സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പവന് 99,000 രൂപ കടന്നു. ഇന്നു രാവിലെയും ഉച്ചയ്ക്കുമായി 1,080 രൂപ വർധിച്ച് വില 99,280 രൂപയായി.
നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ ഇന്നുതന്നെയോ നാളെയോ ഒരുലക്ഷം രൂപയെന്ന മാന്ത്രികസംഖ്യ ഭേദിക്കും. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം പവന് 42,160 രൂപയാണ് കൂടിയത്.
സ്വർണവില ഇത്രയും മുന്നേറ്റം നടത്തിയ കാലവും അപൂർവം. ∙ 1925ൽ : വെറും 13.75 രൂപയായിരുന്നു പവൻ വില
∙ 1950ൽ : 72 രൂപ
∙ 1980ൽ : 975 രൂപ
∙ 1990 : 2,490
∙ 2000 : 3,200
∙ 2010 : 12,280
∙ 2015 : 19,760
∙ 2025 : 99,280 (
പവന് ഒരു ദശാബ്ദത്തിനിടെ മാത്രം കൂടിയത് 79,000 രൂപയിലധികം.
അതായത്, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് ലഭിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന, സ്വപ്നതുല്യമായ നേട്ടം
)
ഒരു പവന് എന്താ വില?
മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും ഹോൾമാർക്ക് ഫീസും (53.10 രൂപ) പരിഗണിച്ചാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ 1.15 ലക്ഷം രൂപയ്ക്കടുത്താകും. രാവിലെയും ഉച്ചയ്ക്കുമായി 135 രൂപ ഉയർന്ന് 12,410 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.
18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് 50 രൂപ കൂടി വർധിച്ച് വില റെക്കോർഡ് 10,265 രൂപയായി. വെള്ളിക്ക് വില മാറ്റമില്ല, ഗ്രാമിന് 200 രൂപ.
കേരളത്തിൽ മറ്റൊരുവിഭാഗം വ്യാപാരികൾ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഉച്ചയ്ക്ക് 50 രൂപ കൂട്ടി ഗ്രാമിന് 10,205 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 198 രൂപ.
എന്തുകൊണ്ട് വില കൂടി?
അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതിനെ തുടർന്ന് ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ നേരിട്ട തളർച്ചയാണ് സ്വർണത്തിന് ഉത്തേജകമായത്.
യുഎസ് കേന്ദ്രബാങ്കിൽ ട്രംപ് തന്റെ വിശ്വസ്തനെ ചെയർമാനായി നിയമിക്കാനുള്ള തീരുമാനത്തിലേക്ക് ഏറക്കുറെ എത്തിക്കഴിഞ്ഞു. ഇതോടെ, ഇനിയുള്ള 2026ലും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുത്തനെ കുറയ്ക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതും സ്വർണത്തിന് വലിയ ഡിമാൻഡ് നിക്ഷേപമെന്ന നിലയിൽ നൽകുന്നുണ്ട്.
ഇതാണ് വിലക്കുതിപ്പ് വഴിവയ്ക്കുന്നത്. ഡോളർ തളർന്നതോടെ, സ്വർണം വാങ്ങുന്നത് എളുപ്പമായത് വിലകൂടാനിടയാക്കി. 46 ഡോളർ ഉയർന്ന് ഔൺസിന് 4,347 ഡോളറിലാണ് രാജ്യാന്തര സ്വർണവില.
ഇടിത്തീയായി രൂപയുടെ വീഴ്ച
ഇന്ത്യയിൽ പക്ഷേ, ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് വീണതും സ്വർണവില വർധനയുടെ ആക്കംകൂട്ടി. 26 പൈസ ഇടിഞ്ഞ് റെക്കോർഡ് താഴ്ചയായ 90.75ൽ എത്തിയിട്ടുണ്ട് രൂപ.
സ്വർണം ഇറക്കുമതിച്ചെലവ് കൂടാന് രൂപയുടെ തളർച്ച ഇടവരുത്തും. ഇതാണ്, വിലനിർണയത്തിൽ പ്രതിഫലിക്കുന്നതും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

