ബാങ്ക് വായ്പ എടുത്തവർക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐ പലിശനിരക്ക് കുറച്ചു. റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.
പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. വായ്പാപലിശ മാനദണ്ഡങ്ങളായ എംസിഎൽആർ, ആർഎൽഎൽആർ, ബേസ്റേറ്റ് തുടങ്ങിയവയിലാണ് മാറ്റം.
ഈ വിഭാഗത്തിൽ നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും നേട്ടമാണ് ബാങ്കിന്റെ തീരുമാനം. അതേസമയം, എഫ്ഡിയുടെ പലിശനിരക്കിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.
വായ്പാ പലിശനിരക്കിലെ മാറ്റം ഇങ്ങനെ
∙ എംസിഎൽആർ
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് അഥവാ എംസിഎൽആറിൽ ഒറ്റനാൾ, ഒരുമാസം കാലാവധികളുള്ള വായ്പകളുടെ പലിശനിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി കുറച്ചു.
3 മാസ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.3ൽ നിന്ന് 8.25 ശതമാനമായി. 6 മാസക്കാലാവധിയുള്ള വായ്പയ്ക്ക് പുതിയനിരക്ക് 8.6 ശതമാനം; നേരത്തേ 8.65 ശതമാനമായിരുന്നു.
8.75ൽ നിന്ന് 8.7 ശതമാനമായാണ് ഒരുവർഷ കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് കുറഞ്ഞത്. രണ്ടുവർഷത്തേതിന് 8.8ൽ നിന്ന് 8.75 ശതമാനത്തിലേക്കും 3 വർഷത്തേതിന് 8.85ൽ നിന്ന് 8.8 ശതമാനത്തിലേക്കും കുറച്ചു.
∙ ഇബിഎൽആർ
എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് അഥവാ ഇബിഎൽആർ പ്രകാരമുള്ള പുതിയ നിരക്ക് ഡിസംബർ 15ന് പ്രാബല്യത്തിൽ വരുംവിധം 7.90 ശതമാനമാണ് (7.90+CRP+BSP).
നിലവിൽ ഇത് 8.15 ശതമാനമാണ് (8.15+CRP+BSP). റീപോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് 7.75 ശതമാനത്തിൽ (7.75+CRP) നിന്ന് 7.50 ശതമാനത്തിലേക്കും (7.50+CRP) കുറച്ചു.
∙ വായ്പാ പലിശയുടെ പഴയ മാനദണ്ഡങ്ങളായ ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് റേറ്റ് (ബിപിഎൽആർ) 14.65 ശതമാനമായും ബേസ്റേറ്റ് 9.90 ശതമാനമായും പരിഷ്കരിച്ചു.
പുതിയനിരക്ക് ഡിസംബർ 15ന് പ്രാബല്യത്തിൽ വരും.
എഫ്ഡി പലിശ കുറയും
ഡിസംബർ 15ന് പ്രാബല്യത്തിൽ വരുംവിധം എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറച്ചു. ഇതുപ്രകാരം 2 വർഷം മുതൽ 3 വർഷത്തിൽ താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.45ൽ നിന്ന് 6.4 ശതമാനമായി.
മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 6.95ൽ നിന്ന് 6.9 ശതമാനത്തിലേക്കും കുറയും. മറ്റ് നിക്ഷേപകാലാവധികളുടെ പലിശയിൽ മാറ്റമില്ല.
∙ പ്രത്യേക പദ്ധതിയായ എസ്ബിഐ ‘അമൃത് വൃഷ്ടി’യുടെ പലിശനിരക്ക് 444 ദിവസത്തെ നിക്ഷേപത്തിന് 6.60ൽ നിന്ന് 6.45 ശതമാനമായും കുറച്ചിട്ടുണ്ട്.
മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിനുള്ള നിരക്ക് 7.10ൽ നിന്ന് 6.95 ശതമാനമാകും. സൂപ്പർ സീനിയേഴ്സിന് നൽകുന്ന പലിശ 7.20ൽ നിന്ന് 7.05 ശതമാനത്തിലേക്കും കുറയും.
80 വയസ്സുമുതൽ പ്രായമുള്ളവരാണ് സൂപ്പർ സീനിയേഴ്സ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

