ബത്തേരി ∙ നഗസഭയുടെ കടിഞ്ഞാൺ 13 വർഷത്തിനു ശേഷം വീണ്ടും മുസ്ലിം ലീഗിന്. നഗരസഭയിലെ 23 വാർഡ് സീക്കുന്നിൽ നിന്ന് വിജയിച്ച വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റസീന അബ്ദുൽ ഖാദർ ബത്തേരിയുടെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ 10നു നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആകെയുള്ള 36 വോട്ടിൽ 21 വോട്ട് റസീനക്കു ലഭിച്ചു. എതിരെ മത്സരിച്ച സിപിഎമ്മിലെ പി.എസ്.
ലിഷയ്ക്കു 14 വോട്ടുകൾ കിട്ടി. ബിജെപി അംഗം ജെ.പി.
ജയേഷ് വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
മുസ്ലിം ലീഗ് വിമതനായി ജയിച്ച നൗഷാദ് മംഗലശേരി യുഡിഎഫിന് വോട്ടു ചെയ്തു. നഗരസഭ 16ാം വാർഡ് ചെറൂർകുന്നിൽ നിന്നു വിജയിച്ച കോൺഗ്രസിലെ എം.ജി.
ഇന്ദ്രജിത്താണ് വൈസ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എം.ജി. ഇന്ദ്രജിത്തിനും 21 വോട്ടു ലഭിച്ചു.
സിപിഎമ്മിലെ കെ.സി. യോഹന്നാന് 14 വോട്ടുകൾ ലഭിച്ചു.
ഇവിടെയും ബിജെപി അംഗം വിട്ടു നിന്നു. നൗഷാദ് മംഗലശേരി യുഡിഎഫിന് വോട്ടു ചെയ്തു.
മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ്കുമാറായിരുന്നു മുഖ്യ വരണാധികാരി.
റസീന അബ്ദുൽ ഖാദറിന് സുരേഷ്കുമാറും എം.ജി. ഇന്ദ്രജിത്തിന് നഗരസഭാധ്യക്ഷയും സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ 10നു തുടങ്ങിയ നടപടിക്രമങ്ങൾ പന്ത്രണ്ടേകാലോടെ സമാപിച്ചു.
കന്നി അങ്കത്തിൽ മിന്നും നേട്ടവുമായി റസീന
ബത്തേരി ∙ രണ്ടു പതിറ്റാണ്ടായി പാർട്ടിയുടെ തലപ്പത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇറങ്ങിയ ആദ്യ തവണ തന്നെ ബത്തേരിയുടെ നഗരമാതാവായി സ്ഥാനമേറ്റ് റസീന അബ്ദുൽ ഖാദർ. ബത്തേരി ശാന്തിനഗർ ഹൗസിങ് കോളനിയിൽ ഡോ.
എ.പി. അബ്ദുൽ ഖാദറിന്റെ ഭാര്യയായ ഇവർ കഴിഞ്ഞ 20 വർഷത്തിലധികമായി വനിതാലീഗിന്റെ നേതൃ സ്ഥാനത്തുണ്ട്.
2003 മുതൽ 2012 വരെ വനിത ലീഗ് ജില്ല പ്രസിഡന്റായിരുന്ന റസീന കഴിഞ്ഞ 13 വർഷമായി വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ബത്തേരിയിൽ പുതുതായി രൂപം കൊണ്ട സീക്കുന്ന് വാർഡിൽ മത്സരിച്ചായിരുന്നു തിരഞ്ഞെടുപ്പിലേക്കുള്ള കന്നിപ്രവേശം.
പുതിയ വാർഡിൽ നിന്നുള്ള വിജയം പുതിയ സ്ഥാനലബ്ധിക്കും അർഹമാക്കി. സീക്കുന്നിൽ എൽഡിഎഫിലെ എം.വി.
റുബീനയെ 123 വോട്ടിനാണ് റസീന പരാജയപ്പെടുത്തിയത്.
ജില്ല കോ– ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ബോർഡ് അംഗം, പൂക്കോയ തങ്ങൾ ഹോസ്പിസ് പെയിൻ ആൻഡ് പാലിയേറ്റീവ് ബത്തേരി മണ്ഡലം ട്രഷറർ, ശാന്തി നഗർ ഹൗസിങ് കോളനി വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. എല്ലാവരെയും ചേർത്തു പിടിച്ചു മികച്ച ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം അവർ പറഞ്ഞു.
ഡോ. നസ്രീൻ.എ.ഖാദർ, റോ.റെസ്ലിൻ എ.ഖാദർ, ഡോ.മുഹമ്മദ് നഫ്രാസ് എന്നിവരാണു മക്കൾ.
ആഹ്ലാദത്തിൽ മുസ്ലിം ലീഗ്; അമർഷത്തിൽ കോൺഗ്രസ്
ബത്തേരി ∙ 10 വർഷങ്ങൾക്കു ശേഷം ബത്തേരിയുടെ ഭരണം തിരികെ ലഭിച്ചപ്പോൾ ആഹ്ലാദത്തിലും അമർഷത്തിലുമാണ് മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും പ്രവർത്തകർ.
അധ്യക്ഷ പദം തങ്ങളിലേക്കെത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലീഗ് പ്രവർത്തകർ രാവിലെ മുതൽ തന്നെ നഗരസഭ അങ്കണത്തിലേക്കെത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ ആ തിളക്കം കണ്ടില്ല.
ഭരണത്തിലെ ആദ്യ ടേം തങ്ങൾക്കു വേണമെന്ന് കോൺഗ്രസും ലീഗും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിൽ നിന്നെത്തിയ തീരുമാനമായിരുന്നു ആദ്യ ടേം ലീഗിനു നൽകുക എന്നത്. അതോടെ കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗം റസീന അബ്ദുൽ ഖാദറെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു.
ലീഗിലും അതിനെതിരെ അപശബ്ദങ്ങളുയർന്നെങ്കിലും പാർട്ടിയുടെ അച്ചടക്കത്തിനു മുൻപിൽ ആരും അനങ്ങിയില്ല. കോൺഗ്രസിനാണ് ആദ്യ ടേം എങ്കിൽ രാധാ രവീന്ദ്രനായിരുന്നു സാധ്യത.
പാർട്ടി നേതൃത്വം ഇക്കാര്യം അവരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
സ്ഥാനം ലഭിക്കാതെ വന്നതിൽ കോൺഗ്രസിൽ പലർക്കും നീരസമുണ്ട്. എന്നാൽ രണ്ടര വർഷം കഴിഞ്ഞാൽ അടുത്ത രണ്ടര വർഷം രാധ രവീന്ദ്രന് നൽകാമെന്നു രേഖാമൂലം ഉറപ്പു നൽകിയതായാണ് അറിയുന്നത്.
അധ്യക്ഷ സ്ഥാനം പ്രതീക്ഷിച്ചിരുന്ന മുസ്ലിം ലീഗിലെ ചില വനിതാ നേതാക്കളിലും അമർഷം പുകഞ്ഞെന്നാണു വിവരം. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും ചില കുറിപ്പുകൾ പ്രചരിപ്പിക്കപ്പെട്ടു.
13 വർഷത്തെ ഗ്യാപ്പിൽ ലീഗ്
ബത്തേരി ∙ നഗസഭയുടെ തലപ്പത്തേക്ക് 13 വർഷത്തെ ഇടവേളയിലാണ് വീണ്ടും മുസ്ലിം ലീഗ് എത്തുന്നത്.
ബത്തേരി പഞ്ചായത്തായിരിക്കെ 2010 മുതൽ രണ്ടര വർഷം മുസ്ലിം ലീഗിലെ പി.പി. അയൂബായിരുന്നു പ്രസിഡന്റ്.
പിന്നീട് അതേ ടേമിൽ 2015 വരെ കോൺഗ്രസിലെ ഒ.എം. ജോർജ് പ്രസിഡന്റായി.
തുടർന്ന് 2015 മുതൽ 25 വരെ എൽഡിഎഫിനായിരുന്നു ഭരണം.
2010നു മുൻപ് ഡിഐസി യുഡിഎഫ് വിട്ട 2005ൽ സിപിഎമ്മിലെ സി.കെ.
സഹദേവനും തുടർന്ന് ഡിഐസി യുഡിഎഫിലേക്കു വന്നപ്പോൾ രാധ രവീന്ദ്രനും ബാബു പഴുപ്പത്തൂരും ഒ.എം ജോർജും പ്രസിഡന്റായി. അതിനു മുൻപ് 5 വർഷം ലീഗിലെ നബീസ അഹമ്മദു കോയയും മൂന്നു പതിറ്റാണ്ടോളം ലീഗിലെ പി.സി.
അഹമ്മദുമായിരുന്നു പ്രസിഡന്റ്.
നഗരസഭ രൂപീകരിച്ച ശേഷം സിപിഎമ്മിലെ സി.കെ. സഹദേവനായിരുന്നു പ്രഥമ അധ്യക്ഷൻ.
തുടർന്ന് എൽഡിഎഫ് ഭരണത്തിൽ ടി.എൽ. സാബു, ടി.കെ.
രമേശ് എന്നിവർ അധ്യക്ഷരായി. ഇപ്പോൾ ആദ്യത്തെ രണ്ടര വർഷത്തിനു ശേഷം കോൺഗ്രസിന് അധ്യക്ഷ സ്ഥാനം കൈമാറുമെന്നാണു ധാരണ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

