ഇന്ത്യയുമായി ധാരണയിലെത്തിയ സ്വതന്ത്ര വ്യാപാര കരാറിനെതിരെ ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൻ പീറ്റേഴ്സ്. ന്യൂസിലൻഡിനെ സംബന്ധിച്ച് മോശം കരാറാണിതെന്നും പാർലമെന്റിലെത്തിയാൽ എതിർത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശമെന്നതും ശ്രദ്ധേയം.
ന്യൂസിലൻഡിന്റെ ക്ഷീരമേഖല അടക്കുള്ളവയെ പരിഗണിക്കാതെയുള്ള കരാറാണിത്. കുടിയേറ്റം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ കരാർ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
ന്യൂസിലൻഡിലെ കർഷകർക്ക് ഗുണം ചെയ്യില്ല. ഗ്രാമീണ ജനതയുടെ താൽപ്പര്യങ്ങൾക്കും എതിരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഭരണകക്ഷി അംഗവും വലതുപക്ഷ പാർട്ടിയുമായ ന്യൂസിലൻഡ് ഫസ്റ്റിന്റെ നേതാവാണ് പീറ്റേഴ്സൻ.
ഇന്ത്യയ്ക്ക് നേട്ടം
കരാറിലൂടെ ന്യൂസിലൻഡിലേക്ക് 100 ശതമാനം തീരുവരഹിത കയറ്റുമതി ഇന്ത്യയ്ക്ക് സാധ്യമാകും. പകരം ന്യൂസിലൻഡിൽ നിന്നുള്ള 97 ശതമാനം ഉൽപന്നങ്ങളുടെയും ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഒഴിവാക്കും.
ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങളും കരാർ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള കരാറിലെത്താൻ അനാവശ്യ ധൃതി കാട്ടിയെന്നാണ് പീറ്റേഴ്സൻ അടക്കമുള്ളവരുടെ വിമർശനം.
പാർലമെന്റിന്റെ പൂർണ അധികാരം ഉപയോഗിച്ച് ഇന്ത്യക്കാർക്കും ന്യൂസിലൻഡുകാർക്കും തുല്യമായ നേട്ടമുണ്ടാകുന്ന കരാറാണ് വേണ്ടതെന്ന് ഇവർ പറയുന്നു.
വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇന്ത്യ
ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 30 ശതമാനത്തോളം വരുന്ന ക്ഷീര ഉൽപന്നങ്ങളെ ഒഴിവാക്കിയതും പീറ്റേഴ്സന്റെ പ്രതിഷേധത്തിന് കാരണമായി. എന്നാൽ ഇന്ത്യയിലെ കർഷക താൽപ്പര്യങ്ങളെ ബാധിക്കുമെന്നതിനാൽ ഈ മേഖലയിലെ വിദേശ ഉൽപന്നങ്ങൾ അനുവദിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
യുഎസുമായുള്ള വ്യാപാര ചർച്ചകളിലെ പ്രധാന വെല്ലുവിളിയും ക്ഷീര ഉൽപന്നങ്ങളുടെ വിപണി പ്രവേശമാണ്.
ജോലി ചെയ്യാൻ ഇന്ത്യക്കാർ വേണ്ട!
കുടിയേറ്റ രംഗത്തെ ഉദാര നയങ്ങളും പീറ്റേഴ്സന്റെ എതിർപ്പിന് കാരണമായെന്നാണ് വിലയിരുത്തൽ. നിരവധി ന്യൂസിലൻഡുകാർ തൊഴിൽ രഹിതരായി തുടരുന്നതിനിടെ ജോലി ചെയ്യാൻ ഇന്ത്യക്കാരെ കൊണ്ടുവരുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, തന്റെ നിലപാടുകൾ ഇന്ത്യൻ സർക്കാരിനോ നയങ്ങൾക്കോ എതിരല്ലെന്നും ന്യൂസിലൻഡ് സർക്കാരിന്റെ രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള ഭിന്ന അഭിപ്രായങ്ങളുടെ പ്രകടനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/The New Zealand Societyൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

