തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോടതിയുടെയും കോൺഗ്രസ്സിൻ്റെയും നടപടികൾ വന്നതിന് ശേഷം പങ്കെടുത്ത ആദ്യത്തെ പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചു. കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയുടെയും പൊതുസമ്മേളനത്തിൻ്റെയും ഉദ്ഘാടന വേളയിൽ, മുഖ്യമന്ത്രി തൻ്റെ പ്രസംഗം സർക്കാരിൻ്റെ ഭരണനേട്ടങ്ങളിലും ഇടതുപക്ഷ മുന്നണിയുടെ പ്രവർത്തനങ്ങളിലും മാത്രമായി കേന്ദ്രീകരിച്ചു.
പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം വേദിയിലുണ്ടായിരുന്ന എം മുകേഷ് എംഎൽഎയ്ക്ക് ഹസ്തദാനം നൽകിയ ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്. രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള നടപടികൾക്ക് പിന്നാലെ, എം മുകേഷിനെതിരായ ലൈംഗികാതിക്രമ ആരോപണം കോൺഗ്രസ് നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലടക്കം വീണ്ടും സജീവ ചർച്ചയാക്കിയിട്ടുണ്ട്.
മുകേഷിനെതിരെ സിപിഎം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യം കോൺഗ്രസ് ഉയർത്തുന്നു. എന്നാൽ, മുകേഷ് പാർട്ടി അംഗമല്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ സംഘടനാപരമായ നടപടി സാധ്യമല്ലെന്നും, വിഷയത്തിൽ പാർട്ടി വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു.
കേസിൽ തുടർനടപടികൾ ഉണ്ടാകുമ്പോൾ അത് പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലാത്സംഗ കേസിൽ കോടതി ജാമ്യം നിരസിച്ച സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിനായുള്ള അന്വേഷണം പ്രത്യേക സംഘം ശക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം, രാഹുലിനെതിരായ രണ്ടാമത്തെ പീഡന പരാതിയിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരാതി നൽകിയ 23-കാരിയുടെ മൊഴിയെടുക്കുന്നതിനായി സമയം ആവശ്യപ്പെട്ടുകൊണ്ട്, യുവതി പരാതി അയച്ച അതേ ഇ-മെയിൽ വിലാസത്തിലേക്ക് പോലീസ് നോട്ടീസ് അയച്ചു.
സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന പരാതിക്കാരിയെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്. വിവാഹാലോചനയുടെ ഭാഗമായി സംസാരിക്കാനായി വിളിച്ചുവരുത്തി രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
കെപിസിസി അധ്യക്ഷന് നൽകിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറുകയായിരുന്നു. 2023-ലാണ് രാഹുൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

