പാലക്കാട് ∙ പ്ലസ് വൺ വിദ്യാർഥിയായ റോളർ സ്കേറ്റിങ് ദേശീയ താരത്തെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ നടപടിയുമായി സ്കൂൾ. മർദിച്ച വിദ്യാർഥികളെ 10 ദിവസത്തേക്കു സസ്പെൻഡ് ചെയ്തു.
പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിൽ ചേർന്ന യോഗത്തിലാണു തീരുമാനം. പിഎംജി സ്കൂളിലെ വിദ്യാർഥി അബ്ദുൽ നിഹാലിനാണു (16) മർദനമേറ്റത്.
ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിഹാൽ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തി.
രണ്ട് എല്ലുകൾ പൊട്ടിയ നിഹാലിന്റെ ഇടതുകൈയ്ക്ക് ശസ്ത്രക്രിയ നടത്തി. തലയ്ക്കും മുഖത്തും പരുക്കേറ്റിരുന്നു. പൊലീസ് ഇന്നു വീട്ടിലെത്തി വിദ്യാർഥിയുടെ മൊഴിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നു പിതാവ് പറഞ്ഞു.
കഴിഞ്ഞ 5ന് ഉച്ചയ്ക്ക് ഭക്ഷണംകഴിച്ചു മടങ്ങുകയായിരുന്ന നിഹാലിനെ സ്കൂളിനു മുന്നിൽ നിന്നിരുന്ന പത്തിലധികം വിദ്യാർഥികൾ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്ന മറ്റു വിദ്യാർഥികൾക്കും മർദനമേറ്റിരുന്നു.
സുഹൃത്തിനെ അന്വേഷിച്ച് പ്ലസ്ടു ക്ലാസിൽ കയറിയ നിഹാലിനെ സീനിയർ വിദ്യാർഥികൾ ചോദ്യംചെയ്തതു തർക്കത്തിനു കാരണമായെന്നും അതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നു പറയുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു പിടിഎ കമ്മിറ്റി അറിയിച്ചു.
വിദ്യാർഥികൾക്കു കൗൺസലിങ് ഉൾപ്പെടെ നൽകി ബോധവൽക്കരിക്കും. ദേശീയ ചാംപ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി അബ്ദുൽ നിഹാൽ രണ്ടുതവണ സ്വർണം നേടിയിട്ടുണ്ട്. മാർച്ചിൽ നടക്കുന്ന ചാംപ്യൻഷിപ്പിനായുള്ള പരിശീലനത്തിലായിരുന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ ജില്ലാ ടീമിലെ അംഗമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

