പത്തനംതിട്ട ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 66.78 % പോളിങ്.
(അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിൽ വ്യതിയാനം ഉണ്ടാകും). 10,62,756 വോട്ടർമാരിൽ 7,09,695 പേർ വോട്ട് ചെയ്തു.
പുരുഷ വോട്ടർമാർ 3,30, 212 (67.28 %) സ്ത്രീ വോട്ടർമാർ 3,79, 482 (66.35 %) ട്രാൻസ്ജെൻഡർ ഒന്ന് (33.33 %) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി.വൈകിട്ട് ആറോടെ 7,03,764 പേർ (66.22 %) വോട്ടു രേഖപ്പെടുത്തി. ജില്ലയിലാകെ 6,001 വോട്ടർമാർ മാത്രമാണ് 6 കഴിഞ്ഞ് വോട്ട് ചെയ്തത്.
നഗരസഭകളിൽ ഏറ്റവും പോളിങ് പന്തളത്ത്
ജില്ലയിലെ നഗരസഭകളിൽ ഏറ്റവും കൂടുതൽ പോളിങ് ഇത്തവണയും പന്തളത്ത്.
71.28 ശതമാനമാണ് ഇത്തവണത്തെ പോളിങ്. കഴിഞ്ഞ തവണ ഇത് 76.36 ആയിരുന്നു.
ഇത്തവണ പത്തനംതിട്ട നഗരസഭയിൽ 67.87 ശതമാനവും അടൂരിൽ 64 ശതമാനവും തിരുവല്ലയിൽ 60.83 ശതമാനവുമാണ് പോളിങ്.
കഴിഞ്ഞ വർഷം യഥാക്രമം ഇത് 71.49, 68.42, 64.68 എന്നിങ്ങനെയായിരുന്നു. പന്തളത്ത് ഇക്കുറി വോട്ടർമാർ 35,623 പേരായിരുന്നു. ഇതിൽ 25,391 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
11,367 പേർ പുരുഷൻമാരും 14,024 സ്ത്രീ വോട്ടർമാരുമാണ്.
2015ൽ നഗരസഭ രൂപീകരിച്ചതിനു ശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. 2015ൽ എൽഡിഎഫായിരുന്നു ഭരണത്തിലെത്തിയത്.
2020ൽ ബിജെപി 18 സീറ്റ് നേടി അധികാരത്തിലെത്തി. കേരളത്തിൽ ബിജെപി ഭരണം നേടിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തുടക്കംകുറിച്ചത് പന്തളത്തായിരുന്നു. പതിനായിരങ്ങൾ പങ്കെടുത്ത നാമജപ ഘോഷയാത്ര നടന്നത് 2018 ഒക്ടോബർ രണ്ടിനും.
2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വിഷയവും സജീവ ചർച്ചയായത് നേട്ടമായെന്നു ബിജെപിയും അവകാശപ്പെട്ടിരുന്നു. ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫും യുഡിഎഫും ഭരണം നിലനിർത്താൻ ബിജെപിയും ഇത്തവണ ശക്തമായ പോരാട്ടമാണ് നടത്തിയത്.
പോളിങ് ശതമാനം താഴേക്ക്
പത്തനംതിട്ട
∙ മഴ മാറിനിന്ന വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർ സ്ഥാനാർഥികൾക്കു കരുതിവച്ച വിധിയെന്തെന്നറിയാൻ ഇനി കാത്തിരിപ്പിന്റെ 3 ദിനങ്ങൾ. രാവിലെ 7ന് വോട്ടെടുപ്പ് തുടങ്ങും മുൻപു തന്നെ നീണ്ടനിര പലയിടത്തും ദൃശ്യമായിരുന്നു.
കിഴക്കൻ മലയോര മേഖലയിലും തോട്ടം മേഖലയിലുമെല്ലാം വോട്ടർമാർ രാവിലെ തന്നെ ഒഴുകിയെത്തി. നഗരസഭകളിലും രാവിലെ തന്നെയായിരുന്നു തിരക്ക്.ഉച്ചവരെ പുരുഷ വോട്ടർമാരാണു കൂടുതലെത്തിയത്.
ഉച്ചയ്ക്കു 12നു മുൻപ് വനിതാ വോട്ടർമാരെക്കാൾ 4 ശതമാനത്തിലധികം പുരുഷ വോട്ടർമാർ വോട്ട് ചെയ്തിരുന്നു. പിന്നീട് വൈകിട്ടോടെ ഈ വ്യത്യാസത്തിൽ കുറവുണ്ടായി.
കുട്ടികളെയും ചെറുപ്പക്കാരെയും പലയിടത്തും കാണാനില്ലായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്നവരെ മാറ്റി നിർത്തിയാൽ വോട്ടെടുപ്പിലെ പങ്കാളിത്തം കുറഞ്ഞെന്നു വേണം മനസ്സിലാക്കാൻ.
വോട്ടിങ് മെഷീനുകൾ 20ലേറെ കേന്ദ്രങ്ങളിൽ തകരാറിലായത് വോട്ടർമാരെ വലച്ചു.
മണിക്കൂറുകളാണ് ആളുകൾ കാത്തു നിൽക്കേണ്ടി വന്നത്. നിഷ്പക്ഷ വോട്ടർമാരെ നിർബന്ധിച്ച് ബൂത്തുകളിലെത്തിച്ച പാർട്ടി പ്രതിനിധികളും ഇതിൽ വലഞ്ഞു.
ചിലയിടത്ത് ബൂത്തിനു പുറത്ത് തർക്കങ്ങളും സംഘർഷങ്ങളുമുണ്ടായി. കടമ്മനിട്ട, തിരുവല്ല, അടൂർ തുടങ്ങി അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് ഇതു കയ്യാങ്കളിയിലേക്കു നീണ്ടത്.
പൊലീസിന്റെ സമയോചിത ഇടപെടൽ ഇക്കാര്യത്തിലുണ്ടായി. ബൂത്ത് ഏജന്റുമാരുടെ അനാവശ്യ ഇടപെടലുകൾക്കെതിരെയും ചില മേഖലകളിൽ പരാതികളുണ്ടായി. വൈകിട്ട് 4നു ശേഷം ബൂത്തുകൾ കാലിയായിരുന്നു.
വൈകിട്ട് 6നു ശേഷം അപൂർവം ബൂത്തുകളിൽ മാത്രമാണ് ടോക്കൺ നൽകേണ്ടി വന്നത്.
പോളിങ്ങിലെ കുറവ്
കോവിഡ് കാലമായിരുന്ന 2020-ൽ 69.72 ശതമാനവും 2015-ൽ 72.89 ശതമാനവുമായിരുന്നു ത്രിതല പഞ്ചായത്തിലെ പോളിങ്. നഗരസഭകളിൽ ഇത് യഥാക്രമം 69.83 ശതമാനവും 72.14 ശതമാനവുമായിരുന്നു.
ഇതിൽ ഇത്തവണയും കുറവുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്. വർധിക്കുന്ന കുടിയേറ്റവും ജെൻ സീകളുടെ തിരഞ്ഞെടുപ്പ് താൽപര്യക്കുറവും രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി കണക്കിലെടുക്കേണ്ടി വരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

