കോയമ്പത്തൂർ ∙ കാടിറങ്ങി നാട്ടിൽ തുടരുന്ന കൊമ്പന്മാരെ കാട്ടിലേക്കു തന്നെ കയറ്റാനുള്ള ദൗത്യം രണ്ടാം ദിവസവും വനപാലകർ തുടരുന്നു. വ്യാഴാഴ്ച ശരവണംപട്ടിക്കടുത്തുള്ള കീരണത്തം ഐടി പാർക്കിനു സമീപത്തായി കണ്ടെത്തിയ 3 അംഗ കൊമ്പനാനകളുടെ സംഘമാണ് കാട്ടിലേക്ക് കയറാതെ നാട്ടിലേക്കു തന്നെ തിരിച്ചുവരുന്നത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കുറ്റിക്കാടുകൾക്കിടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊമ്പന്മാരെ ഡ്രോൺ സഹായത്തോടെ കണ്ടെത്തി വനപാലകർ കാട്ടിലേക്കു വഴിയൊരുക്കി.
എങ്കിലും തിരിച്ചുള്ള 15 കിലോമീറ്റർ നീളുന്ന പാത സംബന്ധിച്ച് ആനകളും വനപാലകരും പലപ്പോഴായി കുഴങ്ങിയതോടെ കോയമ്പത്തൂർ – മേട്ടുപ്പാളയം ദേശീയപാത വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
വനം വകുപ്പിന്റെ തെർമൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചാണ് ആനകളുടെ രാത്രി യാത്രയെ നാൽപതോളം വനപാലകർ പിന്തുടർന്നത്. കോയമ്പത്തൂർ, ബോലുവാംപട്ടി, പെരിയനായക്കംപാളയം റേഞ്ചിൽ നിന്നുള്ള വനപാലകർ നടന്നും ഓടിയും വാഹനത്തിലും പിന്തുടർന്ന് 10 കിമി തുരത്തി നരസിംഹനായക്കം പാളയം, ഇടികരയ്ക്ക് സമീപം എത്തിച്ചുവെങ്കിലും ആനക്കൂട്ടം വീണ്ടും പിന്നോട്ട് വലിഞ്ഞ് ഓട്ടമായി.
പുലർച്ചെ വരെ 20 കിലോമീറ്ററോളം നടന്ന ആനക്കൂട്ടം അന്നൂർ താലൂക്കിലെ ആലംപാളയത്തിനടുത്തുള്ള കാക്കപ്പാളയത്തിലെ സ്വകാര്യ യൂക്കാലി തോട്ടത്തിലേക്ക് കയറി.
200 ഏക്കറോളം വരുന്ന തോട്ടത്തിനകത്തു കയറിയ ആനകളെ പിന്തുടരൽ പ്രയാസമാവുകയും സൂര്യനുദിക്കുകയും ചെയ്തതോടെ വനപാലകർ പിൻവാങ്ങി. ആനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങിയാലുള്ള പ്രശ്നങ്ങളോർത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണി വരെ അധികൃതർ കാത്തിരുന്നു.
വനപാലകർക്കൊപ്പം പ്രദേശത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലീസുമുണ്ടായിരുന്നു.
വെള്ളിയാഴ്ച പകൽ യൂക്കാലിത്തോട്ടത്തിനു നടുവിൽ വിശ്രമത്തിലായിരുന്നു ആനകൾ. വൈകിട്ടോടെ കാട്ടിലേക്കു തുരത്താനുള്ള ശ്രമം ആരംഭിച്ചതോടെ യൂക്കാലി തോട്ടത്തിൽ നിന്നു പുറത്തു കടന്ന ആനക്കൂട്ടം തെലുങ്ക് പാളയത്തിനു സമീപത്തെ തെങ്ങിൻ തോപ്പിലേക്ക് കയറി.
ക്ഷീണിതരായ ജീവനക്കാരെ സഹായിക്കാനായി മേട്ടുപ്പാളയം, ശിരുമുഖ റേഞ്ചിൽ നിന്നുള്ള വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്.
ആനകൾ വന്ന വഴിയെ തിരിച്ചുപോകാൻ സാധ്യത കുറഞ്ഞതിനാൽ രാത്രി ശിരുമുഖ, മേട്ടുപ്പാളയം റേഞ്ചിലേക്ക് എത്തിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. ഇത്രയേറെ കിലോമീറ്ററുകൾ താണ്ടിയെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ശനിയാഴ്ച വെളുക്കും മുൻപ് കൊമ്പന്മാരെ സുരക്ഷിതമായി കാട്ടിലേക്ക് അയയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

