എണ്ണ ഇറക്കുമതിയിൽ യുഎസ് ഉപരോധം മറികടക്കാൻ പുതിയ നീക്കവുമായി ഇന്ത്യൻ കമ്പനികൾ. ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന വമ്പൻ കമ്പനികളായ റോസ്നെഫ്റ്റ്, ലുക്ഓയിൽ എന്നിവയ്ക്ക് ഒക്ടോബർ 22നാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
നവംബർ 21ന് മുമ്പ് ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും ഇവർക്ക് നിർദേശം ലഭിച്ചു. ഇതോടെ ഡിസംബറിലെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ ഇടിഞ്ഞു.
ഡിസംബറിൽ വലിയ കുറവ്
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ഈ മാസമെത്തിയത്.
നവംബറില്‍ പ്രതിദിനം 18 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തെങ്കിൽ ഡിസംബറിലിത് 12 ലക്ഷം ബാരലിലേക്ക് കൂപ്പുകുത്തി. കുറച്ച് കാലമായി ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് റഷ്യ.
2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതോടെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ റഷ്യൻ കമ്പനികൾക്ക് മേല്‍ ഉപരോധം ഏർപ്പെടുത്തിയതാണ് ഇതിലേക്ക് നയിച്ചത്. എന്നാൽ ഇറാനിലെയും വെനസ്വേലയിലെയും പോലെ പൂർണമായ നിയന്ത്രണമല്ല റഷ്യക്ക് മേലുള്ളത്.
പകരം ചില കമ്പനികൾക്ക് മാത്രമാണ് ഉപരോധം. വ്യാപാര വഴി അടഞ്ഞതോടെ ഇന്ത്യ അടക്കമുളള രാജ്യങ്ങൾക്ക് റഷ്യ ഡിസ്ക്കൗണ്ട് നിരക്കിൽ ക്രൂഡ് ഓയില്‍ നല്കി.
അവസരം മുതലെടുത്ത ഇന്ത്യൻ എണ്ണക്കമ്പനികൾ വലിയ തോതില്‍ ഇറക്കുമതി ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവയ്ക്ക് വഴിവയ്ക്കാനുള്ള ഒരു കാരണം കൂടിയായിരുന്നു ഇത്.
പിന്നാലെയാണ് ഇന്ത്യൻ കമ്പനികൾ കളം മാറ്റിയത്.
ഉപരോധം ബാധകമല്ലാത്ത കമ്പനികളും ഇടനിലക്കാരും വഴി ഇറക്കുമതി വേഗത്തിലാക്കാനാണ് ഇനിയുള്ള നീക്കം. റെഡ്വുഡ് ഗ്ലോബൽ സപ്ലൈ, അൽഗാഫ് മറൈൻ, റസ്എക്സ്പോർട്, ഇതോസ് എനര്‍ജി തുടങ്ങിയ ഇടനിലക്കാരാണ് പുതുതായി എത്തിയത്.
ഇതിൽ പല കമ്പനികളുടെയും വിവരങ്ങൾ പൊതുസമൂഹത്തിന് അജ്ഞാതമാണ്. പുതിയ ഇടനിലക്കാർ എത്തിയതോടെ റഷ്യൻ എണ്ണയിറക്കുമതി വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തൽ.
എണ്ണ വാങ്ങാൻ പുതുവഴികൾ
പരമ്പരാഗതമായി അറബ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് പുതുവഴിക്കാണ്.
ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ വില അനുസരിച്ച് വിവിധ വിപണികളിൽ നിന്നാണ് ഇപ്പോഴത്തെ വാങ്ങൽ. റഷ്യൻ എണ്ണവാങ്ങൽ ഇതിന് ഉദാഹരണമാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണയിറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ കേവലം ഒരു ശതമാനം മാത്രമായിരുന്നു റഷ്യയിൽ നിന്നുള്ളത്. പിന്നീടിത് 40 ശതമാനത്തോളം എത്തിയിരുന്നു.
ക്രൂഡ് ഓയില്‍ വിലയിൽ ഇടിവ്
അതേസമയം, രാജ്യാന്തര തലത്തിൽ ഇന്ന് ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
വിപണിയിൽ ആവശ്യത്തിലധികം ക്രൂഡ് ഓയിൽ ലഭ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പ്രധാന കാരണം. 2025ന്റെ തുടക്കത്തില്‍ മികച്ച വിലയിലാണ് ക്രൂഡ് ഓയിൽ വ്യാപാരം തുടങ്ങിയത്.
റഷ്യൻ എണ്ണക്ക് മേൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉപരോധം ഏർപ്പെടുത്തിയതാണ് വില കൂടാൻ ഇടയാക്കിയത്. റഷ്യ–യുക്രെയ്ൻ, ഇറാൻ– ഇസ്രയേൽ യുദ്ധവും എണ്ണ വിതരണത്തെ തടസപ്പെടുത്തി. ഒപെക് രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള തർക്കം, വെനസ്വേലൻ ഉപരോധം, ഇറാനെ വീണ്ടും ആക്രമിക്കുമെന്ന യുഎസ് ഭീഷണി എന്നിവ വീണ്ടും വില വർധിപ്പിച്ചു.
എന്നാല്‍ വർഷാവസാനം വില ഇടിയുകയായിരുന്നു. 2026ൽ വില കുറഞ്ഞേക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

