ഇരിട്ടി ∙ ഹൈടെക് റോഡായി മാറിയിട്ടും സംസ്ഥാനാന്തര പാതയിൽ അപകടം തുടർച്ചയാകുന്നതിന്റെ ആശങ്കയിൽ പ്രദേശവാസികൾ. അമിതവേഗവും അശ്രദ്ധയുമാണ് റോഡപകടങ്ങൾ വർധിക്കാൻ കാരണം. ലോക ബാങ്ക് സഹായത്തോടെ കെഎസ്ടിപി പദ്ധതിയിൽ തലശ്ശേരി–വളവുപാറ റോഡ് 5.5 മീറ്റർ വീതിയിൽനിന്ന് 10 മീറ്റർ ടാറിങ് വീതിയിലേക്കു നവീകരിച്ചതിനൊപ്പം നഗര മേഖലകളിൽ ഉള്ള അത്രയും വീതിയിൽ ടാറിങ്ങും ഇന്റർലോക്ക് വിരിക്കലും നടത്തിയിരുന്നു.
ഇരിട്ടി നഗരത്തിൽ 100 അടി വരെ വീതിയിൽ റോഡ് നവീകരിച്ചതാണ്.
പഴയ ഇടുങ്ങിയ സ്ഥിതിയിൽ നിന്നു നവീകരണം നടത്തിയിട്ടും നഗരമേഖലയിൽ അടക്കം റോഡിൽ അപകടങ്ങൾക്കു കുറവില്ല. ഈ മാസം മാത്രം മേഖലയിൽ 2 പേരാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ കീഴൂരിൽ കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കിളിയന്തറയിലെ വെള്ളോപ്പള്ളിൽ ബെന്നിയാണ് മരിച്ചത്. കീഴൂരിൽ കൈരാതി കിരാത ക്ഷേത്രത്തിന് എതിർവശം ഇന്നലെ രാവിലെ 9.30 നാണ് കാർ അപകടത്തിൽപെട്ടത്.2 ദിവസം മുൻപ് വള്ളിത്തോട് സെന്റ് ജൂഡ് പാലത്തിനു സമീപം ഓട്ടോറിക്ഷ ഇടിച്ചു ഗുരുതരമായി പരുക്കേറ്റു മുണ്ടയാംപറമ്പ് സ്വദേശിനി അമ്മിണി വെള്ളാപ്പള്ളികുന്നേൽ (70) മരിച്ചിരുന്നു.
3 ദിവസം മുൻപ് ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലാണ്.
ഒരാഴ്ച മുൻപ് കല്ലുമുട്ടിയിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ തൂണുകളുടെ മുകളിലേക്ക് പാഞ്ഞുകയറി അപകടത്തിൽപെട്ടിരുന്നു.സംസ്ഥാനാന്തര പാതയിൽ മട്ടന്നൂർ – കൂട്ടുപുഴ റൂട്ടിൽ മാത്രം റോഡ് നവീകരിച്ച ശേഷം 30 പേർക്ക് വിവിധ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞെന്നാണു കണക്ക്. സംസ്ഥാനാന്തര പാതയിൽ സേഫ്റ്റി കോറിഡോർ പദ്ധതി നടപ്പാക്കണമെന്നും റോഡ് സുരക്ഷാ വിദഗ്ധർ പരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ സ്ഥിരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

