പുതിയ കാലത്ത് പൂച്ചകളാണ് താരം. റീൽസിൽ പൂച്ച, വീട്ടിൽ പൂച്ച, കാർട്ടൂണിൽ പൂച്ച എന്തിനേറെ എഐ വീഡിയോകളിൽ വരെ പൂച്ച.
മഹാ നഗരങ്ങൾ മുതൽ റിമോട്ട് ഐലന്റുകളിൽ വരെ എല്ലായിടത്തും പൂച്ച. ഒന്ന് പുറത്തേക്ക് ഇറങ്ങിയാൽ കാണും ചുരുങ്ങിയത് രണ്ടെണ്ണം.
വിവിധ ബ്രീഡുകളിൽ വിവിധ കളറുകളിൽ വിലസി നടക്കുകയാണ് പൂച്ചകൾ. പൂച്ച പ്രേമികളും പൂച്ച പഠനങ്ങളും കുറവല്ല.
ഇതോടൊപ്പം തന്നെ കൗതുകമുണ്ടാക്കുന്ന മറ്റൊരു കാര്യമുണ്ട്. എന്ന് മുതലാണ് ഈ പഞ്ചാരപ്പൂച്ചകൾ കാടിനെ വിട്ട്, കടുപ്പക്കാരായ ക്യാറ്റ് ഫാമിലിയിലെ പുലികളെയും കടുവകളെയും വിട്ട് മനുഷ്യരുടെ മടിയിലിരുന്ന് കുറുകാൻ തുടങ്ങിയത്? എങ്ങനെ എപ്പോൾ എവിടെ വെച്ചാണ് കാട്ടുപൂച്ചകൾ വന്യത നഷ്ടപ്പെട്ട് ഇണക്കമുള്ള ക്യൂട്ട് പൂച്ചകളായി എന്നത് ഗവേഷകരെ ഏറെക്കാലമായി ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ഇത് സംബന്ധിച്ച് ഒരു പുതിയ പഠനം എത്തിയിട്ടുണ്ട്. കൗതുകകരമായ ആ പഠനത്തിൽ പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
പശ്ചിമേഷ്യയിലെ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തുള്ള ലെവന്റ് എന്ന സ്ഥലത്ത് 10,000 വർഷങ്ങൾക്ക് മുമ്പ് കൃഷി തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് പൂച്ചകളും മനുഷ്യരും അടുത്തത് എന്നായിരുന്നു നേരത്തെ കരുതിപ്പോന്നിരുന്നത്. എന്നാൽ, പൂച്ചകളുടെ മനുഷ്യസ്നേഹം അതിലുമേറെ വൈകിയാണ് സംഭവിച്ചത് എന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.
ലെവന്റിലും ഈജിപ്തിൽ ഫറവോമാരുടെ കാലത്തും പൂച്ചകളെ മെരുക്കി വളർത്തിയിരുന്നതായി തെളിവുകളുണ്ട്. അതെല്ലാം കാട്ടുപൂച്ചകളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
യൂറോപ്പ്, നോർത്ത് ആഫ്രിക്ക, അനറ്റോലിയ എന്നിവിടങ്ങളിലെ ആർക്കിയോളജിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച പുരാതന പൂച്ചകളുടെ അസ്ഥികൂടങ്ങളിലെ ഡിഎൻഎ പരിശോധനയാണ് ഗവേഷകർ നടത്തിയത്. ഈ അസ്ഥികളുടെ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ പരിശോധിക്കുകയും ചെയ്ത് ഇത് ആധുനിക പൂച്ചകളുടേതുമായി താരതമ്യം നടത്തിയായിരുന്നു പഠനം.
ഗവേഷകർ പൂച്ചകളുടെ റേഡിയോ കാർബൺ ഡേറ്റിങ് നടത്തി. ബിസി 200ന് മുമ്പ് ജീവിച്ചിരുന്ന പൂച്ചകൾ ആധുനിക വളർത്തുപൂച്ചകളുടെ പൂർവികരല്ല എന്നാണ് ഇവരുടെ കണ്ടെത്തൽ.
പുരാതന കലകളിലും വരകളിലും പൂച്ചകളെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അതൊന്നും വളർത്തുപൂച്ചകളായിരുന്നില്ല എന്നതാണ് ഈ പഠനം നൽകുന്ന സൂചന. നോർത്ത് ആഫ്രിക്കയിലാണ് പൂച്ചകൾ വളർത്തുപൂച്ചകളായതെന്നും ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് അവ യൂറോപ്പിൽ എത്തിയതെന്നുമാണ് പഠനത്തിൽ പറയുന്നത്.
മനുഷ്യരോട് അടുത്തതിന് ശേഷം കപ്പൽ വ്യാപാരത്തിന് പിന്നാലെയാണ് പൂച്ചകൾ പെറ്റ് ക്യാറ്റുകളെന്ന ഗണത്തിലേക്ക് വാഴ്ത്തപ്പെട്ടത്. എലിയെ പിടിക്കാനുള്ള കഴിവായിരുന്നു ഇതിന്റെ മൂലകാരണം.
കപ്പലുകളിലുള്ള ധാന്യങ്ങളും മറ്റും ഭക്ഷണമാക്കുന്ന എലികളെ തുരത്തുന്നതിൽ പൂച്ചകൾ ഹീറോകളായി. അവ റോമന്മാർക്കൊപ്പം യൂറോപ്പിലുടനീളവും യുകെയിലും സഞ്ചരിച്ചു.
പിന്നീട് സിൽക്ക് റൂട്ടിലൂടെ ചൈനയിലേക്കുമെത്തി. ഇന്ന് അന്റാർട്ടിക്കയിൽ ഒഴികെ ലോകത്തെമ്പാടും ഒരു പൂച്ച സാമ്രാജ്യമായി വിലസുന്നു.
2000 വർഷം മാത്രമെടുത്ത് പൂച്ച ഇത്രയധികം പ്രീതി നേടിയതുതന്നെ മനുഷ്യനുമായി പൊരുത്തപ്പെടാനുള്ള കഴിവിനെയാണ് എടുത്തുകാണിക്കുന്നത്. ചൈനയുടെ കാര്യത്തിൽ മറ്റൊരു ട്വിസ്റ്റുകൂടിയുണ്ട്.
വളർത്തുപൂച്ചകൾ എത്തുന്നതിന് മുമ്പേ ചൈനക്കാർ കാട്ടുപൂച്ചകളെ ഒപ്പം കൂട്ടിയിരുന്നത്രേ. പുള്ളിപ്പുലിയോട് സാമ്യമുള്ളതായിരുന്നു ഈ ലെപ്പേർഡ് ക്യാറ്റ് എന്ന് വിളിക്കുന്ന ഈ പൂച്ചക്കുട്ടികൾ.
ഇവ ഏകദേശം 3,500 വർഷത്തോളമായി ചൈനയിലെ മനുഷ്യർക്കൊപ്പം ജീവിച്ചിരുന്നു. ഈ ലെപ്പേർഡ് ക്യാറ്റ്-മനുഷ്യ കൂട്ടുകെട്ട് ഒരുതരം സഹഭോജിത്തമായിരുന്നു.
ഏഷ്യയിലെവിടെയും ഇവയെ വളർത്തുമൃഗങ്ങളായി വളർത്തിയിട്ടില്ല. ഇതിൽ കൗതുകപരമായ മറ്റൊരു കാര്യം ഈ ലെപ്പേർഡ് ക്യാറ്റുകളെ അടുത്തിടെ വളർച്ചുപൂച്ചകളുമായി ക്രോസ് ചെയ്ത് ബംഗാൾ പൂച്ചകളെ ഉത്പാദിപ്പിക്കുന്നുണ്ട്.
1980 മുതൽ ഇവ ഒരു പുതിയ ബ്രീഡായി അംഗീകരിക്കപ്പെട്ടു. എന്തൊക്കെയാണെങ്കിലും ഒരു സംഭവം തന്നെയാണ് പൂച്ച… ഇൻഡിപെൻഡന്റ് ആയ സെൽഫ് റെസ്പെക്ടുള്ള ഒരു അടിപൊളി മൃഗം.
ആരോ പറഞ്ഞതുപോലെ ഒന്നരക്കിലോ ഭാരം വെച്ച് ഒരു ക്വിന്റലിന്റെ ആറ്റിറ്റ്യൂട് ഇടുന്ന ഒരു കിടിലൻ ചങ്ങാതി. ജനിതക ഗവേഷകയായ ലെസ്ലി ലിയോൺസ് പറയുന്നതുപോലെ, പൂച്ചകൾ എന്നും നിഗൂഢതകളുടെ കൂടാണ്, അതിന് പിന്നലെ ഓരോ രഹസ്യങ്ങളും രോമം പൊഴിയുന്നതുപോലെ പുറത്തുവിടുകയാണ് അവർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

