റോഹ്തക്: വിവാഹച്ചടങ്ങിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത പാരാ അത്ലറ്റും ബോഡി ബിൽഡറുമായ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ഭിവാനിയിലാണ് ദാരുണമായ സംഭവം.
റോഹ്തക് സ്വദേശിയായ ദേശീയതാരം രോഹിത് ധൻഖർ (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി മർദ്ദനമേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
റോഹ്തക്കിലെ ജിംഖാന ക്ലബ്ബിലെ പരിശീലകനായിരുന്നു രോഹിത്. 2018-ൽ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവായിരുന്നു.
അന്നത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സ്വാതന്ത്ര്യദിന ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി. വെള്ളിയാഴ്ച സുഹൃത്തായ ജതിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്.
ചടങ്ങിനിടെ ചിലർ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട രോഹിത്, ഇത് ചോദ്യം ചെയ്യുകയും അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇതേത്തുടർന്ന് ചെറിയ തോതിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വിവാഹച്ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഹിതിന്റെയും ജതിന്റെയും കാർ റെയിൽവേ ക്രോസിംഗിൽ നിർത്തിയിട്ടപ്പോൾ, വടികളും മാരകായുധങ്ങളുമായി എത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം ഇവരെ വളയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
അക്രമികളിൽ നിന്ന് ജതിൻ രക്ഷപ്പെട്ടെങ്കിലും രോഹിത് സംഘത്തിന്റെ പിടിയിലായി. ഇവർ രോഹിതിനെ അതിക്രൂരമായി മർദ്ദിച്ചു.
ശരീരത്തിൽ മർദ്ദനമേൽക്കാത്ത ഒരു ഭാഗം പോലുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സംഘം പോയതിന് ശേഷം സ്ഥലത്തെത്തിയ ജതിൻ, രോഹിതിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ റോഹ്തക്കിലെ പിജിഐഎംഎസിലേക്ക് മാറ്റി. എന്നാൽ, ഡോക്ടർമാർ രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

