കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകൾ, പോളിങ് സാമഗ്രികൾ എന്നിവ ഇന്നു രാവിലെ 8 മുതൽ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്കു കൈമാറും. പഞ്ചായത്ത് ബൂത്തുകളിലേക്ക് 3 ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണു വിതരണം ചെയ്യുക.
നഗരസഭകളിലെ ബൂത്തുകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉണ്ടാകുക.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ മാനന്തവാടി സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂളിലും ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികൾ ബത്തേരി സെന്റ് മേരീസ് കോളജിലും കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികൾ എസ്കെഎംജെ ഹൈസ്കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികൾ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വിതരണം ചെയ്യും.
കൽപറ്റ നഗരസഭയിലെ വോട്ടിങ് സാമഗ്രികൾ കൽപറ്റ എസ്ഡിഎംഎൽപി സ്കൂളിലും മാനന്തവാടി നഗരസഭയുടെ മാനന്തവാടി സെന്റ് പാട്രിക് ഹയർ സെക്കൻഡറി സ്കൂളിലും ബത്തേരി നഗരസഭയുടേത് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലും വിതരണം നടത്തും.
വോട്ടിങ് മെഷിനുകൾക്ക് തകരാറുണ്ടായാൽ പകരം ഉപയോഗിക്കാൻ 25% മെഷീനുകൾ കരുതലായി സൂക്ഷിച്ചിട്ടുണെന്ന് കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
ബൂത്തിലെത്തിയാൽ ആശയക്കുഴപ്പം വേണ്ട
തിരഞ്ഞെടുപ്പിൽ സമ്മതിദായകർക്കു ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭകളിലെ വോട്ടർമാർക്ക് ഒരു വോട്ടാണ് ഉള്ളത്.
പോളിങ് ബൂത്തിൽ എത്തിയാൽ ഒന്നാം പോളിങ് ഉദ്യോഗസ്ഥൻ വോട്ടറുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. തുടർന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ കൈവിരലിൽ മഷി പുരട്ടി, വോട്ട് റജിസ്റ്ററിൽ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാൻ സ്ലിപ് കൈമാറും.
വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന് സ്ലിപ് കൈമാറുമ്പോൾ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തി വോട്ട് ചെയ്യാൻ മെഷിൻ സജ്ജമാക്കും.
വോട്ട് രേഖപ്പെടുത്താൻ വോട്ടിങ് കമ്പാർട്ട്മെന്റിൽ എത്തിയ ശേഷം ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തുന്ന സമയത്ത് ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയും. മൂന്ന് വോട്ടുകളും രേഖപ്പെടുത്തി എൻഡ് ബട്ടൺ അമർത്തുമ്പോൾ നീണ്ട
ബീപ് ശബ്ദം കേൾക്കുമ്പോഴാണ് വോട്ടിങ് പ്രക്രിയ പൂർത്തിയാകുന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും മെഷീനുകൾ ക്രമീകരിക്കുക.
ജില്ലാ പഞ്ചായത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള മെഷീനിൽ ഏറ്റവും താഴെയായി എൻഡ് ബട്ടണുണ്ടാവും.
നഗരസഭയുടെ ബാലറ്റിൽ എൻഡ് ബട്ടണില്ല. 3 വോട്ടും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ താൽപര്യമുള്ള സ്ഥാനാർഥികൾക്കു നേരെയുള്ള ബട്ടൺ അമർത്തി എൻഡ് ബട്ടൺ അമർത്തിയാൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരിനു നേരെയുള്ള ചുവപ്പ് ലൈറ്റ് തെളിയുകയും നീണ്ട
ബീപ് ശബ്ദം കേൾക്കുകയും ചെയ്യും. ഇതോടെ വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ പൂർത്തിയാകും.
ബീപ് ശബ്ദം കേൾക്കാതിരുന്നാലോ സഹായം ആവശ്യം ഉണ്ടെങ്കിലോ വോട്ടർമാർ പ്രിസൈഡിങ് ഓഫിസറുമായി ബന്ധപ്പെടണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

