കൊല്ലം ∙ കോർപറേഷൻ മേഖലയിൽ പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആരെ ബാധിക്കുമെന്ന കണക്കുകൂട്ടലിൽ മുന്നണികൾ. ജില്ലയിൽ 70.36% വോട്ട് രേഖപ്പെടുത്തിയപ്പോൾ കോർപറേഷനിൽ അതു 63.26% മാത്രമാണ്.
7.10 ശതമാനത്തിന്റെ കുറവ്. നഗരഹൃദയത്തോടു ചേർന്ന ഡിവിഷനുകളിലാണ് മറ്റു മേഖലകളേക്കാൾ വോട്ടിങ് ശതമാനം കുറവു രേഖപ്പെടുത്തിയിട്ടുള്ളത്. നീരാവിൽ, കടവൂർ മേഖലയിലാണ് വോട്ടിങ് ശതമാനം കൂടുതൽ.
ഇവിടെ 70 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. മുളങ്കാടകം, ആലാട്ടുകാവ്, തേവള്ളി എന്നിവിടങ്ങളിൽ പ്രാഥമിക കണക്കു പ്രകാരം 57 ശതമാനത്തിൽ താഴെയാണ് പോളിങ്. ആശ്രാമം– ഉളിയക്കോവിൽ മേഖലയിൽ 60–63% പോളിങ് നടന്നു.
ഉദ്യോഗസ്ഥർ ഉൾപ്പെടെ വാടകയ്ക്ക് താമസിക്കുന്നർ കൂടുതൽ നഗരഹൃദയത്തിലാണെന്നും വർഷങ്ങൾക്കു മുൻപേ ഇവിടെ നിന്നു താമസം മാറ്റിയവരുടെ ഇപ്പോഴും പട്ടികയിലുണ്ടെന്നും രാഷ്ട്രീയ പ്രവർത്തകർ പറയുന്നു.
മരിച്ചവരുടെ പേരും പട്ടികയിൽ നിന്നു നീക്കം ചെയ്തിട്ടില്ല. വോട്ടിങ് ശതമാനം കുറയാൻ ഇതു കാരണമായെന്നാണ് വിലയിരുത്തൽ.ജില്ലയിൽ പോളിങ് ശതമാനം കൂടുതൽ ഓച്ചിറ ബ്ലോക്കിലാണ്– 74.79%.
ശാസ്താംകോട്ടയാണ് രണ്ടാമത്– 74.52. നഗരസഭകളിൽ 75.02 ശതമാനവുമായി കരുനാഗപ്പള്ളി മുന്നിൽ.
ഇവയേക്കാൾ 10 ശതമാനത്തേക്കാൾ കുറവാണ് കോർപറേഷനിൽ.
കോർപറേഷനിൽ ഭരണത്തുടർച്ചയാണ് എൽഡിഎഫ് വിലയിരുത്തുന്നത്. സിപിഎം നിലവിലുള്ള മുഴുവൻ കൗൺസിലർമാരെയും മാറ്റിയാണ് സ്ഥാനാർഥി നിർണയം നടത്തിയത്. മുന്നണിക്കു വ്യക്തമായ ആധിപത്യമുള്ള പല ഡിവിഷനിലും വോട്ടിങ് ശതമാനത്തിലെ കുറഞ്ഞത് എങ്ങനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
തീരദേശ–ന്യൂനപക്ഷ മേഖലകളിൽ വ്യക്തമായ മുൻതൂക്കമാണ് യുഡിഎഫിന്റെ പ്രതീക്ഷ. നിലവിലുള്ള 10 സിറ്റീൽ ഒൻപതും ന്യൂനപക്ഷത്തിനു നിർണായക സ്വാധീനമുള്ള മേഖലകളിൽ നിന്നാണ് ലഭിച്ചത്.
ചില ഡിവിഷനുകളിൽ വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന് ബാധിക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഡിവിഷനുകളിൽ നിന്നു നിർദേശിച്ച സ്ഥാനാർഥികളെ മിക്കയിടത്തും മത്സരിപ്പിച്ചതും പുതുമുഖങ്ങളെ പരീക്ഷിച്ചതും വിമതശല്യം കുറവായിരുന്നതും നേട്ടമാകുമെന്ന വിലയിരുത്തലുമുണ്ട്.
ബിജെപിയുടെ വോട്ട് വർധന ഏതു മുന്നണിയിൽ നിന്നു ചോരുന്നതാണെന്ന സംശയവും ഉയരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 6 സീറ്റാണ് ലഭിച്ചത്.
ഇതിൽ അഞ്ചും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഒരു സിറ്റിങ് സീറ്റ് ബിജെപി നിലനിർത്തുകയും ചെയ്തു.
30 സീറ്റ് ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ ബിജെപി കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടിയാൽ ഇടതുമുന്നണിക്ക് ആയിരിക്കും തിരിച്ചടിയുണ്ടാവുക. ഇടതുമുന്നണിയുടെ ഉറപ്പുള്ള പല സീറ്റിലും കടുത്ത മത്സരമാണു ബിജെപി നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

