കൊച്ചി∙ ക്രിസ്മസ് സീസണിൽ കേക്ക് വിൽപനയിൽ പുതിയ ട്രെൻഡുകൾ. ബ്ലാക്ക് ഫോറസ്റ്റ്, വെൽവെറ്റ് പോലുള്ള ക്രീം കേക്കുകൾക്ക് പഴയ പ്രിയമില്ല, പക്ഷെ, ടിന്നിൽ വരുന്ന കേക്കുകൾക്കും, കുക്കീസും വൈനും ചോക്കലേറ്റും മറ്റും അടങ്ങുന്ന ഹാംപറുകൾക്കും ഡിമാൻഡ് കൂടി.
കേരളത്തിന്റെ അതിർത്തി വിട്ട് പാൻ ഇന്ത്യൻ പ്രിയമാണ് കേരളത്തിന്റെ പ്ലം കേക്കുകൾക്ക്.
ഇ–കൊമേഴ്സ് പോർട്ടലുകൾ വഴിയും ബേക്കറികളുടെ വെബ്സൈറ്റുകൾ വഴിയും ഇന്ത്യയിലെവിടേക്കും കേക്ക് പോകുന്നു. ഇക്കൊല്ലം കേക്ക് വിപണി നേരത്തേ ഉണർന്നു.
ക്രിസ്മസ് വ്യാഴാഴ്ച ആയതിനാൽ ഞായർ മുതൽ ബുധൻ വരെ വൻ വിൽപന പ്രതീക്ഷിക്കുന്നു.
വിലയിൽ ഇടിവ്
കേക്ക് വില മുൻ വർഷത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. കിലോഗ്രാമിന് 40 രൂപയോളം.
ജിഎസ്ടി 18% ഉണ്ടായിരുന്നത് 5% ആയി കുറഞ്ഞതാണു കാരണം. അതിനിടെ ഉണക്കമുന്തിരിക്കും മുട്ടയ്ക്കും വില കൂടി.
ഉണക്ക മുന്തിരി കഴിഞ്ഞ വർഷം കിലോ 110 രൂപയുണ്ടായിരുന്നത് ഇക്കുറി ഇരട്ടിയിലേറെ. മുട്ട
5.50ന് കിട്ടിയിരുന്നത് 7രൂപ. അതിനാൽ സാധാരണ കേക്കുകൾക്ക് അര ക്കിലോ ശരാശരി വില 200–250 രൂപയും കിലോ 400–500 രൂപയും.
മേൽത്തരം ഇനങ്ങൾക്ക് വില കൂടുമെന്നു മാത്രം.
ടിന്നുകളും ഹാംപറും
ടിന്നിൽ കിട്ടുന്ന കേക്കിന് വിപണിയിൽ പ്രിയമേറെ. കൂടുതൽ ദിവസം കേടാകാത്ത പ്രീമിയം ഇനങ്ങളുമാണ്.
റം റെയ്സിൻ, റിച്ച് പ്ലം, ജാഗറി പ്ലം, ക്ലാസിക് പ്ലം തുടങ്ങിയവ. ഇവയ്ക്ക് കിലോ 1000 രൂപയിലേറെയുണ്ട്.
ഹാംപറുകൾ കാർഡ്ബോർഡ് ബോക്സിലും മെറ്റൽ ബോക്സിലുമുണ്ട്. കോർപറേറ്റ് ഗിഫ്റ്റിങ്ങിനും കുടുംബങ്ങൾ തമ്മിൽ സമ്മാനം നൽകുന്നതിനും ഇവ ഉപയോഗിക്കുന്നു.
വില 1500 മുതൽ 5000 വരെ.
വിൽപനയുടെ അളവും മൂല്യവും
കേരളത്തിലും ഇന്ത്യയിലാകെയുമായി 50 ലക്ഷം കിലോ മുതൽ 60 ലക്ഷം കിലോ വരെ കേക്കുകൾ ക്രിസ്മസ് സീസണിൽ വിൽക്കുന്നു. മൂല്യം 250 കോടി മുതൽ 600 കോടി രൂപ വരെ.
അസംഘടിത മേഖലയിലെ കേക്ക് വിൽപനയുടെ കണക്ക് ലഭ്യമല്ല. സീസണിൽ മാത്രം കേക്കുണ്ടാക്കി വിൽക്കുന്ന കുടുംബങ്ങളുമുണ്ട്.
അവയുടെ കണക്കും ലഭ്യമല്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

