പനമരം∙റെയിൽവേ പരീക്ഷ എഴുതാൻ പുലർച്ചെ പിതാവിനൊപ്പം മൈസൂരുവിലേക്ക് പോകാനിറങ്ങിയ യുവാവിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. നീർവാരം നെടുംകുന്നേൽ മോഹനൻ സുജാത ദമ്പതികളുടെ മകൻ എം.സത്യജ്യോതിയെ(22) ആണ് പുഞ്ചവയൽ – ദാസനക്കര പ്രധാന പാതയിൽ വച്ച് കാട്ടാന ആക്രമിച്ചത്.
നട്ടെല്ലിനും കൈകാലുകൾക്കും സാരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വനംവകുപ്പ് ചെതലയം റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സത്യജോതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതവേലി തകർത്ത് മഞ്ഞവയൽ ഭാഗത്തുനിന്ന് ഇറങ്ങിയ കാട്ടാനയാണു ജനവാസമേഖലയിൽ ഇറങ്ങി ആക്രമണം നടത്തിയത്.
പരുക്കേറ്റ സത്യജ്യോതിക്ക് വനംവകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നു സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.
കാട്ടാന ആക്രമണമുണ്ടായ പ്രദേശത്ത് കൂടുതൽ വാച്ചർമാരെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും കാട്ടാന തകർത്ത വൈദ്യുത വേലി പുനർനിർമിക്കാൻ നടപടി സ്വീകരിച്ചതായും വനംവകുപ്പ് പറഞ്ഞു.
നാട്ടുകാർ റോഡ് ഉപരോധിച്ചു
നീർവാരം∙ യുവാവിനെ കാട്ടാന ആക്രമിച്ചതിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർച്ചയായുള്ള കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ തയാറാകാത്ത വനംവകുപ്പിന്റെ നടപടിയിലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിലുള്ള വീഴ്ചയിലും പ്രതിഷേധിച്ച് ദാസനക്കര – പുഞ്ചവയൽ റോഡിൽ നീർവാരം കുരിശുകവല ജംക്ഷനിലാണ് റോഡ് ഉപരോധിച്ചത്.
ജനപ്രതിനിധികളും മറ്റും ഇടപെട്ടതോടെ പ്രതിഷേധസമരം അവസാനിപ്പിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു.
സിബി നീർവാരം, ജോയി തേലക്കാട്ട്, സജീവൻ നീർവാരം, ബിനോയി വെള്ളപ്ലാക്കൽ, കുഞ്ഞച്ചൻ വേങ്ങാശേരി എന്നിവർ നേതൃത്വം നൽകി.
സിപിഎം പ്രതിഷേധിച്ചു
പനമരം∙ നീർവാരത്തെ കാട്ടാന ആക്രമണത്തിൽ ഡിഎഫ്ഒയെ സിപിഎം പ്രതിഷേധമറിയിച്ചു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സത്യജോതിക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ നൽകണമെന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് നീർവാരത്തെ സിപിഎം പ്രവർത്തകരായ സിപിഎം പനമരം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എം.സുധാകരൻ, കെ.എസ്.
പ്രദീഷ്, കെ.യു. ഉദയകുമാർ, കെ.വി.വിവേക്, എം.കെ.
ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡിഎഫ്ഒയെ പ്രതിഷേധമറിയിച്ചത്. കാട്ടാനശല്യം തടയുന്നതിന് നീർവാരം കല്ലുവയൽ അമ്മാനി പ്രദേശത്ത് താൽക്കാലിക വാച്ചർമാരുടെ എണ്ണം വർധിപ്പിക്കണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

