വെമ്പായം
|8 സീറ്റ് വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യനിലയിലുള്ള വെമ്പായം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് വോട്ട് അസാധുവായതോടെ ഭരണം എൽഡിഎഫിനു കിട്ടി. 7ന് എതിരെ 8 വോട്ടുകൾ നേടി എൽഡിഎഫിലെ അമിത ബാബു (23) പ്രസിഡന്റ് ആയി.
നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ എം.രാഹുൽ വൈസ് പ്രസിഡന്റുമായി.യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും മുതിർന്ന നേതാവുമായ കണക്കോട് ഭുവനചന്ദ്രന്റെ വോട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അസാധുവായത്. തെറ്റില്ലാതെ വോട്ട് ചെയ്യാൻ രാവിലെ അംഗങ്ങൾക്കു പരിശീലനം നൽകിയത് ഇദ്ദേഹമായിരുന്നു.
എന്നാൽ ഭുവനചന്ദ്രന്റെ ബാലറ്റ് പേപ്പറിന്റെ പുറകിൽ പേരെഴുതി ഒപ്പിട്ടിരുന്നില്ല.
23 അംഗ പഞ്ചായത്തിൽ എൻഡിഎയിലെ 5 പേർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. എസ്എഡിപിഐയുടെ 2 അംഗങ്ങളും വോട്ട് ചെയ്തില്ല.
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആണ് വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് അമിത ബാബു. ചാത്തൻപാട് വാർഡ് അംഗമാണ്.
വിമൻസ് കോളജിൽ രണ്ടാം വർഷ പിജി വിദ്യാർഥിയും കോളജ് യൂണിയൻ ചെയർപഴ്സനുമാണ്. റദ്ദാക്കിയതു കാരണം സ്ഥാനമേൽക്കാനായില്ല.
കുന്നത്തുകാൽ
കുന്നത്തുകാൽ പഞ്ചായത്തിൽ കോൺഗ്രസ് നിശ്ചയിച്ച സ്ഥാനാർഥിക്കു പകരം മത്സരിച്ചത് മറ്റൊരാൾ. നറുക്കെടുപ്പിൽ കോൺഗ്രസിനു ഭരണം നഷ്ടമായി.
യുഡിഎഫിനും എൽഡിഎഫിനും 10 വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിലെ തത്തലം രാജുവും ജി.അനിൽ കുമാറും പ്രസിഡന്റ് ആകാൻ താൽപര്യം അറിയിച്ചു. ഡിസിസി നിയോഗിച്ച സമിതി ജി.അനിൽ കുമാറിനെയാണ് നിർദേശിച്ചത്.
വിപ് ലംഘിച്ച് അനിൽ കുമാർ ഉൾപ്പെടെ യുഡിഎഫ് അംഗങ്ങളെല്ലാം തത്തലം രാജുവിന് വോട്ട് ചെയ്തു.
എൽഡിഎഫ് സ്ഥാനാർഥി എച്ച്.എസ്.അരുണിനും 10 വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പായി. ഭാഗ്യം അരുണിനൊപ്പം നിന്നതോടെ ഭരണം യുഡിഎഫിനു നഷ്ടമായി.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എൽഡിഎഫ് ആണ് ജയിച്ചത്– സിപിഐ അംഗം പി.എസ്.നിഷ വൈസ് പ്രസിഡന്റായി.
പാങ്ങോട്
എസ്ഡിപിഐ പിന്തുണ നിഷേധിച്ച് യുഡിഎഫിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ചതോടെ പാങ്ങോട് പഞ്ചായത്തിൽ ഭരണ അനിശ്ചിതത്വം തുടരും. വിജയിച്ചെങ്കിലും വർഗീയ കക്ഷികളുമായി ചേർന്ന് ഭരണം വേണ്ടെന്ന കോൺഗ്രസ് നിർദേശത്തെ തുടർന്നാണ് രാജി.
എൽഡിഎഫ് –7, യുഡിഎഫ് –6, എസ്ഡിപിഐ–3,എൻഡിഎ– 2, വെൽഫെയർ–1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ, വെൽഫെയർ പാർട്ടി അംഗങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തു.
10 വോട്ട് ലഭിച്ച യുഡിഎഫിലെ എസ്.ഗീത വിജയിച്ച് ചുമതലയേറ്റു.
ഇതോടെ എൽഡിഎഫ് പ്രതിഷേധിച്ചു. കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിഷേധവുമായെത്തി.
ഇതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗീത രാജിവച്ചു. ഇതേരംഗം ആവർത്തിച്ചതോടെ തിരഞ്ഞെടുത്തതിനു പിന്നാലെ യുഡിഎഫിലെ പി.ലളിതകുമാരി വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവച്ചു.
നാവായിക്കുളം
നാടകീയതയ്ക്കൊടുവിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതർ അധികാരത്തിൽ.
കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെയാണ് ഇവർ എൽഡിഎഫ് പിന്തുണയിൽ ജയിച്ചത്. യുഡിഎഫ്–12, എൽഡിഎഫ്–6, ബിജെപി–6 എന്നിങ്ങനെയാണ് കക്ഷിനില.
യുഡിഎഫിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. കുടവൂർ നിസാം, എ.ജെ.ജിഹാദ് എന്നിവരുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്.
രണ്ടര വർഷം വീതം സ്ഥാനം പങ്കിടാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയിൽ ആദ്യം ആരാകുമെന്നതായി തർക്കം.ജിഹാദിനെ ആദ്യമാക്കാൻ തീരുമാനിച്ചതോടെ ഒരു വിഭാഗം അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ ആസിഫ് കടയിലിനെ സ്ഥാനാർഥിയാക്കി.
എൽഡിഎഫ് ആസിഫിനെ പിന്തുണച്ചതോടെ വിമതരായ 4 പേരുടെ കൂടെ പിന്തുണയിൽ ആസിഫ് ജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റീന ഫസലിനെയും ഇതേ രീതിയിൽ തിരഞ്ഞെടുത്തു.
കാരോട്
ജയിച്ച മുന്നണികളെ സാക്ഷിയാക്കി കാരോട് പഞ്ചായത്തിൽ സ്വതന്ത്രൻ ബി.എസ്.രമേഷ് പ്രസിഡന്റായി.
പട്ടികജാതി സംവരണമായ സ്ഥാനത്തേക്ക് മത്സരിക്കാൻ മുന്നണികൾക്ക് അംഗമില്ലാത്തതിനാലാണ് രമേഷ് ചുമതലയേറ്റത്. 9 സീറ്റ് നേടി ഒറ്റകക്ഷിയായ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ തോൽപിച്ചാണ് രമേഷ് അംഗമായത്.
ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് നേടി.
വിളവൂർക്കൽ
മുന്നണികൾക്കു ഭൂരിപക്ഷമില്ലാത്ത വിളവൂർക്കൽ പഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നേടി. കോൺഗ്രസിന്റെ എസ്.വിനയൻ പ്രസിഡന്റും വി.അശ്വതി വൈസ് പ്രസിഡന്റുമായി. കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും 6 വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ 2 സ്വതന്ത്രരാണ് ഭരണം നിശ്ചയിച്ചത്.
പ്രസിഡന്റ് , വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2 സ്വതന്ത്രരും യുഡിഎഫിനൊപ്പം നിന്നതോടെ 8 വോട്ടുകൾ വീതം നേടി.
പുല്ലമ്പാറ
സിപിഎം സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിച്ച ബി.ശ്രീകണ്ഠൻ നായർ വീണ്ടും പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുകൾ ലഭിച്ച സാഹചര്യത്തിൽ ശ്രീകണ്ഠൻ നായരുടെ പിന്തുണയോടെ കോൺഗ്രസ് ഭരണത്തിലേറി.
കോൺഗ്രസിലെ എസ്.ജയകുമാരി 8 വോട്ട് നേടി പ്രസിഡന്റ് ആയപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീകണ്ഠൻ നായർക്ക് യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു. ശ്രീകണ്ഠൻ നായർ പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് ആണ്.
മംഗലപുരം
മൂന്നു മുന്നണികളും 7 വീതം സീറ്റുകൾ നേടിയ മംഗലപുരം പഞ്ചായത്തിൽ സ്വതന്ത്രനായി വിജയിച്ച കോൺഗ്രസ് വിമതനെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരണം നിലനിർത്തി.
എസ്.ശ്രീചന്ദ് ആണ് എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആയത്. സിപിഎമ്മിലെ എസ്.കവിതയാണ് വൈസ് പ്രസിഡന്റ്.യുഡിഎഫിന്റെ പിന്തുണയിൽ പ്രസിഡന്റ് ആകാനായിരുന്നു ശ്രീചന്ദിന് താൽപര്യം.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാരണം ഇതു നടന്നില്ല.
അണ്ടൂർക്കോണം
ബിഎസ്പി അംഗത്തെ ഒപ്പംകൂട്ടി യുഡിഎഫ് ഭരണം പിടിച്ചു. കോൺഗ്രസിലെ അർച്ചന പ്രസിഡന്റും ബിഎസ്പിലെ ബിപിൻ പള്ളിപ്പുറം വൈസ്പ്രസിഡന്റുമായി.
8 അംഗങ്ങളുള്ള യുഡിഎഫിന് ഒറ്റയ്ക്കു ഭരിക്കായിരുന്നെങ്കിലും 7 അംഗങ്ങളുള്ള സിപിഎമ്മിനെ ബിഎസ്പി പിന്തുണച്ചിരുന്നെങ്കിൽ നറുക്കിലേക്കു നീങ്ങുമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ബിഎസ്പിയെ ഒപ്പം കൂട്ടിയത്.
വെങ്ങാനൂർ
പ്രസിഡന്റ് , വൈസ് പ്രസിഡന്റ് പദവികൾക്കു നറുക്കെടുപ്പ് വേണ്ടി വന്ന വെങ്ങാനൂർ പഞ്ചായത്തിൽ സിപിഎം അംഗം എസ്.ശാലിനി പ്രസിഡന്റ് ആയി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സിപിഎം വിമത അംഗം എം.വർഗീസിനെ സ്ഥാനാർഥിയാക്കി. വോട്ടു തുല്യത വന്നപ്പോൾ ലഭിച്ച നറുക്കെടുപ്പ് വിജയം വർഗീസിന് അനുകൂലമായി.
8 അംഗങ്ങളുള്ള എൽഡിഎഫിനാണ് ഭൂരിപക്ഷം. 7 അംഗങ്ങളുള്ള യുഡിഎഫിന് സിപിഎം വിമതനായി വിജയിച്ച സ്വതന്ത്ര അംഗം പിന്തുണ അറിയിച്ചതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്.
കല്ലിയൂർ
വൻ അട്ടിമറി നടന്ന കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിൽ 10 അംഗങ്ങളുള്ള ബിജെപിയെ ഞെട്ടിച്ച് ഇടതുപിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി എസ്.ഷൈലജ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി.
കേരള കോൺഗ്രസ് ജോസഫ് സ്ഥാനാർഥി കാക്കാമൂല ബിജു 8 എൽഡിഎഫ് അംഗങ്ങളുടെയും 3 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെ വൈസ് പ്രസിഡന്റുമായി.
24 അംഗ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയായ എസ്.ഷൈലജയ്ക്ക് 8 അംഗങ്ങളുള്ള എൽഡിഎഫിന്റെയും പഞ്ചായത്തിലെ കേരള കോൺഗ്രസ് ജോസഫ് അംഗമായ കാക്കാമൂല ബിജുവിന്റെയും പിന്തുണ ലഭിച്ചു.ഇതോടെ ഇരു കൂട്ടർക്കും 10 വോട്ടുകൾ വീതം ലഭിച്ചു. നറുക്കിട്ടപ്പോൾ ഷൈലജ വിജയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഘടകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗമായ കാക്കാമൂല ബിജുവിനെ എട്ട് എൽഡിഎഫ് അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും പിന്തുണച്ചു.
ഒരു യുഡിഎഫ് അംഗം വോട്ട് ചെയ്തില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

