്ട്.
പടിഞ്ഞാറെ കവാടത്തിൽ പാർക്കിങ് കരാറുകാരുണ്ട്. ഓൺൈലൻ സംവിധാനത്തിലൂടെയാണു ഫീസ് ഈടാക്കുന്നത്.
സിസിടിവിയും കാവലിന് ആളുകളുമുണ്ട്. അതേസമയം, അഗ്നിശമന സംവിധാനങ്ങളൊന്നുമില്ല.
പരിശോധന നടത്തി
റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയകളിൽ ഇന്നലെ ആർപിഎഫും റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും അഗ്നിരക്ഷാ സേനയും പരിശോധന നടത്തി.
അഗ്നിശമന സംവിധാനങ്ങൾ ജീവനക്കാർക്ക് ഉപയോഗിക്കാൻ പരിശീലനം നൽകാൻ കരാറുകാർക്കു നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. സ്റ്റേഷനിലെ അഗ്നിരക്ഷാ സംവിധാനങ്ങളിൽ പ്രശ്നമില്ലെന്നും പാർക്കിങ് ഏരിയയിൽ അഗ്നിശമന സംവിധാനം വയ്ക്കേണ്ടതു കരാറുകാരുടെ ചുമതലയാണെന്നും അധികൃതർ പറയുന്നു.
അധികൃതരുടെ നിർദേശ പ്രകാരമുള്ള അഗ്നിരക്ഷാ സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്നു പടിഞ്ഞാറെ കവാടത്തിലെ പാർക്കിങ് കരാറുകാർ അറിയിച്ചു.
ട്രെയിനുകളിൽ വൻതിരക്ക്
കോഴിക്കോട് ∙ ക്രിസ്മസ്, പുതുവത്സര അവധി കഴിഞ്ഞു മടങ്ങുന്നവരുടെ തിക്കും തിരക്കും ഇന്നലെയും സ്റ്റേഷനിൽ അനുഭവപ്പെട്ടു. വൈകിട്ട് കൊച്ചിയിലേക്കുള്ള ഇന്റർസിറ്റി, ചെന്നൈ മെയിൽ ട്രെയിനുകളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്.
പുനർനിർമാണം നടക്കുന്നതിനാൽ ഒന്നാം പ്ലാറ്റ്ഫോമിൽ നിലവിൽ തീരെ സൗകര്യമില്ല. ട്രെയിനിൽ കയറാൻ ആളുകൾ തിക്കിത്തിരക്കുന്നുണ്ടായിരുന്നു.
ട്രെയിനുകളിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ജനറൽ കോച്ചുകളെല്ലാം കോഴിക്കോട്ടെത്തും മുൻപു തന്നെ നിറഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

