ആമ വിചാരിച്ചു, ഞാന്‍തന്നെ ജയിക്കും, കഥ അങ്ങനെയാണല്ലോ! മുയല് വിചാരിച്ചു, കഥയില്‍ ഞാനാണ് തോറ്റത്.
എന്റെ പൂര്വികന്മാര് മണ്ടന്മാര്. അതുകൊണ്ടു വഴിയില്‍ കിടന്നുറങ്ങരുത്.
അതിരുകവിഞ്ഞ ആത്മവിശ്വാസം കാരണം ഇനിയും തോല്‍ക്കരുത്. പന്തയം തുടങ്ങി, മുയല് മുന്നില്‍ ചാടി. ആമ നിരങ്ങി.
വഴിയില്‍ കാറുമോടിച്ചെത്തിയ ഒരാള്‍ പറഞ്ഞു, ‘വിഡ്ഢി, ഇതില്‍ കയറ്. ഇല്ലെങ്കില്‍ പഴയ കഥയിലെന്നപോലെ നീ ഓടിത്തളര്‍ന്ന് ഉറങ്ങും!
ആമയേ ജയിക്കുകയുള്ളൂ. ഞാന്‍ പറപറന്നു കൊണ്ടുവിടാം.’ മുയല് അതില്‍ കയറി. ആമയോടു വഴിയെ വന്ന മറ്റൊരു കാറുകാരന് പറഞ്ഞു, ‘പണ്ടത്തെ കാലമല്ല, മുയലേ ജയിക്കൂ.
ഇതില്‍ കയറൂ, ഞാന്‍ മുൻപേ എത്തിക്കാം.’
എന്നിട്ടോ?
നേരം അന്തിയായിട്ടും ആമയോ മുയലോ ലക്ഷ്യസ്ഥാനത്തു ചെന്നുചേര്ന്നില്ല. പന്തയം തീരേണ്ടിടത്തു സമ്മാനവുമായി കാത്തുനിന്നവര്‍ ആശയറ്റു പിരിഞ്ഞു.
രണ്ടു കാറുകളുടെയും ഉടമകള്‍ ഒരു സത്രത്തില്‍ ഊണ്‍മേശയ്ക്കു മുന്നില്‍ മദ്യപിക്കുന്നതിനിടയില്‍ മുയലിറച്ചിയും ആമയിറച്ചിയും ഡിപ്ലോമാറ്റിന്റെകൂടെ കടിച്ചു ചവച്ചു വിഴുങ്ങി, ഉറക്കെ ചിരിച്ച് ഹസ്തദാനം ചെയ്തു ഗുഡ്നൈറ്റ് പറഞ്ഞു പിരിഞ്ഞു.
‘വിജയികള്‍’ എന്ന പേരില്‍ സി.രാധാകൃഷ്ണന് എഴുതിയ ഈ മിനിക്കഥ കച്ചവടരംഗത്തേക്കു കാലെടുത്തുവയ്ക്കുന്നവരും പുതിയ പുതിയ ഉയരങ്ങളില്‍ കാലുറപ്പിക്കുന്നവരും അതിനായി പരസ്പരം മത്സരിക്കുന്നവരും എപ്പോഴും ഓര്‍ത്തുവയ്ക്കേണ്ട ഒന്നാണ്. സര്‍വത്ര വിജയങ്ങളും ലാഭങ്ങളും എതിരാളികളെ തോൽപിക്കുന്നതിലൂടെ നേടുന്നതാണെന്നു തെറ്റിദ്ധരിച്ചാല്‍ കഥയിലെ ആമയ്ക്കും മുയലിനും സംഭവിച്ചതുതന്നെ സംഭവിക്കും.
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാന്‍, കാറുമായി വരുന്നവര്‍ ഒരുപാടു പേരുണ്ടാകും. മത്സരവിജയത്തിന്റെ കണക്കുകൂട്ടലില്‍ അത്തരം കുശാഗ്രബുദ്ധികളുടെ സൂത്രവിദ്യകള്‍ക്കു കാതോര്‍ത്താല്‍ ഫലം നാശമോ ജീവഹാനിയോ ആകും എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
പരീക്ഷിച്ചറിയാതെ ആര്‍ക്കും ഹസ്തദാനം ചെയ്യരുത് എന്നു കേട്ടിട്ടില്ലേ. സമ്പത്തുകാലത്ത് അടുത്ത വിജയങ്ങളിലേക്ക് എത്തിക്കാമെന്ന വാഗ്ദാനങ്ങളുമായി അടുത്തുകൂടുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്നു തിരിച്ചറിയണം.
വിജയങ്ങളെല്ലാം മത്സരത്തിന്റെ ബാക്കിപത്രങ്ങളല്ല. താൻ മാത്രം ജയിക്കുകയും മറ്റുള്ളവരെല്ലാം തോൽക്കുകയും വേണമെന്ന ചിന്ത മനസ്സിലേക്കു കുടിയേറുന്നതു നഷ്ടത്തിന്റെയും നാശത്തിന്റെയും തുടക്കമാണ്.
തന്നോടൊപ്പം എതിരാളിക്കും ഒന്നിച്ചു വളരാനുള്ള സാഹചര്യമുണ്ടെങ്കില്‍ ഒരുമിച്ച് ഒരു കാറിലാണ് സഞ്ചരിക്കേണ്ടത്. ആ യാത്ര എല്ലാവരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കും.
മത്സരത്തിനുവേണ്ടിയുള്ള എല്ലാം മത്സരങ്ങള്‍ക്കു പിന്നിലും ഒരാപത്ത് ഒളിഞ്ഞിരിപ്പുണ്ടാകും. അപ്പോള്‍ മറക്കണ്ട
–
സ്മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്
. •
(സമ്പാദ്യം 2025 ഡിസംബർ ലക്കത്തിൽ നിന്ന്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

