കണ്ണൂർ∙ പത്തു വർഷംകൊണ്ട് 500 ശിഷ്യരുമായി വരകൊണ്ടു വർണങ്ങൾ തീർക്കുകയാണ് ബിന്ദു പി.നമ്പ്യാർ (52). മൂന്നു വയസ്സുമുതൽ 82 വയസ്സുവരെയുള്ളവരെയുണ്ട് ബിന്ദുവിന്റെ ശിഷ്യഗണത്തിൽ.
അവരെല്ലാവരും ചിറക്കലിലെ വൃന്ദാവനിൽ ഒന്നിച്ചുകൂടുന്നു, വർണങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്നു. ഇക്കഴിഞ്ഞ സ്റ്റുഡന്റ്സ് എക്സിബിഷനിൽ ബിന്ദുവിന്റെ 46 ശിഷ്യരുടെ ചിത്രങ്ങളാണു പ്രദർശിപ്പിച്ചത്.
‘കുട്ടിക്കാലത്തേ ചിത്രരചന ഇഷ്ടമായിരുന്നെങ്കിലും അതു പഠനവിഷയമാക്കാനൊന്നും വീട്ടുകാർക്കു താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ എപ്പോഴും വരച്ചുകൊണ്ടിരുന്നു.
കിട്ടിയ കടലാസ് കഷണങ്ങളിലും നോട്ടുപുസ്തകങ്ങളിലുമെല്ലാം വരച്ചു. ഒരിക്കൽ ക്ലാസിലെ ബോർഡിൽ ഗണപതിയുടെ ചിത്രം വരച്ചു.
അതുകണ്ട അധ്യാപികയ്ക്കു വലിയ ഇഷ്ടം തോന്നി.
അവർ മറ്റ് അധ്യാപകരെയും ചിത്രം കാണിച്ചു. അതായിരുന്നു ചിത്രരചനയുടെ തുടക്കം’, ബിന്ദു പറഞ്ഞു.
ചിറക്കൽ രാജാസ് ഹൈസ്കൂളിലെ ഡ്രോയിങ് ടീച്ചറായിരുന്ന ചന്ദ്രികയാണ് ബിന്ദുവിനുള്ളിലെ ചിത്രകാരിയെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും.
ആദ്യഗുരുവും ചന്ദ്രിക ടീച്ചർ തന്നെ. ‘പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ചിത്രരചന പഠിക്കണമെന്നായിരുന്നു ആഗ്രഹം.
എങ്കിലും ചിത്രരചനാപഠനത്തിനായി പ്രിഡിഗ്രി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അങ്ങനെയാണ് ബ്രഷ്മാൻ ഫൈൻ ആർട്സ് കോളജിൽ ചേരുന്നതും രണ്ടു വർഷത്തെ കെജിസിഇ ഫൈൻ ആർട്സ് കോഴ്സ് ചെയ്യുന്നതും’, ബിന്ദു പറഞ്ഞു. എന്നാൽ, ബ്രഷ്മാൻ ഫൈൻ ആർട്സ് കോളജിലെ പഠനത്തിനുശേഷം നേരെപ്പോയത് വിവാഹപ്പന്തലിലേക്കാണ്. അങ്ങനെ, 22ാം വയസ്സിൽ ബിന്ദു വിവാഹിതയായി.
അധികം വൈകാതെ അമ്മയായി.
വീട്ടിലെ ചുവരുകൾ കാൻവാസുകളാക്കാൻ താൽപര്യമില്ലാത്തതുകൊണ്ടല്ല, പക്ഷേ, മാതൃത്വവും വീടിന്റെ ഉത്തരവാദിത്തങ്ങളൊന്നും എളുപ്പത്തിൽ ബിന്ദുവിനു പിടികൊടുത്തില്ല. വലിയ സമ്മർദം ഏറ്റെടുക്കാതെ, കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ബിന്ദു വീടിനെ വലിയൊരു കാൻവാസാക്കി. കാത്തിരിപ്പിന്റെ 13 വർഷങ്ങൾക്കുശേഷമാണു ബിന്ദു വീണ്ടും ചിത്രം വരയ്ക്കാൻ തുടങ്ങിയത്.
പിന്നീട്, ചിത്രരചനാ അധ്യാപികയായി. അധ്യാപനത്തെക്കാൾ തനിക്കിഷ്ടം ചിത്രരചനയാണെന്നു മനസ്സിലാക്കിയതോടെ 2015ൽ ചിറക്കലിൽ വൃന്ദാവൻ ആർട്ട് ഗാലറി ആരംഭിച്ചു.
ഇന്ന്, പ്രായഭേദമന്യേ അഞ്ഞൂറിലധികം പേരാണ് ബിന്ദുവിന്റെ വൃന്ദാവനിൽ നിന്നു ചിത്രരചന പഠിച്ചിറങ്ങുന്നത്.
‘മ്യൂറൽ പെയിന്റിങ്ങുൾപ്പെടെ എല്ലാ പെയിന്റിങ്ങും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ വൃന്ദാവനത്തിലും എല്ലാതരത്തിലുമുള്ള പെയിന്റിങ്ങും പഠിപ്പിക്കും.
കുറച്ചുകാലം പോണ്ടിച്ചേരിയിലുണ്ടായിരുന്നു. അന്ന് ഒരു പെയിന്റിങ് എക്സിബിഷൻ കാണാൻ പോയി.
അന്നാണ് വീണ്ടും ബ്രഷ് കയ്യിലെടുത്തത്. പിന്നീട്, അവിടെയൊരു സ്കൂളിൽ തഞ്ചാവൂർ ചിത്രരചന പഠിപ്പിക്കുന്നതു കണ്ടു.
അങ്ങനെ തഞ്ചാവൂർ ചിത്രരചന പഠിച്ചു. വൃന്ദാവനിൽ തഞ്ചാവൂർ പെയിന്റിങ്ങും പഠിപ്പിക്കുന്നുണ്ട്’, ബിന്ദു പറഞ്ഞു. ഇന്ന്, അധ്യാപനത്തിനൊപ്പം അമ്പലങ്ങളിലും മറ്റും ചുവർ ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലാണ് ബിന്ദു.
സുഹൃത്തായ നീതയുമുണ്ട് കൂട്ടിന്. മക്കൾ–മാളവിക, ആദിത്യ.
മാളവിക ആർക്കിടെക്റ്റാണ്. ആദിത്യ ഡിസൈനറാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

