കണ്ണൂർ ∙ ആദ്യ രണ്ട് പെഗ്ഗിൽ അളവ് 60 മില്ലി ലീറ്റർ. മദ്യം തലയ്ക്കു പിടിച്ചെന്നു കണ്ടാൽ അളവ് 48 മില്ലി ലീറ്റർ.
പഴയങ്ങാടി പ്രതീക്ഷാ ബാറിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഈ കൃത്രിമം കണ്ടെത്തിയത്. ബാറുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലാണ് ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ 4 ബാറുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. പഴയങ്ങാടി ബാറിൽ അളവിൽ കൃത്രിമം നടക്കുന്നതായി മുൻപേ പരാതിയുണ്ടായിരുന്നു. മദ്യപിക്കാൻ എത്തുന്നവർക്ക് ആദ്യത്തെ 2 പെഗ്ഗിൽ മാത്രമേ കൃത്യം അളവിൽ നൽകാറുള്ളൂ.
പിന്നീട് അളവു കുറയ്ക്കും. 60 മില്ലി ലീറ്ററിനു പകരം 48, 30 മില്ലി ലീറ്ററിനു പകരം 24 എന്നിങ്ങനെ നൽകുന്ന അളവുപാത്രവും ഇവിടെനിന്നു പിടിച്ചെടുത്തു.
ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഈ ബാറിന് 25,000 രൂപ പിഴയീടാക്കി.
ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും മദ്യക്കുപ്പിക്കു പുറത്തുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു പരിശോധിച്ചതിലും വ്യത്യാസം കണ്ടെത്തി. കൊല്ലത്തേക്ക് അനുവദിച്ച മദ്യമാണ് കണ്ണൂരിലെത്തിയത്.
വിസ്കിക്കു പകരം ബ്രാൻഡിയാണ് ചില കുപ്പികളിൽ. എന്നാൽ ഇത് ക്യു ആർ കോഡുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് വിജിലൻസ് പറയുന്നത്.
ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. പയ്യന്നൂരിൽ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർമാരായ സജീവ് തളിപ്പറമ്പിലും സുനിൽകുമാർ പഴയങ്ങാടിയിലും വിനോദ് ചന്ദ്രൻ ഇരിട്ടിയിലും പരിശോധനയ്ക്കു നേതൃത്വം നൽകി. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തുടനീളം റെയ്ഡ് നടന്നു. ജില്ലകളിൽനിന്നുള്ള വിശദറിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച വിവരങ്ങൾ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ വാട്സാപ്പിൽ അറിയിക്കാം.
9447582440 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

