ന്യൂഡൽഹി: ജോലിഭാരത്തെ തുടർന്നുള്ള ബിഎൽഒമാരുടെ ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. രാജ്യത്ത് ഇതുവരെ 30 ബിഎൽഒമാർ ജീവനൊടുക്കിയെന്നും, കമ്മീഷൻ ഒരു വാക്ക് അനുശോചനം പോലും രേഖപ്പെടുത്തിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബിഎൽഒ, ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് കരഞ്ഞുപറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം കനത്തത്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഇന്നലെ ആത്മഹത്യ ചെയ്ത ബിഎൽഒ സർവേഷ് സിംഗ്, മരിക്കുന്നതിന് തൊട്ടുമുമ്പ് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാവും പകലും ജോലി ചെയ്തിട്ടും എസ്ഐആർ ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും, അമ്മ തന്നോട് ക്ഷമിക്കണമെന്നും സർവേഷ് സിംഗ് വീഡിയോയിൽ കരഞ്ഞുകൊണ്ട് പറയുന്നു. ജോലിഭാരമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കുന്നു.
മതിയായ പരിശീലനം പോലും നൽകാതെയാണ് ഉദ്യോഗസ്ഥരെ നിർണ്ണായക ജോലികൾ ഏൽപ്പിക്കുന്നതെന്ന് സർവേഷിന്റെ കുടുംബം കുറ്റപ്പെടുത്തി. ഈ ദൃശ്യങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ശക്തമാക്കിയത്.
കമ്മീഷൻ ബിജെപിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയാണെന്നും എല്ലാ സമ്മർദ്ദവും ബിഎൽഒമാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു. ഇത്രയധികം ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടും കമ്മീഷൻ തുടരുന്ന മൗനത്തെ ആം ആദ്മി പാർട്ടിയും ചോദ്യം ചെയ്തു.
മരിച്ച ബിഎൽഒമാരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപിയും ഉദ്യോഗസ്ഥരും ചേർന്ന് വൃത്തികെട്ട
രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

