തൃശൂർ∙ കറുപ്പും വെള്ളയും ഇടകലർന്ന ചെസ് ബോർഡിലെ ചതുരക്കളങ്ങൾ പോലെ കേരളത്തിന്റെ ചെസ് ഗ്രാമമായ മരോട്ടിച്ചാലിന് ഇന്ന് നീല, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങൾ ഇടകലർന്ന രാഷ്ട്രീയ നിറമാണ്. ഈ മലയോര പ്രദേശത്തെ മരങ്ങളിലും വൈദ്യുത പോസ്റ്റുകളിലും തുടങ്ങി വ്യാപാര സ്ഥാപനങ്ങളുടെ ചുമരുകളിൽ വരെ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം പതിച്ച കൊടിയും നിറമുള്ള തോരണങ്ങളും സ്ഥാനാർഥികളുടെ മുഖം പതിച്ച പോസ്റ്റുകളും നിറഞ്ഞു നിൽക്കുന്നു. പ്രായഭേദമില്ലാതെ വർഷങ്ങളായി നാട് മുഴുവൻ ഒന്നിച്ചിരുന്നു ചെസ് കളിക്കുന്നു എന്ന രാജ്യാന്തര പ്രശസ്തി നേടിയ മരോട്ടിച്ചാലിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളും സജീവമാണ്.
പുത്തൂർ പഞ്ചായത്തിലെ 3 വാർഡുകളിലായുള്ള മരോട്ടിച്ചാലിലെ കുടുംബങ്ങളിലെല്ലാം ചതുരംഗക്കളി വശമുള്ള വോട്ടർമാരാണുള്ളത്.
അതിനാൽ എതിരാളിയുടെ നീക്കങ്ങൾ മനസ്സിലാക്കി തന്ത്രപരമായി കരു നീക്കം നടത്തുന്നതു പോലെ ഇവിടെ സ്ഥാനാർഥികളും നേതാക്കളും കണക്കുകൂട്ടിയ പ്രചാരണ പ്രവർത്തനങ്ങളും മറ്റു നീക്കങ്ങളുമായി രംഗത്തുണ്ട്. ചതുരംഗക്കളത്തിലെ കാലാളുകളുടെ പടനീക്കം എതിരാളി ശ്രദ്ധിക്കുന്നത് പോലെ സ്ഥാനാർഥികൾ ഇവിടുത്ത വോട്ടർമാരുടെ നീക്കങ്ങളും ശ്രദ്ധിക്കുന്നു. പതിറ്റാണ്ടുകൾക്കു മുൻപു നാട്ടുകാർ ഉണ്ണിമാമനെന്നു സ്നേഹത്തോടെ വിളിക്കുന്ന സി.ഉണ്ണിക്കൃഷ്ണനാണു മരോട്ടിച്ചാലിലെ ചെസ് സംസ്കാരത്തിനു തുടക്കമിട്ടത്.
പതിയെ നാട്ടുകാർ മുഴുവൻ ചെസ് ബോർഡിനു മുന്നിൽ ഇരിക്കാൻ തുടങ്ങി. മരോട്ടിച്ചാൽ സെന്ററിലെ ഉണ്ണിക്കൃഷ്ണന്റെ ചായക്കടയാണ് പലപ്പോഴും പ്രധാന ചർച്ചാ വേദി.
ചെസിന്റെ ആദ്യകാല പാഠശാലയും ഈ ചായക്കടയായിരുന്നു.
ഇന്നലെയും മരോട്ടിച്ചാലിന്റെയും പുത്തൂർ പഞ്ചായത്തിന്റെയും വികസന ചർച്ചകളുമായി ചെസ് കളിക്കാർ ചായക്കടയിൽ ഒത്തുചേർന്നു. പുത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാവ് (08), മരോട്ടിച്ചാൽ (09), കള്ളായിക്കുന്ന് (10) എന്നീ വാർഡുകളിലെ വോട്ടർമാരാണ് പ്രധാനമായും ചർച്ചയിൽ പങ്കെടുത്തത്. വാർഡ് വിഭജനത്തിൽ തുടങ്ങി മലയോര ഹൈവേയും പിന്നിട്ട് ചർച്ച പുത്തൂരിന്റെയും മരോട്ടിച്ചാലിന്റെയും സമഗ്ര വികസനത്തിനു വരെ വഴിമാറി.
സൗഹൃദവും വികസനവും
ചെസ് സംസ്കാരത്തിനു തുടക്കമിട്ട
ഉണ്ണിക്കൃഷ്ണൻ തന്നെ തദ്ദേശ തിരഞ്ഞെടുപ്പു ചർച്ചയും തുടങ്ങിവച്ചു. ആരു ജയിച്ചാലും ചെസ് കളിയിലെ സൗഹൃദം പോലെ മരോട്ടിച്ചാലിൽ ഒരേപോലെ സൗഹൃദവും വികസനവും വേണമെന്നാണ് മുതിർന്ന വോട്ടറായ ഉണ്ണിക്കൃഷ്ണന്റെ അഭിപ്രായം.
പിന്നാലെ ചെസ് അസോസിയേഷൻ ഓഫ് മരോട്ടിച്ചാലിന്റെ മുൻ പ്രസിഡന്റ് ബേബി ജോൺ സ്കറിയ, പുതിയ പ്രസിഡന്റും യുവ വോട്ടറുമായ വിനീഷ് പ്ലാച്ചേരി, കള്ളായിക്കുന്നിലെ യുഡിഎഫ് സ്ഥാനാർഥി ജോസി ബേബി തുടങ്ങിയവർ ചർച്ച മുന്നോട്ടു നയിച്ചു.
ഇവിടെ ഇടത്–വലത് വ്യത്യാസമില്ലാതെ എല്ലാ പക്ഷക്കാരുമുണ്ടെന്നായിരുന്നു ബേബി ജോണിന്റെ പക്ഷം. ഇതോടെ വാർഡിനു വേണ്ടി പ്രവർത്തിക്കുന്ന ‘നല്ല മെംബർ’ വേണമെന്ന് ഭൂരിഭാഗം വോട്ടർമാരും ചൂണ്ടിക്കാട്ടി.
എന്നാൽ നല്ല വ്യക്തി എന്നതിനൊപ്പം ഉത്തരവാദിത്തമുള്ള മുഴുവൻ സമയ വാർഡ് അംഗങ്ങൾ വേണമെന്ന യുവ വോട്ടർ വിനീഷ് പ്ലാച്ചേരിയുടെ അഭിപ്രായം ചായ പോലെ ചർച്ചയെ ചൂടാക്കി. വാർഡ് അംഗം ചുമതല ഉപേക്ഷിച്ചാലും പകരം ഉത്തരവാദിത്തപ്പെട്ടവർ ഉണ്ടാകുമെന്നു മറുവാദം ഉയർന്നു. ഇതിനിടെ പ്രദേശത്തിന്റെ വികസനത്തിനു ഗുണം ചെയ്യുന്ന മലയോര ഹൈവേ ഉടൻ യാഥാർഥ്യമാക്കണമെന്ന ആവശ്യമുയർന്നു.
ഇതോടൊപ്പം വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ വന്യജീവി ആക്രമണ–പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ചിലർ ആവശ്യപ്പെട്ടു. ഓലക്കയം വെള്ളച്ചാട്ടത്തിലേക്ക് വനം വകുപ്പ് അനുമതിയോടെ പ്രവേശനം അനുവദിക്കണമെന്നും മിനി ഇക്കോ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നും വോട്ടർമാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

