പ്രതീക്ഷിച്ചതുപോലെ തുടർച്ചയായ മൂന്നാം പണനയ നിർണയ യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം (0.25%) വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. പണനയ നിർണയ സമിതി 9-3 എന്ന വോട്ടിനാണ് പലിശനിരക്ക് കുറച്ചത്.
സമിതിയിലെ ട്രംപ് അനുകൂലിയായ ഗവർണർ സ്റ്റീഫൻ മിറാൻ വാദിച്ചത് 0.50% കുറവ് വേണമെന്നായിരുന്നു.
യുഎസ് ഫെഡിന്റെ റീജണൽ പ്രസിഡന്റുമാരായ ജെഫറി സ്മിഡ്, ഓസ്റ്റൻ ഗൂൾസ്ബി എന്നിവർ പലിശ കുറയ്ക്കുകയേ വേണ്ടെന്നാണ് പറഞ്ഞത്. കാൽ ശതമാനം കുറവുവന്നതോടെ യുഎസിന്റെ അടിസ്ഥാന പലിശനിരക്ക് ഇപ്പോൾ 3.5-3.75 ശതമാനമായി.
തുടർച്ചയായ 3-ാം തവണയാണ് മിറാൻ ഭൂരിപക്ഷ താൽപ്പര്യത്തിന് എതിരായി വോട്ടിട്ടത്. സ്മിഡ് 2-ാം തവണയും.
2019 സെപ്റ്റംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും പേർ ‘എതിർ വോട്ട്’ രേഖപ്പെടുത്തുന്നത്.
ഇനിയുള്ള യുഎസ് ഫെഡ് യോഗങ്ങൾ കൂടുതൽ കലുഷിതമായേക്കാമെന്നും പലിശനിരക്ക് കുറയാനുള്ള സാധ്യത കുറയുന്നുവെന്നുമാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
ഡോട്ട് പ്ലോട്ടിൽ നിരാശ
വരുംവർഷങ്ങളിലെ യോഗങ്ങളിൽ എത്രതവണ പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന ‘ഡോട്ട് പ്ലോട്ട്’ നിരാശപ്പെടുത്തുന്നതായി. 2026ലും 2027ലും ഓരോ തവണ മാത്രമാകും പലിശ കുറച്ചേക്കുകയെന്നാണ് ഡോട്ട് പ്ലോട്ട് വ്യക്തമാക്കുന്നത്.
യുഎസ് സമ്പദ്വ്യവസ്ഥയുടെ വളർച്ചാപ്രകടനം വിലയിരുത്തിയാകും തുടർ തീരുമാനങ്ങളെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.
പണനയ സമിതിയിൽ പലിശയിളവിനായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത് തൊഴിൽ വിപണി ദുർബലമാണെന്നും പിന്തുണയ്ക്കാനെന്നോണം പലിശനിരക്ക് കുറയ്ക്കണമെന്നുമാണ്. എന്നാൽ, താരിഫ് വലിയ പ്രശ്നമാണെന്നും പണപ്പെരുപ്പം ഇപ്പോഴേ ഉയർന്നുനിൽക്കുന്നു എന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം.
പലിശ കുറഞ്ഞാൽ എന്ത്?
പലിശനിരക്ക് കുറഞ്ഞത് യുഎസിൽ ഭവന, വാഹന, വ്യക്തിഗത വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശനിരക്കും കുറയാൻ സഹായിക്കും.
അതേസമയം, അനുപാതികമായി ബാങ്ക് നിക്ഷേപ പലിശയും കുറയും. ട്രഷറി നിക്ഷേപങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) കുറയും.
യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 4.15ൽ നിന്ന് 4.13 ശതമാനത്തിലേക്ക് താഴ്ന്നു. ഡോളറും തളരുകയാണ്.
യുഎസ് ഡോളർ ഇൻഡക്സ് 0.59% താഴ്ന്ന് 98.64 ആയി. ഒക്ടോബറിനുശേഷമുള്ള ഏറ്റവും താഴ്ചയാണിത്.
ആഞ്ഞടിച്ച് ട്രംപ്
പലിശനിരക്കിലെ ഇളവ് തീരെക്കുറഞ്ഞുപോയെന്ന് ട്രംപ് പറഞ്ഞു.
അവർ ആശങ്കപ്പെടുന്നത് പണപ്പെരുപ്പത്തെ കുറിച്ചാണ്. അതു വെറുതേയാണ്.
അവർ യുഎസിന്റെ വളർച്ചയെ നശിപ്പിക്കുകയാണ് – ട്രംപ് പറഞ്ഞു. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഹൃദയമില്ലാത്തവനും ബുദ്ധിയില്ലാത്തവനുമാണെന്നും ട്രംപ് വിമർശിച്ചു.
കുതിച്ചുയർന്ന് ഓഹരികൾ
അടിസ്ഥാന പലിശനിരക്ക് കുറച്ച യുഎസ് ഫെഡിന്റെ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണികൾ കുതിച്ചുയർന്നു.
ഡൗ ജോൺസ് 497.46 പോയിന്റ് മുന്നേറി (+1.1%). എസ് ആൻഡ് പി500 സൂചിക 0.7%, നാസ്ഡാക് 0.3% എന്നിങ്ങനെയും ഉയർന്നു.
2026ലും 2027ലും ഓരോ തവണ മാത്രമേ പലിശനിരക്ക് കുറയ്ക്കൂ എന്ന ഡോട്ട് പ്ലോട്ട് നിരാശയാണ്.
പക്ഷേ, ഫെഡിന്റെ മറ്റു ചില പ്രഖ്യാപനങ്ങളും നിരീക്ഷണങ്ങളുമാണ് വിപണിക്ക് ഊർജമായത്. ഒന്ന്, ഹ്രസ്വകാല കടപ്പത്ര പർച്ചേസ് ഊർജിതമാക്കാൻ ഫെഡ് തീരുമാനിച്ചു.
രണ്ട്, തൊഴിൽ വിപണി തളർച്ചയിലാണെന്ന് ഫെഡ് സമ്മതിച്ചു. പലിശ വലിയതോതിൽ കുറയ്ക്കാൻ ഇതു പ്രേരിപ്പിച്ചേക്കാം.
മൂന്ന്, പലിശയിൽ തുടർന്നുള്ള തീരുമാനങ്ങൾ സമ്പദ്വ്യവസ്ഥയുടെ പ്രകടനം വിലയിരുത്തിയാകുമെന്ന് പവൽ പറഞ്ഞു. അതായത്, പലിശനിരക്ക് കൂടുതൽ കുറയാനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് വിപണി കരുതുന്നു.
ആവേശക്കാറ്റ് ഇന്ത്യയിലും
യുഎസ് ഓഹരി വിപണികൾ നേരിട്ട
നേട്ടത്തിന്റെ കാറ്റ് പൊതുവേ ഏഷ്യയിലും വീശുന്നുണ്ട്. ജാപ്പനീസ് നിക്കേയ് പോസിറ്റിവായാണ് തുടങ്ങിയതെങ്കിലും പിന്നീട് നേരിയ നഷ്ടത്തിലായി.
ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോങ്ങിന്റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക എന്നിവ 0.6-0.7% നേട്ടത്തിലേറി.
∙ യുഎസ് ഫ്യൂച്ചേഴ്സ് വിപണി വിപരീത ട്രെൻഡാണ് കാഴ്ചവച്ചത്. ഡൗ നേട്ടം കുറിച്ചെങ്കിലും നാസ്ഡാക്, എസ് ആൻഡ് പി എന്നിവ ചുവന്നു.
ഇതിനു കാരണം ഓറക്കിളാണ്. കഴിഞ്ഞപാദ പ്രവർത്തനഫലം കമ്പനി പുറത്തുവിട്ടത് നിക്ഷേപകരെ നിരാശപ്പെടുത്തി.
കണക്കുകൾ പ്രതീക്ഷിച്ചതിലും മോശം. കമ്പനിയുടെ ഓഹരിവില 11% ഇടിഞ്ഞു.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 131 പോയിന്റുവരെ ഉയർന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഷ്ടത്തിന്റെ പാതയിലുള്ള സെൻസെക്സും നിഫ്റ്റിയും ഇന്ന് ‘നേട്ടത്തിന്റെ വണ്ടി പിടിക്കുമെന്ന’ പ്രതീക്ഷയാണ് ഇതു നൽകുന്നത്.
∙ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വീണ്ടും തുടങ്ങി. യുഎസിന് ഇതുവരെ ലഭിച്ചതിൽവച്ച് ‘ഏറ്റവും ബെസ്റ്റ്’ പ്രൊപ്പോസലാണ് ഇന്ത്യ നൽകിയതെന്ന് യുഎസ് പ്രതിനിധി സംഘം പറഞ്ഞു.
എന്നാൽ, ചർച്ചയിൽ യുഎസ് ആവശ്യപ്പെട്ട പല കാര്യങ്ങളും ഇന്ത്യ സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ശ്രദ്ധയിൽ ഇവർ
∙ അദാനി എന്റർപ്രൈസസിന്റെ 25,000 കോടി രൂപയുടെ അവകാശ ഓഹരി വിൽപനയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം.
∙ അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം കുറച്ച് ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസ്.
ഓഹരിക്ക് 970 രൂപ പ്രകാരം 2,778 കോടി രൂപ ബ്ലോക്ക് ഡീൽ വഴി വിറ്റഴിച്ചു.
∙ ജിയോ ഫിനാൻഷ്യലും ബ്ലോക്ക്റോക്കും സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്റോക്ക് അസ്റ്റ് മാനേജ്മെന്റ് കമ്പനിയിൽ സംയോജിതമായി 229 കോടി രൂപ നിക്ഷേപിച്ചു.
∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാൻ നീക്കവുമായി കേന്ദ്രം.
വെള്ളിക്കും സ്വർണത്തിനും തകർപ്പൻ മുന്നേറ്റം
യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുകയും ഡോളറും ബോണ്ടും തളരുകയും ചെയ്തതിന് പിന്നാലെ കുതിപ്പിലേറെ സ്വർണവും വെള്ളിയും. വ്യാവസായിക മേഖലയിൽ നിന്നുള്ള മികച്ച ഡിമാൻഡ്, നിക്ഷേപമെന്ന നിലയിലെ സ്വീകാര്യത എന്നിവയും വെള്ളിക്ക് കരുത്താകുന്നു.
∙ രാജ്യാന്തര വെള്ളിവില ഔൺസിന് 3.63% മുന്നേറി റെക്കോർഡ് 62.58 ഡോളറിലെത്തി.
∙ സ്വർണവില രാവിലെയുള്ളത് 25 ഡോളർ ഉയർന്ന് 4,232 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കൂടാനാണ് സാധ്യത.
ക്രൂഡ് ഓയിലും മേലോട്ട്
വെനസ്വേലൻ എണ്ണക്കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് ട്രംപ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടാൻ തുടങ്ങി. ഡബ്ല്യുടിഐ വില ബാരലിന് 0.70% ഉയർന്ന് 58.87 ഡോളറും ബ്രെന്റ് വില 0.58% വർധിച്ച് 62.57 ഡോളറുമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

