തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.
എന്നാൽ, ‘എൽഡിഎഫ് 3.0’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലുണ്ടായ വീഴ്ച അപ്രതീക്ഷിതം മാത്രമല്ല പാർട്ടിയിലും എൽഡിഎഫിലാകെയും ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തം. ഫലം വന്നശേഷം മുൻ മന്ത്രിയും എംഎൽഎയുമായ എം.എം.
മണി പ്രതികരിച്ചത് ഇങ്ങനെ : ‘‘ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നെല്ലാം വാങ്ങിച്ചു നല്ല ഭംഗിയായിട്ടു ശാപ്പാട് കഴിച്ച ആളുകൾ, എന്നിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്തു നന്ദികേട് കാണിച്ചു. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചവർ എന്നിട്ട് നേരേ എതിർവോട്ട് ചെയ്തെന്നു പറഞ്ഞാൽ, അതിന്റേ പേര് ഒരുമാതിരി പിറപ്പുപണിയെന്ന് പറയും’’.
ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയില്ലായിരുന്നെങ്കിൽ കേരളത്തിന് ഇന്നുകാണുന്ന വികസനം ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം ഇക്കുറി പോകുംമുൻപ് കണ്ണൂരിൽ പറഞ്ഞിരുന്നു.
ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. 600 രൂപയായിരുന്ന പെൻഷനാണ് 2,000 രൂപയാക്കിയത്.
മറ്റ് ആനുകൂല്യങ്ങളില്ലാത്ത വീട്ടമ്മമാർക്ക് ഓരോ മാസവും 1,000 രൂപവീതം കൊടുക്കുന്ന പദ്ധതി ഉടൻതന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടമ്മമാർക്ക് 1,000 രൂപ വീതം കൊടുക്കാനുള്ള പദ്ധതി ‘എൽഡിഎഫ് 3.0’നുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്ലാൻ ബി’ ആയിമാറുമോ? അതോ, മണിയാശാൻ പറഞ്ഞപോലെ ശാപ്പാടോ? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ഈസിയാകില്ലെന്ന് ഏറക്കുറെ ഉറപ്പായി കഴിഞ്ഞു. കോൺഗ്രസിനും യുഎഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ല.
അതേസമയം, തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്ത് ഞെട്ടിച്ച ബിജെപിയും വലിയ വെല്ലുവിളിയാകും. കൈയിലുണ്ടായിരുന്ന ഒറ്റ സീറ്റ് (നേമം) കഴിഞ്ഞതവണ ബിജെപിക്ക് നഷ്ടമായിരുന്നു.
ഇക്കുറി അവർ നേമത്തിന് പുറമേ വട്ടിയൂർക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണുള്ളത്.
മുന്നണികളുടെ പ്രതീക്ഷകൾ അവിടെ നിൽക്കട്ടെ. പിണറായി വിജയൻ പറഞ്ഞ ‘വീട്ടമ്മമാർക്ക് 1,000 രൂപ പ്രതിമാസം’ ആർക്കൊക്കെ ലഭിക്കുമെന്ന് പരിശോധിക്കാം:
സാമൂഹിക ക്ഷേമ പെൻഷനുകളുടെ മാതൃകയിൽ കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതിയാണ് ‘സ്ത്രീ സുരക്ഷാ പെൻഷൻ’.
അർഹരായ സ്ത്രീകൾക്ക് മാസം 1,000 രൂപ ലഭിക്കും.
മറ്റു ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്ത 35നും 60നും ഇടയിൽ പ്രായമുള്ളവരും മഞ്ഞ (അന്ത്യോദയ അന്നയോജന), പിങ്ക് (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരുമായിരിക്കണം. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻപോലുള്ള സാമൂഹിക ക്ഷേമ പെൻഷനുകൾ, വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡിന്റെ കുടുംബപെൻഷൻ, ഇപിഎഫ് െപൻഷൻ മുതലായവയിൽ ഒന്നിലും ആനുകൂല്യം കൈപ്പറ്റുന്നവരാകരുത്.
ട്രാൻസ്വുമണിനും അപേക്ഷിക്കാം.
സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി െപൻഷൻ കിട്ടാനുള്ള അയോഗ്യതയായി പറയുന്നില്ല. അതേ സമയം 60 വയസ്സു തികയുന്ന ദിവസം പദ്ധതിയിൽനിന്നും പുറത്താകും.
സംസ്ഥാനത്തുനിന്നു താമസം മാറിയാലും കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസ്, േകന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റു സ്വയംഭരണ/ ഗ്രാന്റ്–ഇൻ–എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരമായോ കരാർ നിയമനമോ ലഭിച്ചാലും അർഹത ഇല്ലാതാകും. റേഷൻ കാർഡ് നീല, വെള്ള, കാർഡുകളായി തരം മാറ്റപ്പെട്ടാലും ഒരു മാസത്തിലേറെ റിമാൻഡിലോ ജയിലിലോ ആയാലും പിന്നെ പെൻഷൻ കിട്ടില്ല.
എങ്ങനെ അപേക്ഷിക്കാം?
അതതു തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്.
അന്തിമ പട്ടികയിൽ ഉൾപ്പെട്ടാൽ ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ തുക ലഭിച്ചുതുടങ്ങും. പ്രായം തെളിയിക്കാൻ ആവശ്യമായ രേഖ സമർപ്പിക്കണം.
ഇവയൊന്നും ഇല്ലെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകാം.
െപൻഷൻ ലഭിച്ചുകഴിഞ്ഞാൽ വർഷംതോറും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ മസ്റ്ററിങ് നടത്തണം. അനർഹമായി ആനുകൂല്യം കൈപറ്റിയാൽ 18% പലിശസഹിതം തിരികെ ഈടാക്കും.
ഗുണഭോക്താവ് മരിച്ചാൽ അവകാശികൾക്കു തുക കിട്ടില്ല. പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ടെന്നു കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ഓരോ ഗുണഭോക്താവും നൽകണം.
തൊഴിലന്വേഷകർക്കും മാസം 1,000 രൂപ
നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും സർക്കാരിന്റെ കൈത്താങ്.
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് നടപ്പാക്കുന്ന ‘പ്രജ്വല’ എന്ന പുതിയ സ്കോളർഷിപ്പ് പദ്ധതിയിൽ മാസം 1,000 രൂപവീതം ഒരു വർഷത്തേക്കു ലഭിക്കും.
പ്ലസ്ടു, വിഎച്ച്എസ്സി, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നിവയുടെ വിജയത്തിനുശേഷം നൈപുണ്യ കോഴ്സുകൾ പഠിക്കുന്നവർക്കും ജോലിക്കോ മത്സരപരീക്ഷയ്ക്കോ തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 18നും 30നും ഇടയ്ക്കാവണം.
സംസ്ഥാനത്ത് സ്ഥിരതാമസക്കാരാകണം, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്ഥാപനത്തിലാകണം പരിശീലനം.
മത്സരപരീക്ഷയ്ക്കു തയാറെടുക്കുന്നവർ പിഎസ്സി അടക്കമുള്ള റിക്രൂട്ടിങ് ഏജൻസികളിൽ അപേക്ഷിച്ചിരിക്കണം. മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത്.
employment.kerala.gov.in എന്ന പോർട്ടൽവഴി അപക്ഷിക്കാം. അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമം നോക്കി അർഹരായ ആദ്യത്തെ 5 ലക്ഷം േപരെ തിരഞ്ഞെടുക്കും.
ജോലി ലഭിച്ചാൽ പിന്നീടു തുക ലഭിക്കില്ല.
‘തെറ്റുപറ്റി’: പറഞ്ഞതു തിരുത്തി എം.എം. മണി
വോട്ടർമാരെ അധിക്ഷേപിച്ചു പറഞ്ഞ പരാമർശം തെറ്റായിപോയി എന്ന് എം.എം.
മണി പിന്നീട് പ്രതികരിച്ചു. ‘‘തിരഞ്ഞെടുപ്പിൽ അങ്ങനെയൊരു വിധി വന്നപ്പോൾ പ്രതികരിച്ചു പോയതാണ്.
അത് തെറ്റാണെന്ന് ജനറൽ സെക്രട്ടറി അടക്കം പറഞ്ഞു. ജനറൽ സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാട്.
പാവപ്പെട്ട ആളുകൾക്ക് സഹായമൊന്നും ചെയ്യാത്ത ആൾക്കാരാണ് യുഎഡിഎഫ്’’ – മണി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

