ദില്ലി :ഇൻഡിഗോ സർവീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകൾക്കിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. കമ്പനിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രതിസന്ധി രൂക്ഷമാകും വരെ ഇടപെടാൻ മടിച്ചതെന്തുകൊണ്ടെന്ന് കേന്ദ്രസർക്കാറിനോട് ദില്ലി ഹൈക്കോടതി ചോദിച്ചു. ഈമാസം മൂന്നാം തീയതി മുതൽ രാജ്യവ്യാപകമായി സർവീസുകൾ മുടക്കിയുള്ള പ്രതിസന്ധി കേന്ദ്രസർക്കാറിനെ സമ്മർദത്തിലാക്കാനുള്ള ഇൻഡിഗോയുടെ തന്ത്രമായിരുന്നുവെന്ന സൂചനകൾക്കിടെയാണ് കേന്ദ്രം നടപടി കടുപ്പിക്കുന്നത്.
8 സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരടങ്ങുന്ന സംഘമാകും കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുക. കേന്ദ്രം കടപ്പിക്കുന്നു ദില്ലിയോട് ചേർന്നുള്ള ഗുരുഗ്രാമിലെ ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ സംഘത്തിലെ രണ്ടുപേർ സ്ഥിരമായുണ്ടാകും. യാത്രക്കാർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ പരിശോധിക്കാൻ രണ്ടംഗ സംഘം വേറെയും എത്തും.
രണ്ട് സംഘങ്ങളും വൈകീട്ട് 6 മണിക്ക് ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് നല്കുമെന്നുമാണ് ഡിജിസിഎ അറിയിച്ചത്. പുതുക്കിയ വ്യവസ്ഥ പ്രകാരം പ്രവർത്തിക്കാൻ ആയിരം പൈലറ്റുമാരെ നിയമിക്കണം എന്നിരിക്കെ മൂന്ന് ശതമാനം പൈലറ്റുമാരെ ഇൻഡിഗോ വെട്ടിക്കുറച്ചുവെന്ന കണക്ക് നേരത്തെ പുറത്തുവന്നിരുന്നു.
ഈ സമയം എയർ ഇന്ത്യ പൈലറ്റുമാരുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. കമ്പനിക്കെതിരെ കൂടുതൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയത്.
ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്നും പരിശോധിക്കും. ഒരാഴ്ചയായി തനിക്ക് ഉറക്കമില്ലെന്നും മന്ത്രി പറഞ്ഞു.
ഇൻഡിഗോ സിഇഒ സിഇഒ പീറ്റർ എൽബേഴ്സിനെ മാറ്റുന്നത് അടക്കം നിർദ്ദേശങ്ങൾ കമ്പനിക്ക് നൽകാനാണ് കേന്ദ്രസർക്കാർ ആലോചന. ഇൻഡിഗോയുടെ പത്തു ശതമാനം സർവ്വീസുകൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ ഇന്നലെ ഉത്തരവിട്ടിരുന്നു. പ്രതിസന്ധിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ ഇടപെടാൻ വൈകിയതിനെ ദില്ലി ഹൈകോടതി ചോദ്യം ചെയ്തത്.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പോലും ബാധിക്കുന്ന രീതിയിലുള്ള പ്രതിസന്ധിയല്ലേ ഇതെന്നും കോടതി ചോദിച്ചു. വ്യവസ്ഥകൾ നടപ്പാക്കാൻ നിങ്ങൾക്ക് മാത്രമെന്താണ് പ്രശ്നമെന്നും, മറ്റ് കമ്പനികൾ നടപ്പാക്കുന്നത് കണ്ടില്ലേയെന്നും ഇൻഡിഗോയോടും കോടതി ചോദിച്ചു.
യാത്രക്കാരുടെ പണം വേഗത്തിൽ തിരിച്ചു നൽകുന്നതടക്കം നടപടികൾ കാര്യക്ഷമമാക്കാൻ കോടതി നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

