കൊല്ലം ∙ ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13,056 ഉദ്യോഗസ്ഥർ. 3,264 വീതം പ്രിസൈഡിങ് ഓഫിസർമാരും 3,264 ഫസ്റ്റ് പോളിങ് ഓഫിസർമാരും 6,528 പോളിങ് ഓഫിസർമാരും ഉൾപ്പെടെയാണ് 13,056 ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് തയാറെടുക്കുന്നത്. 4,016 പുരുഷന്മാരും 9,040 സ്ത്രീകളും.
ഒരു പ്രിസൈഡിങ് ഓഫിസർ, ഒരു ഫസ്റ്റ് പോളിങ് ഓഫിസർ, രണ്ട് പോളിങ് ഓഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ഇന്ന് മുതൽ ഉദ്യോഗസ്ഥർക്കും വിവിധ സ്ഥാപനങ്ങൾക്കും ഇ-ഡ്രോപ് വെബ്സൈറ്റിലൂടെ https://www.edrop.sec.kerala.gov.in വിവരങ്ങൾ ലഭ്യമാകും.
ഓരോരുത്തർക്കും അനുവദിച്ച ബൂത്ത്, വിതരണ-സ്വീകരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഉദ്യോഗസ്ഥർ എത്തിച്ചേരേണ്ട
സമയം തുടങ്ങിയ വിവരങ്ങൾ സൈറ്റിൽ നിന്ന് ലഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള റിസർവ് വിഭാഗത്തിൽ 2,176 ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എൻ.ദേവിദാസ് അറിയിച്ചു. യോഗത്തിൽ എഡിഎം ജി.നിർമൽ കുമാർ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ബി.ജയശ്രീ, സൂപ്രണ്ടുമാരായ രമേഷ് മാധവൻ, കെ.സുരേഷ്, എൻഐസി ഓഫിസർ പി.എസ് സുമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റ് ക്രമീകരണത്തിനു തുടക്കം
കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ക്രമീകരിക്കുന്നതിനു തുടക്കമായി. കൊല്ലം കോർപറേഷൻ, മുഖത്തല, അഞ്ചൽ, ശാസ്താംകോട്ട
ബ്ലോക്കുകളിലെ കമ്മിഷനിങ് വരും ദിവസങ്ങളിലും തുടരും. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളിൽ ഇന്നും ഇത്തിക്കര ബ്ലോക്കിൽ നാളെയും കമ്മിഷനിങ് നടക്കും.
രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതത് മണ്ഡലങ്ങളിലെ വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മിഷനിങ് നടപടികൾ പുരോഗമിക്കുന്നത്.
പ്രചാരണത്തിനിടെ സ്ഥാനാർഥി പരീക്ഷാഹാളിലേക്ക്
കൊട്ടാരക്കര∙പ്രചാരണ തിരക്കിനിടെ സ്ഥാനാർഥി ജോഷ്ന ജോൺസൺ പരീക്ഷയെഴുതാനും സമയം കണ്ടെത്തി. ഇന്നലെ രാവിലെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെത്തി എംകോം രണ്ടാം വർഷ ഇന്റേണൽ പരീക്ഷ എഴുതി.
നെടുവത്തൂർ വെൺമണ്ണൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കോൺഗ്രസുകാരിയായ ജോഷ്ന ജോൺസൺ.കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ രണ്ടാം വർഷ എംകോം വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം കോളജ് യൂണിയൻ വൈസ് ചെയർമാനായിരുന്നു.
പൊലീസ് റൂട്ട് മാർച്ച് നടത്തി
കൊല്ലം ∙ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രശ്ന ബാധിത സ്ഥലങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരമാണ് കൊല്ലം സബ്ഡിവിഷന്റെ സ്റ്റേഷൻ പരിധികളിൽ റൂട്ട് മാർച്ച് നടത്തിയത്. കൊല്ലം ഈസ്റ്റ്, വെസ്റ്റ്, പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു മാർച്ച്.
കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് സിഐ പുഷ്പകുമാർ, വെസ്റ്റ് സിഐ ആർ.രാജേഷ് എന്നിവരും പങ്കെടുത്തു. മറ്റിടങ്ങളിൽ വരും ദിവസങ്ങളിലാവും മാർച്ച്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

