കാക്കനാട്∙ തിരഞ്ഞെടുപ്പെന്ന ജനാധിപത്യ ഉൽസവം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ജില്ലാ ഭരണകൂടം. ‘ഉത്സവം’ കൊടിയിറങ്ങിയതോടെ ഉദ്യോഗസ്ഥർ ഇനി പതിവു പോലെ മറ്റു ഫയലുകൾക്കിടയിലേക്ക്.
തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണ കോലാഹലങ്ങൾ അരങ്ങു നിറഞ്ഞാടുമ്പോൾ അണിയറയിൽ യുദ്ധസമാന ഒരുക്കങ്ങളിലായിരുന്നു ഉദ്യോഗസ്ഥർ. ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2,020 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാസങ്ങൾ നീണ്ട
പ്രയത്നമാണ് ഉദ്യോഗസ്ഥർ നടത്തിയത്. ആയിരക്കണക്കിനു ജീവനക്കാർ കഠിനാധ്വാനത്തിലായിരുന്നു.
കലക്ടറേറ്റിലെ തിരഞ്ഞെടുപ്പു കൺട്രോൾ റൂമുകളും വരണാധികാരിമാരുടെ ഓഫിസുകളും ദിവസങ്ങളോളം രാത്രി വൈകിയും പ്രവർത്തിച്ചു.
മേൽനോട്ടക്കാരിയായ കലക്ടർ ജി.പ്രിയങ്കയുടെ സാന്നിധ്യം എപ്പോഴും എല്ലായിടത്തും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ഓഫിസുകളിലായി ഇരുപതിനായിരത്തോളം ജീവനക്കാരാണ് തിരഞ്ഞെടുപ്പു പരാതി രഹിതമായി പൂർത്തിയാക്കാൻ പ്രയത്നിച്ചത്.
തിരഞ്ഞെടുപ്പു ജോലി മൂലം കലക്ടറേറ്റിൽ നിന്നു വൈകി മടങ്ങുന്ന വനിതാ ജീവനക്കാരെ പ്രത്യേക വാഹനങ്ങളിലാണ് വീടുകളിലെത്തിച്ചിരുന്നത്. ഡപ്യൂട്ടി കലക്ടർ സുനിൽ മാത്യുവിനായിരുന്നു തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ ചുമതല.
തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറേറ്റിൽ നിന്നു തുടരെ എത്തുന്ന നിർദേശങ്ങൾ നടപ്പാക്കാനും താഴെത്തട്ടിലെ ഓഫിസുകളിലേക്കു കൈമാറാനും പ്രത്യേക ശൃംഖല തന്നെ രൂപീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കാൻ ജില്ലയിൽ ഒട്ടേറെ സ്ക്വാഡുകൾ പട്രോളിങ് നടത്തി.
പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ വില്ലേജ് ഓഫിസ് ജീവനക്കാരെ ഉൾപ്പെടെ രംഗത്തിറക്കി. ബൂത്തുകളിലേക്ക് വീൽച്ചെയർ ലഭ്യമാക്കാനും വൈദ്യുതി കണക്ഷൻ നൽകാനും ലൈൻ എത്തിക്കാൻ നിർവാഹമില്ലാത്ത ഇടങ്ങളിൽ ജനറേറ്റർ സ്ഥാപിക്കാനും വാട്ടർ കണക്ഷൻ നൽകാനും നൂറു കണക്കിനു ജീവനക്കാരാണ് ജോലി ചെയ്തത്.
ബാലറ്റ് പേപ്പർ അച്ചടിക്കാനും അവ വോട്ടിങ് യന്ത്രങ്ങളിൽ പതിക്കാനും വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കാനും ഒട്ടേറെ പേരുണ്ടായിരുന്നു. വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞു യന്ത്രങ്ങളും അനുബന്ധ രേഖകളും സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയതോടെയാണ് നടപടികൾ പൂർത്തിയായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

