കോട്ടയം ∙ പുതുപ്പള്ളി മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 100 ശതമാനം വിജയത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസും യുഡിഎഫും. വൈക്കം മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സമ്പൂർണവിജയം പ്രതീക്ഷിച്ച് എൽഡിഎഫ്.
പുതുപ്പള്ളി മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന പുതുപ്പള്ളി, അയർക്കുന്നം, പാമ്പാടി, വാകത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കോൺഗ്രസ് വിജയം പ്രതീക്ഷിക്കുന്നു. ഇതുൾപ്പെടെ കോൺഗ്രസിന് 8 സീറ്റും കേരള കോൺഗ്രസ് മത്സരിക്കുന്നതിൽ 7ൽ 4 സീറ്റും ലഭിക്കുമെന്നാണു വിലയിരുത്തൽ.
ഇതോടെ 12 സീറ്റ് ലഭിച്ച് ഭരിക്കാനുള്ള കേവലഭൂരിപക്ഷം എത്തുമെന്നാണു കണക്കുകൂട്ടൽ. എരുമേലി, കുറിച്ചി, പൂഞ്ഞാർ, തലനാട് ഡിവിഷനുകളും വിജയമുറപ്പെന്നാണു കണക്കുകൂട്ടുന്നത്.
ശക്തമായ മത്സരം നടന്ന കുമരകം, കടുത്തുരുത്തി അടക്കമുള്ള മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു.അതിരമ്പുഴ, കുറവിലങ്ങാട്, കിടങ്ങൂർ, ഭരണങ്ങാനം ഡിവിഷനുകളിൽ വിജയിക്കുമെന്നാണു കേരള കോൺഗ്രസിന്റെ നിഗമനം. തൃക്കൊടിത്താനം, കങ്ങഴ എന്നിവിടങ്ങളിൽ മികച്ച പോരാട്ടവും പാർട്ടിയുടെ പ്രതീക്ഷയാണ്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ ആദ്യം തന്നെ പ്രചാരണം ആരംഭിച്ച സ്ഥലങ്ങളാണ് തൃക്കൊടിത്താനം, ഭരണങ്ങാനം അതിരമ്പുഴ, കടുത്തുരുത്തി തുടങ്ങിയവ.
കോട്ടയം ജില്ലാ പഞ്ചായത്ത് തിരികെപ്പിടിക്കാനായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മികച്ച മുന്നൊരുക്കത്തിനു യുഡിഎഫിനു സാധിക്കും.
വൈക്കത്തെ പോളിങ് അനുകൂലമാകുമെന്ന് എൽഡിഎഫ്
നിലവിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾക്കൊപ്പം പുതുതായി വന്ന തലനാട് കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദ്യം മുതൽ എൽഡിഎഫ്. വൈക്കം മണ്ഡലത്തിലെ ഡിവിഷനുകളിലെ മികച്ച പോളിങ് അനുകൂലമാകുമെന്നും കണക്കു കൂട്ടുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ വൈക്കമാണ്. (79.51%).
ഈ മേഖലയിലെ തലയാഴം (75.68%), വെള്ളൂർ (75.40%) എന്നിവയാണ് മികച്ച പോളിങ് രേഖപ്പെടുത്തിയ മൂന്നും നാലും ഡിവിഷനുകൾ.കേരള കോൺഗ്രസ് (എം) ന്റെ ശക്തി പ്രദേശങ്ങളിലെ ഡിവിഷനുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് പാർട്ടിക്ക്. അതിരമ്പുഴയിൽ കോൺഗ്രസിൽനിന്നു കേരള കോൺഗ്രസ് (എം)ൽ എത്തിയ സ്ഥാനാർഥിയുടെ വ്യക്തിബന്ധങ്ങൾ കൂടി കഴിഞ്ഞ തവണ നഷ്ടപ്പെട്ട
ഡിവിഷൻ തിരികെ പിടിക്കാൻ സഹായിക്കുമെന്ന കണക്കുകൂട്ടലുണ്ട്.
കുമരകത്തിനൊപ്പം ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ മറ്റൊരു ഡിവിഷനായ അതിരമ്പുഴ കൂടി ജയിക്കാനായാൽ എംഎൽഎ കൂടിയായ മന്ത്രി വി.എൻ.വാസവനും നേട്ടമാണ്.കുമരകം, തൃക്കൊടിത്താനം, മുണ്ടക്കയം, പൊൻകുന്നം തുടങ്ങിയ സീറ്റുകൾ സിപിഎം ഉറപ്പിക്കുമ്പോൾ, വൈക്കത്തിനൊപ്പം കങ്ങഴയും സിപിഐ ജയിക്കുമെന്ന് ഉറപ്പിക്കുന്നു.
ജില്ലാ പഞ്ചായത്ത് നിലനിർത്തേണ്ടത് കേരള കോൺഗ്രസ് (എം) ന്റെ രാഷ്ട്രീയ ആവശ്യം കൂടിയാണ്. ഭരണം ലഭിച്ചാൽ ആദ്യ ടേം അധ്യക്ഷ സ്ഥാനം കേരള കോൺഗ്രസി(എം)നു തന്നെ ലഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കയ്യിൽവച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാർട്ടിക്ക് ആത്മവിശ്വാസമേകും.ബിജെപിയുടെ സിറ്റിങ് സീറ്റായ പൂഞ്ഞാറിൽ പാർട്ടി പ്രതീക്ഷ വയ്ക്കുന്നുണ്ട്. പഴയ ജനപക്ഷം പ്രവർത്തകർക്കൊപ്പം ബിജെപിക്ക് പ്രദേശത്തുള്ള സ്വാധീനം അനുകൂലമാകുമെന്നാണു വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

