മാള ∙ സംരക്ഷണത്തിനു പദ്ധതികളില്ലാതെ മാളച്ചാൽ നാശത്തിലേക്ക്. ചെളിയും പായലും നീക്കം ചെയ്ത് ആഴം കൂട്ടി മാളച്ചാൽ സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
ഉപ്പുവെള്ളം കയറുന്നതു തടയാനുള്ള സ്ഥിരസംവിധാനമില്ലാത്തതും ചാലിന്റെ നാശത്തിനു കാരണമാകുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ 75 ലക്ഷം രൂപ മാളച്ചാൽ സംരക്ഷണത്തിനായി അനുവദിച്ചിരുന്നു.
യന്ത്രസഹായത്താൽ ചാലിലെ ചെളി നീക്കം ചെയ്യാനുള്ള ശ്രമമുണ്ടായെങ്കിലും പൂർണമായി പദ്ധതി നടപ്പാക്കാനായില്ല. മാളയിലെ പ്രധാന ശുദ്ധജല സ്രോതസ്സായ മാളച്ചാലിൽ പ്രളയത്തിലും വെള്ളപ്പൊക്ക സമയങ്ങളിലും ഒഴുകിയെത്തിയ മണ്ണും മാലിന്യവും ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഒട്ടേറെ ടൂറിസം സാധ്യതകളുള്ള മേഖല കൂടിയാണിത്.
ചാലക്കുടി പുഴയിൽ നിന്ന് കണിച്ചാന്തുറ ജലസേചന പദ്ധതിയുടെ കനാൽ വഴി വൈന്തോട്ടിലെത്തുന്ന വെള്ളം കാവനാട് ചിറയിലൂടെ എത്തിച്ചാണ് മാളച്ചാലിൽ ജലം നിലനിർത്തുന്നത്. കനാലുകളുടെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്നതിനാൽ ഇതുവഴി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ചാലിലെ ജലനിരപ്പ് നിലവിൽ താഴ്ന്ന നിലയിലാണ്.
ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി മാളച്ചാലിൽ ബോട്ടിങ് നടപ്പാക്കിയെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മുടങ്ങി. കനാൽ വഴി എത്തുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞത് പടിഞ്ഞാറു ഭാഗത്തു നിന്ന് ഉപ്പുവെള്ളം കയറുന്നതിനു കാരണമായി.
കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ചാലിന്റെ ഭാഗത്ത് 6 പിപിടി ലവണാംശവും ട്രഷറിയുടെ ഭാഗത്ത് 20 പിപിടി ലവണാംശവും കണ്ടെത്തി.
താൽക്കാലിക തടയണകൾ സ്ഥാപിച്ചാണ് ചാലിൽ ഉപ്പുവെള്ളം കയറുന്നതു പഞ്ചായത്ത് തടയുന്നത്. പലപ്പോഴും ഉപ്പുവെള്ളം കയറിത്തുടങ്ങിയതിനു ശേഷമാണ് ഇതിനുള്ള നടപടി സ്വീകരിക്കുന്നത്.
മാളച്ചാലിൽ ഉപ്പുവെള്ളം കയറുന്നത് പഞ്ചായത്തിലെ കിഴക്കൻ മേഖലകളിൽ ശുദ്ധജലക്ഷാമത്തിനു കാരണമാകാറുണ്ട്. മാളച്ചാൽ വഴിയുള്ള ജലസേചന പദ്ധതികൾ വഴി ഉപ്പുവെള്ളം മറ്റിടങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പമ്പിങ് നിർത്തിവയ്ക്കാറുണ്ട്.
വേനൽ കനക്കുന്നതിനു മുൻപായി മാളച്ചാലിന്റെ സംരക്ഷണത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഒപ്പം കണിച്ചാന്തുറ പദ്ധതിയിൽ നിന്ന് ചാലിലേക്ക് വെള്ളമെത്തുന്ന കനാലിന്റെ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

