ശബരിമല ∙ ശരണ കീർത്തനങ്ങൾ ആരതിയാക്കി ശബരീശ സന്നിധിയിൽ കാത്തിരുന്ന ആയിരങ്ങൾക്കു തങ്ക അങ്കി ചാർത്തി നടത്തിയ ദീപാരാധന ആത്മനിർവൃതിയുടെ പൊൻപ്രഭയായി. ഭക്തിയുടെ കർപ്പൂര പ്രഭയിൽ സന്നിധാനം മിന്നിത്തിളങ്ങി.
ഭക്ത മനസ്സുകളെ കുളിരണിയിച്ച് ഇന്ന് മണ്ഡലപൂജ. കാനനവാസനെ തൊഴുതു വണങ്ങി തീർഥാടകർ മലയിറങ്ങിത്തുടങ്ങി.
മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് രാത്രി നട അടയ്ക്കും.
തങ്ക അങ്കി ഘോഷയാത്ര വൈകിട്ട് 6.30ന് ആണ് സന്നിധാനത്ത് എത്തിയത്.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു.
ഈ സമയം തിരുമുറ്റത്തു മാത്രമല്ല പരിസരമാകെ ശബരീശനെ കണ്ടു തൊഴാനുള്ള തിരക്കായിരുന്നു.
ഇന്ന് രാവിലെ 10.10നും 11.30നും മധ്യേയാണു തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. 41 ദിവസം നീണ്ട
മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10ന് മേൽശാന്തി അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി നട അടയ്ക്കും.
മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് 5ന് ആണു നടതുറക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

