കേരളത്തിന്റെ തെക്കിന്റെ തെക്കേയറ്റത്തെ അയിങ്കാമം വാർഡിൽ ഭാഷ രണ്ടും അറിയണം, വോട്ടർമാരോടു സംസാരിക്കാൻ. മലയാളത്തിൽ വോട്ട് ചോദിച്ചു മുറുകി വരുമ്പോഴേക്കും വോട്ടർ മിഴിച്ചു നിൽക്കും.
അപ്പോഴാകും ഭാഷ വേറെയാണെന്നു തിരിച്ചറിയുന്നത്. പിന്നെ, തമിഴിൽ തുടങ്ങണം. പാറശാല പഞ്ചായത്തിലെ ഈ വാർഡിന്റെ മൂന്നു വശവും തമിഴ്നാടാണ്.
തമിഴ്നാട്ടിൽനിന്നു വിവാഹം കഴിഞ്ഞു പാറശാലയിൽ അയിങ്കാമത്ത് എത്തിയവരാണ് ഏറെയും. ആമ്പാടി ക്ഷേത്രത്തിനു മുന്നിലെ അയിങ്കാമം ഗവ.എൽപി സ്കൂളിലെ ബൂത്തിനു മുന്നിൽനിന്നു സ്ഥാനാർഥികൾ നാട്ടുചിത്രം വിവരിക്കുമ്പോൾ ചിരിയോടെ കടന്നുപോകുന്ന തമിഴ്നാട്ടുകാർ.
താമസം കേരളത്തിലാണെങ്കിലും സർവീസുകളെല്ലാം തമിഴ്നാട്ടിലാണെന്നു സ്ഥാനാർഥികൾ. ബസ് മുതൽ വിദ്യാഭ്യാസം വരെ അയൽസംസ്ഥാനത്ത്.
സ്ത്രീകൾക്കു സൗജന്യ യാത്രയായതിനാൽ പെൺകുട്ടികൾ തമിഴ്നാട്ടിൽ പഠിക്കും.
അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശാല, കാരോട്, കുളത്തൂർ പഞ്ചായത്തുകൾക്ക് തെക്കതിര് തമിഴ്നാടാണ്. റോഡിന് അപ്പുറവും ഇപ്പുറവും സംസ്ഥാനം രണ്ടാണെങ്കിലും തിരഞ്ഞെടുപ്പാവേശം ഒരേതോതിൽ.
കേരളത്തിലെ വോട്ടർമാരിൽ പലരും തമിഴ്നാട്ടിലാണു താമസം. ചിലർ തിരിച്ചും.
അവിടെയും ഇവിടെയും വോട്ടുള്ളവരും കുറവല്ലെന്നു കാരക്കോണം സ്വദേശി ഗോപൻ. എല്ലാ സ്ഥാനാർഥികളും വോട്ടുറപ്പിക്കാൻ തമിഴ്നാട്ടിലും പോകും.
ഓരോ വോട്ടിനും തങ്കവില ഉള്ളതിനാൽ കാറും ബൈക്കുമൊക്കെ കുതിക്കുകയാണു തമിഴ്നാട്ടിലേക്ക്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പ് കേരളത്തിലും തമിഴ്നാട്ടിലും ഒരേ സമയത്തായതിനാൽ ഈ പരിപാടിയില്ലെന്ന് ഉണ്ടൻകോട് സ്വദേശി ജ്ഞാനദാസൻ പറഞ്ഞു.
വെള്ളറട ബസ് സ്റ്റാൻഡിൽ ചെന്നാൽ തിരഞ്ഞെടുപ്പാവേശം പകുതിപ്പേരിലേ ഉള്ളൂ.
തമിഴ്നാട്ടിൽ നിന്നുള്ളവരാണു യാത്രക്കാരിൽ നല്ലൊരു ഭാഗവും. അപ്പുറത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത വർഷമാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് ബഹളങ്ങൾ ‘റൊമ്പ അഴകായ്റ്ക്ക്’ എന്നു യാത്രക്കാരി സെൽവി. തമിഴ്നാട്ടിൽ പ്രചാരണത്തിന് ഇത്ര കോലാഹലങ്ങളില്ലത്രേ.
അമ്പൂരി കുമ്പിച്ചൽക്കടവിൽ പാലം വന്നതോടെ മായത്തെ സ്കൂളിലെ ബൂത്തിലേക്ക് എത്താൻ വള്ളം വേണ്ട. എങ്കിലും മായത്തിന് അക്കരെ ആദിവാസി ഉന്നതിയിൽ ബൂത്തുണ്ട്.
അവിടെയുള്ളവർക്ക് അവിടെ വോട്ട് ചെയ്യാം. ഉന്നതിയുടെ കുന്നു കയറിയാൽ എത്തുന്നത് ആറുകാണു ജംക്ഷനിൽ.
മലയാളമാണു മുഖ്യം; തമിഴ്നാടാണു ദേശം. അവരെല്ലാം പല സമയങ്ങളിലായി വരുന്നുണ്ട്, അയലത്തെ വോട്ടെടുപ്പുത്സവം കാണാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

