പനമരം∙ ടൗണിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വാഹനങ്ങൾ ടൗണിൽ തോന്നുംപടി പാർക്ക് ചെയ്യുന്നതും ഗതാഗത പരിഷ്കാരം നടപ്പാക്കാത്തതും പ്രധാന റോഡുകൾക്ക് ബദലായി ബൈപാസ് റോഡുകൾ ഇല്ലാത്തതുമാണ് ഗതാഗതക്കുരുക്കിനു കാരണം. തിരക്കേറിയ ടൗണിൽ ഒരു വാഹനം കുടുങ്ങിയാൽ മതി വലിയ ഗതാഗതക്കുരുക്ക് ആകാൻ.
രോഗികളുമായി എത്തുന്ന ആംബുലൻസ് പോലും കുരുക്കിൽ പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞദിവസം ടൗണിനു സമീപത്തെ വലിയ പാലത്തിൽ ചരക്ക് കയറ്റിവന്ന വാഹനം കേടായതിനെ തുടർന്ന് 2 മണിക്കൂറിലേറെയാണ് വാഹനക്കുരുക്ക് അനുഭവപ്പെട്ടത്. ഈ കുരുക്കിൽ സ്കൂൾ വിട്ട് ബസുകളിൽ വന്ന വിദ്യാർഥികൾ അടക്കം കുടുങ്ങി. വലിയ പാലം മുതൽ നെല്ലാറാട്ട് വളവ് വരെയാണ് പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
പരിഹാരമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ട്രാഫിക് അഡ്വൈസറി ബോർഡ് വിളിച്ചുചേർത്ത് ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ഒറ്റ ദിവസം കൊണ്ട് തന്നെ അത് അട്ടിമറിക്കപ്പെട്ടിരുന്നു.
ഗതാഗതപരിഷ്കാരം ചിലർ അട്ടിമറിച്ചതിനെതിരെ വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ സമരങ്ങൾ പലത് നടന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഇതുകൊണ്ടു തന്നെ നിലവിൽ അധികാരമേൽക്കുന്ന ഭരണസമിതി അടിയന്തരമായി ടൗണിലെ ഗതാഗതപരിഷ്കാരം നടത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

