നെന്മാറ ∙ വിത്തനശേരിയിൽ വീട്ടിലെത്തിയ പുലിയെ വളർത്തുനായ വിരട്ടിയോടിച്ചു. പുള്ളിപ്പുലിയും നായയും തമ്മിലുള്ള ഏറ്റുമുട്ടൽ ദൃശ്യം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു.
ഇന്നലെ പുലർച്ചെ 2.12നാണ് നെല്ലിപ്പാടം പൊന്മലക്കളം അത്തിമറ്റത്തിൽ എ.കെ.ശശിയുടെ വീട്ടുമുറ്റത്തു പുലി എത്തിയത്. മുറ്റത്തുകൂടി നടന്നുപോയ പുലി വീട്ടിലെ നാലു വയസ്സുള്ള ‘റോക്കി’ എന്ന റോട്ട്വൈലർ നായയുമായി അൽപനേരം കടിപിടി കൂടുന്നുണ്ട്.
സംഘട്ടനത്തിനൊടുവിൽ പുലി ഓടി രക്ഷപ്പെടുന്ന രംഗവും കാണാം.
രാത്രി നായയുടെ കുര കേട്ട് ഉണർന്ന വീട്ടുടമ ശശി പരിസരത്തെല്ലാം നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ നായയുടെ കൂട്ടിൽ രക്തക്കറയും കഴുത്തിൽ മുറിവും കണ്ടതിനെ തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു കാര്യം വ്യക്തമായത്.
വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പലപ്പോഴും പ്രദേശത്തു പുലിയുടെ സാന്നിധ്യം ഉണ്ടെന്നു പരാതിപ്പെട്ടിരുന്നെങ്കിലും വനപാലകർ സ്ഥിരീകരിച്ചിരുന്നില്ല.
ആതനാട് മലയുടെ താഴ്വരപ്രദേശങ്ങളായ മുടിമല, പോക്കാമട, കൊടുവാൾപ്പാറ, നെല്ലിപ്പാടം, നെടുങ്ങോട് പ്രദേശങ്ങളിൽ പുലിയും കാട്ടാനകളും ഇറങ്ങുന്നതു പതിവാണെങ്കിലും പുലിയുടെ സാന്നിധ്യം വ്യക്തമായി സ്ഥിരീകരിക്കാൻ കഴിഞ്ഞത് ഇതോടെയാണ്.
വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി. കൂട് എത്തിച്ചു പുലിയെ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചർച്ചയായി പുലിയുടെ തിരിഞ്ഞോട്ടം
പറമ്പിക്കുളം കടുവാ സങ്കേതത്തോടു ചേർന്ന നെല്ലിയാമ്പതി മലയുടെ താഴ്വരപ്രദേശങ്ങളിൽ വ്യാപകമായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങൾ പതിവാണെങ്കിലും നായയുടെ പ്രത്യാക്രമണത്തിൽ പുലി തിരിഞ്ഞോടിയതു ചർച്ചയായി.
65 കിലോഗ്രാം ഭാരമുള്ള ‘റോക്കി’യാണു താരമായത്. പകൽ കൂട്ടിലടച്ചിടുന്ന നായയെ രാത്രി തുറന്നുവിടുകയാണു പതിവെന്നു ശശി പറഞ്ഞു.
രാവിലെ വീണ്ടും കൂട്ടിലാക്കും. മൂന്നര വർഷം മുൻപു വാങ്ങിയ നായ നല്ല അനുസരണയുള്ളതാണ്.
നായയുടെ കഴുത്തിന്റെ അടിവശത്തായി പുലിയുടെ കടിയേറ്റു രണ്ടു മുറിവുണ്ടായി. ഗുരുതരമല്ലെങ്കിലും ഡോക്ടറെ എത്തിച്ചു ചികിത്സ നൽകിയതായി ശശി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

