യുഎസും വെനസ്വേലയും തമ്മിൽ യുദ്ധമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായതോടെ സ്വർണവില ‘തീ’യായി ആളിക്കത്തുന്നു. ക്രൂഡ് ഓയിൽ വിലയിൽ തകർച്ചയും തുടങ്ങി.
ഇതൊന്നും മൈൻഡ് ചെയ്യാതെ ഓഹരി വിപണികൾ പക്ഷേ, നേട്ടത്തിന്റെ പാതയിലുമാണ്.
‘മര്യാദയ്ക്ക് അധികാരക്കസേര വിട്ടുപോകുന്നതാണ് നല്ലത്’ എന്ന മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നൽകിയതും വെനസ്വേലയ്ക്ക് ‘ഫുൾ സപ്പോർട്ട്’ നൽകുമെന്ന് റഷ്യ വ്യക്തമാക്കിയതും പ്രതിസന്ധി കനപ്പിച്ചു. വെനസ്വേലൻ എണ്ണയുമായി പോയ രണ്ട് എണ്ണക്കപ്പലുകൾ യുഎസ് പിടിച്ചെടുത്തതിനെ ചൈന അപലപിക്കുകയും ചെയ്തതോടെ ആശങ്ക കൊടുമുടി കയറി.
‘‘അധികാരമൊഴിയാതെ തീക്കളിക്ക് നിൽക്കാനാണ് മഡുറോയുടെ പ്ലാൻ എങ്കിൽ അത് അയാളുടെ അവസാനത്തെ കളിയായിരിക്കും’’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപ് ഫ്ലോറിഡയിൽ വച്ച് ഇതുപറയുമ്പോൾ ഒപ്പം യുഎസിന്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമുണ്ടായിരുന്നു എന്നത് കാര്യഗൗരവം കൂട്ടുന്നു. വെനസ്വേലയിൽ നിന്ന് എണ്ണയുംകയറ്റി പോയ മറ്റൊരു കപ്പലും ഇന്നലെ യുഎസ് കോസ്റ്റ്ഗാർഡ് ‘ചെയ്സ് ചെയ്ത്’ പിടിച്ചെന്ന റിപ്പോർട്ടുകളുണ്ട്.
പിടിച്ചെടുത്ത കപ്പലുകളും അതിലെ 40 ലക്ഷം ബാരൽ വരുന്ന വെനസ്വേലൻ എണ്ണയും യുഎസ് സൂക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു.
‘‘ചിലപ്പോൾ ഞങ്ങളത് സൂക്ഷിച്ചുവയ്ക്കും. ചിലപ്പോൾ ഞങ്ങളത് വിൽക്കും.
അല്ലെങ്കിൽ ഞങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് മാറ്റും. കപ്പലുകളും ഞങ്ങൾ സൂക്ഷിക്കും’’, ട്രംപ് പറഞ്ഞു.
ട്രംപ് നടത്തുന്ന കടൽക്കൊള്ളയാണെന്ന മറുപടിയുമായി നിക്കോളാസ് മഡുറോയും രംഗത്തെത്തിയിട്ടുണ്ട്.
വെനസ്വേലയെ ഭീഷണിപ്പെടുത്തുന്നതിന് പകരം ട്രംപ് സ്വന്തം രാജ്യത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും മഡുറോ പറഞ്ഞു. ഇതിനിടെയാണ്, റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലവ്റോവ് വെനസ്വേലൻ വിദേശകാര്യ മന്ത്രി യ്വാൻ ഗിലിനെ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചത്.
വെനസ്വേലയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റത്തെ എതിർക്കുമെന്ന് ചൈനയും വ്യക്തമാക്കി.
കത്തിക്കയറി സ്വർണവില, പവൻ ലക്ഷം കടക്കും
യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി. ഭൗമരാഷ്ട്രീയ സംഘർഷ സാഹചര്യങ്ങളിൽ പൊതുവേ കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പരിവേഷമാണ് സ്വർണത്തിനും വെള്ളിക്കും കരുത്താവുന്നത്.
യുദ്ധമുണ്ടായാൽ അത് ആഗോള സാമ്പത്തികമേഖല, വ്യാപാര-വാണിജ്യ ഇടപാടുകൾ, ഓഹരി-കടപ്പത്ര-കറൻസി വിപണികൾ എന്നിവയെ തളർത്തും.
ഈ സാഹചര്യത്തിൽ സ്വർണം, െവള്ളി ഇടിഎഫുകൾക്ക് ഡിമാൻഡ് കൂടും. രാജ്യങ്ങൾ കറൻസികൾക്ക് പകരം കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടും.
ഇതെല്ലാം വിലകുതിക്കാനിടയാക്കും. രാജ്യാന്തര സ്വർണവില ഒറ്റയടിക്ക് 149 ഡോളർ ഉയർന്ന് റെക്കോർഡ് 4,489 ഡോളറിലെത്തി.
കേരളത്തിൽ ഇന്ന് പവൻവില ഒരുലക്ഷം രൂപ ഭേദിക്കുമെന്ന് മാത്രമല്ല, അതുംകവിഞ്ഞ് കുത്തനെ കൂടും.
ഇന്ന് പവന് 2,000 രൂപവരെ ഒറ്റയടിക്ക് കൂടിയാലും അദ്ഭുതപ്പെടേണ്ട. 1,000 രൂപയിൽ കുറയാത്ത വിലക്കുതിപ്പ് ഇന്ന് ഉറപ്പായിട്ടുണ്ട്.
വെള്ളിവിലയും രാജ്യാന്തര വിപണിയിൽ ഔൺസിന് 3.43% ഉയർന്ന് 69.45 ഡോളർ ആയി. കേരളത്തിൽ വെള്ളിവിലയും ഇന്ന് മുന്നേറും.
തകർച്ചയിലേക്ക് എണ്ണവില
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലുള്ളവയാണ് റഷ്യയും വെനസ്വേലയും.
ഇരു രാജ്യങ്ങളിൽ നിന്നും രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണയുടെ ഒഴുക്ക് തടസ്സപ്പെടുമെന്ന ഭീതി വിലയെ ബാധിച്ചു. ഡബ്ല്യുടിഐ, ബ്രെന്റ് വിലകൾ ഒരുഘട്ടത്തിൽ 2%വരെ ഇടിഞ്ഞു.
ഡബ്ല്യുടിഐ വില ബാരലിന് 57 ഡോളർ നിലവാരത്തിലേക്കും ബ്രെന്റ് വില 61 ഡോളറിലേക്കും വീണു.
വെനസ്വേലയിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര തടയുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതും തിരിച്ചടിയായി. ഇതിനിടെ, യുക്രെയ്നാകട്ടെ റഷ്യൻ എണ്ണക്കപ്പലുകളെ തിരഞ്ഞുപിടിച്ച് ഡ്രോണുകൾ കൊണ്ടുതകർക്കുകയാണ്.
രാജ്യാന്തര എണ്ണ വിതരണത്തിൽ ഒരു ശതമാനം പങ്കാണ് വെനസ്വേലയ്ക്കുള്ളത്.
ഓഹരികൾ നേട്ടത്തിന്റെ ട്രാക്കിൽ
ഒരുവശത്ത് യുദ്ധപ്പേടിയുണ്ടെങ്കിലും മറുവശത്ത് ഓഹരി വിപണികൾ നേട്ടത്തിന്റെ പ്രതീക്ഷയിലാണ്. യുഎസിൽ എഐ സ്റ്റോക്കുകൾ പച്ചതൊട്ടത് പൊതുവേ ആശ്വാസമായി.
എൻവിഡിയ ഓഹരിവില 1% ഉയർന്നത് ഗുണം ചെയ്തു. ചൈനയിലേക്ക് ട്രംപിന്റെ അനുമതിയോടെ എച്ച്200 ചിപ്പുകളുടെ കയറ്റുമതി ഫെബ്രുവരിയോടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷകളാണ് എൻവിഡിയയ്ക്ക് നേട്ടമായത്.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.64%, നാസ്ഡാക് 0.52%, ഡൗ 0.47% എന്നിങ്ങനെ ഉയർന്നു.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.19%, ഹോങ്കോങ് 0.38%, ഷാങ്ഹായ് 0.31% എന്നിങ്ങനെ നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികൾ പൊതുവേ നഷ്ടത്തിലാണ്.
യുഎസ് ഫ്യൂച്ചേഴ്സിൽ എസ് ആൻഡ് പി, നാസ്ഡാക് എന്നിവ നേരിയ നേട്ടവും ഡൗ നേരിയ നഷ്ടവും കുറിച്ചു.
കുതിപ്പ് തുടരാൻ ഇന്ത്യ
ഇന്നലെ സെൻസെക്സും നിഫ്റ്റിയും മിന്നുന്ന പ്രകടനമാണ് നടത്തിയത്. നിഫ്റ്റി 206 പോയിന്റ് (+0.79%) ഉയർന്ന് 26,172ലും സെൻസെക്സ് 638 പോയിന്റ് (+0.75%) കുതിച്ച് 85,567ലും എത്തി.
പോസിറ്റീവായ വിദേശ ഘടകങ്ങളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമായിരുന്നു പ്രധാന കരുത്ത്.
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റ് കയരിയത്, ഇന്നും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിന്റെ വണ്ടിയിൽ തന്നെയായിരിക്കുമെന്ന പ്രതീക്ഷ നൽകുന്നു. റിസർവ് ബാങ്കിന്റെ ഇടപെടലിന്റെ കരുത്തിൽ രൂപ ഡോളറിനെതിരെ 91ൽ നിന്ന് 89 നിലവാരത്തിലേക്ക് തിരിച്ചുകയറിയതും ഓഹരി വിപണികൾക്ക് ആശ്വാസമാണ്.
ശ്രദ്ധയിൽ ഇവർ
∙ അദാനി ഗ്രൂപ്പിന് കീഴിലെ
തീരുമാനിച്ചു.
എസിസി, അംബുജ ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാകും. എതിരാളിയായ അൾട്രടെക്കിനും ഇതു നിർണായകം.
∙ ഇന്ത്യൻ ഹോട്ടൽസ് കമ്പനി താജ് ഹോട്ടലുമായി ഈജിപ്റ്റിലേക്ക് ചുവടുവയ്ക്കാൻ തീരുമാനിച്ചു.
∙ അദാനി ടോട്ടൽ ഗ്യാസ് ഇടക്കാല ചീഫ് ഫിനാൻഷ്യൽ ഓഫിസറായി പ്രയേഷ് ഝവേരിയെ നിയമിച്ചു.
∙ ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള റെയിൽവേയുടെ തീരുമാനം ഇന്നലെ ഐആർസിടിസി ഉൾപ്പെടെ റെയിൽ അധിഷ്ഠിത ഓഹരികൾക്ക് നേട്ടമായി.
∙ കനറാ ബാങ്കിന്റെ എംഡിയും സിഇഒയുമായി ബ്രജേഷ് കുമാറിനെ നിയമിക്കാൻ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോ കേന്ദ്രത്തിന് ശുപാർശ നൽകി.
∙ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ ഓഹരികൾ പൊതുവേ മുന്നേറി.
കൊച്ചി കപ്പൽശാലയുടെ ഓഹരികൾ 6% വരെ കയറി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

