യുഎസിൽ നിന്ന് സമ്മർദമുണ്ടായിട്ടും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താതെ ഇന്ത്യ. നവംബറിൽ ഇറക്കുമതി 4% വർധിച്ചു.
കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയരമാണിത്. ഡിസംബറിലും ഇറക്കുമതിയിൽ വൻ വർധനയുണ്ടെന്ന് സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) വ്യക്തമാക്കി.
ചൈനയാണ് നവംബറിലും ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങിയത്.
ഏകദേശം 260 കോടി യൂറോ മതിക്കുന്ന എണ്ണ കഴിഞ്ഞമാസം ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. 250 കോടിയുടേതായിരുന്നു ഒക്ടോബറിലേത്.
റഷ്യയുടെ മൊത്തം എണ്ണ കയറ്റുമതിയിൽ കഴിഞ്ഞമാസം 47 ശതമാനവും പോയത് ചൈനയിലേക്കായിരുന്നു. 38 ശതമാനംഇന്ത്യയിലെത്തി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ ഏറ്റവും ഉയരവുമാണിത്. തുർക്കിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും 6% വീതമൊഴുകി.
ഡിസ്കൗണ്ട് കൂട്ടി റഷ്യ
രണ്ട് വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്ക് (ലൂക്കോയിൽ, റോസ്നെഫ്റ്റ്) പ്രസിഡന്റ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ ഇന്ത്യൻ കമ്പനികൾ റഷ്യയുമായി പുതിയ ഇറക്കുമതി കരാറിലേർപ്പെടുന്നത് നിർത്തിയിരുന്നു. റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജിയാണ് തുടർന്നും ഇറക്കുമതി സജീവമായി നടത്തിയത്.
ഇന്ത്യയെ ഒപ്പംനിർത്താനായി റഷ്യ കഴിഞ്ഞമാസം ഡിസ്കൗണ്ട് 4% കൂട്ടി ബാരലിന് 6.66 ഡോളർ ആക്കിയിരുന്നു.
4.92 ഡോളറായിരുന്നു ഒക്ടോബറിൽ. സെപ്റ്റംബറിൽ 5.13 ഡോളർ ലഭിച്ചിരുന്നു.
റഷ്യയിൽനിന്ന് യൂറൽസ് ഇനം എണ്ണയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു ശരാശരി വില ബാരലിന് 55 ഡോളറാണ്.
യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരമാവധി വിലപരിധിയായ 47.6 ഡോളറിനേക്കാളും കൂടുതൽ.
ഡിസംബറിലും സജീവം
നവംബറിൽ പ്രതിദിനം 1.83 മില്യൻ ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യയിലെത്തിയത്. ഡിസംബറിൽ ഇത് 1.85 മില്യൻ വീതമായെന്ന് കെപ്ലറിന്റെ കണക്കുകളും സൂചിപ്പിക്കുന്നു.
കഴിഞ്ഞ ജൂണിൽ വാങ്ങിയ പ്രതിദിനം 2.10 മില്യനാണ് ഇതിനുമുൻപത്തെ ഉയരം. ഈമാസം ഇതു മറികടക്കുമെന്നാണ് കരുതുന്നത്.
നയാര എനർജിയാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ എന്നിവ ഇപ്പോൾ ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയാണ് പ്രധാനമായും വാങ്ങുന്നത്.
ട്രംപിന്റെ പ്രതികാരം: എണ്ണവില കുതിച്ചേക്കും
സിറിയയിൽ ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ട
സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നത് എണ്ണവില കൂടാനിടയാക്കിയേക്കും.
അതേസമയം, ഗൾഫ് ഓഫ് ഒമാനിൽ ഇറാനും കരീബിയൻ കടലിൽ യുഎസും ചില എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുകയും റഷ്യയുടെ എണ്ണടാങ്കറുകൾക്കു നേരെ യുക്രെയ്ൻ ആക്രമണം നടത്തുകയും ചെയ്തിട്ടും രാജ്യാന്തര ക്രൂഡ് ഓയിൽ വില അപ്രതീക്ഷിതമായി താഴുകയാണ് ചെയ്തത്.
ഡബ്ല്യുടിഐ വില ബാരലിന് 0.28% താഴ്ന്ന് 57.44 ഡോളറിലും ബ്രെന്റ് വില 0.26% കുറഞ്ഞ് 61.12 ഡോളറിലുമാണുള്ളത്.
റഷ്യയ്ക്ക് വരുമാനത്തകർച്ച
അതേസമയം, ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റും വൻതോതിൽ ഡിസ്കൗണ്ട് നൽകേണ്ടി വരുന്നതും ഉപരോധങ്ങളും യുക്രെയ്ൻ ആക്രമണവും റഷ്യയുടെ എണ്ണ വരുമാനത്തെ തകർക്കുകയാണ്. ഡിസംബറിലെ വരുമാനം 50% ഇടിയുമെന്നാണ് വിലയിരുത്തൽ.
5.15 ബില്യൻ ഡോളറായിരിക്കും ഈ മാസത്തെ വരുമാനം. 2020 ഓഗസ്റ്റിൽ നേടിയ 5.1 ബില്യനുശേഷമുള്ള ഏറ്റവും താഴ്ന്ന വരുമാനമായിരിക്കും ഇത്.
നവംബറിലെ വരുമാനം 35% ഇടിഞ്ഞിരുന്നു. യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് കരിങ്കടൽ വഴിയുള്ള കയറ്റുമതിക്ക് തടസ്സം നേരിടുന്നതും റഷ്യയ്ക്ക് തിരിച്ചടിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

