സ്വർണവില റെക്കോർഡ് കൈവിട്ട് താഴേക്ക്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇന്ന് ഗ്രാമിന് വില 65 രൂപ കുറച്ച് 12,990 രൂപയാക്കി.
520 രൂപ കുറഞ്ഞ് 1,03,920 രൂപയാണ് പവൻ വില.
ശനിയാഴ്ച വൈകിട്ട് ഈ അസോസിയേഷനു കീഴിലെ ജ്വല്ലറികളിൽ മാത്രം വില ഗ്രാമിന് 110 രൂപ ഉയർന്ന് 13,055 രൂപയും പവന് 880 രൂപ വർധിച്ച് 1,04,440 രൂപയുമെന്ന സർവകാല ഉയരത്തിൽ എത്തിയിരുന്നു. മറ്റ് ജ്വല്ലറികൾ വില കൂട്ടിയിരുന്നില്ല.
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) എന്ന സംഘടന ശനിയാഴ്ച രാവിലെ നിശ്ചയിച്ച വിലതന്നെ ഇന്നും നിലനിർത്തി.
ഇവരുടെ നിർണയപ്രകാരം ഇന്ന് ഗ്രാം വില 12,945 രൂപയും പവൻ വില 1,03,560 രൂപയുമാണ്. അതായത്, ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ സ്വർണത്തിന് പലവിലയാണ്.
ഒരു കടയിൽ ഈടാക്കുന്ന വിലയാകണമെന്നില്ല, തൊട്ടടുത്ത കടയിൽ ഈടാക്കുന്നത്. 18 കാരറ്റ് സ്വർണം, വെള്ളി വിലകളിലും ഈ വ്യത്യാസമുണ്ട്.
എകെജിഎസ്എംഎയുടെ റിപ്പോർട്ടുപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 55 രൂപ താഴ്ന്ന് 10,775 രൂപയും വെള്ളിക്ക് ഗ്രാമിന് 5 രൂപ ഉയർന്ന് 265 രൂപയുമാണ്.
കെജിഎസ്എംഎ ശനിയാഴ്ചയിലെ വില തന്നെ നിലനിർത്തി. 18 കാരറ്റ് സ്വർണത്തിന് 10,640 രൂപ.
വെള്ളിക്ക് 260 രൂപ.
എന്തുകൊണ്ട് വില കുറച്ചു?
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന രാജ്യാന്തരവില റെക്കോർഡ് കൈവിട്ട് താഴ്ന്നിറങ്ങി. ഇതു കേരളത്തിലെ വിലയും താഴാനിടയാക്കി.
നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതാണ് വിലയിടിവിന് പ്രധാന കാരണം. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയനിരക്ക് മെച്ചപ്പെട്ടതും വില ഇടിയാൻ ഇടയാക്കി.
ഡോളർ ശക്തിപ്പെടുന്നതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിക്കും.
എന്നാൽ, വില കൂടുതൽ ഇടിയാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കൻ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ സ്വർണത്തെ ഇനിയും മുന്നോട്ടു നയിക്കും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവില്ലാത്തതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കൂട്ടും. നിലവിൽ ഔൺസിന് 4,512 ഡോളറിലാണ് സ്വർണ വ്യാപാരം.
ആഭരണം വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ 1,17,800 രൂപയെങ്കിലും വേണ്ടി വരും.
സ്വർണവിലയ്ക്കൊപ്പം പണിക്കൂലിയും നികുതിയും ഹോൾമാർക്കിംഗ് ചാർജും നൽകേണ്ടി വരും. സ്വർണത്തിന് മൂന്ന് മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി.
മൂന്ന് ശതമാനം ജിഎസ്ടിയുണ്ട്. ഹോൾമാർക്കിംഗ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

