മാന്നാർ ∙ മുക്കം – വാലയിൽ ബണ്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിന് 3 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.പുതുവത്സരദിനത്തിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച ‘മുക്കം- വാലയിൽ ബണ്ട് റോഡ് ഒന്നാം ഘട്ട
നിർമാണം പൂർത്തിയായി’ എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി ഇന്നലെ വൈകിട്ട് മുക്കം- വാലയിൽ ബണ്ട് റോഡ് സന്ദർശിക്കുന്നതിനിടയിൽ പ്രതികരിക്കുകയായിരുന്നു . കർഷകരുടെ ഏറെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു മുക്കം – വാലേൽ ബണ്ടിന്റെ നിർമാണമെന്നും അതിന്റെ ആദ്യ ഘട്ട നിർമാണം ഈ പുതു വർഷത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സംതൃപ്തിയുണ്ടെന്നും കർഷകരും ഏറെ സന്തോഷത്തിലാണെന്നും മന്ത്രി പറഞ്ഞു.
മാന്നാർ – ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലെ നാലുതോട്ടിലെ പരുത്തിപ്പള്ളി കടവിൽ തുടങ്ങി കുരട്ടിശേരി പാടശേഖരത്തിലെ നാലുതോട്, കുടവെള്ളാരി-എ, കുടവെള്ളാരി-ബി, കണ്ടങ്കേരി, വേഴത്താർ, അരിയോടിച്ചാൽ, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ് എന്നീ പാടശേഖരങ്ങളുടെ പുറം ബണ്ടിലൂടെ 5.5 കിലോമീറ്റർ ദൂരം കടന്ന് മാന്നാർ വള്ളക്കാലിക്കു തെക്കു വാലേൽ ഭാഗത്ത് അവസാനിക്കുന്നതാണ് പദ്ധതി. നബാർഡിൽ നിന്നും അനുവദിച്ച 5 കോടി രൂപ ചിലവഴിച്ച് 1600 മീറ്റർ വരുന്ന മാന്നാർ പടിഞ്ഞാറ് വട്ടപ്പണ്ടാരി കലുങ്ക് വരെയുള്ള ആദ്യ ഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു.
അശാസ്ത്രീയമെന്ന് കോൺഗ്രസ്
മാന്നാർ ∙ കാർഷിക മേഖലയുടെ വികസനത്തിനായി നിർമിക്കുന്ന മുക്കം-വാലയിൽ ബണ്ടു റോഡിന്റെ നിർമാണം അശാസ്ത്രീയമാണെന്നു കോൺഗ്രസ് ജനപ്രതിനിധികൾ ആരോപിച്ചു. ഇതിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, ഹസീന സലാം, പഞ്ചായത്തംഗം തോമസ് ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ എന്നിവർ പറഞ്ഞു.ക്രമക്കേടിനെതിരെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പാടശേഖര സമിതി പ്രസിഡന്റുമായ ഹരി കിം കോട്ടേജ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

