ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണത്തെ വേദാരണ്യത്തിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് പ്രവേശിക്കും. മണിക്കൂറില് 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട്-ആന്ധ്രാ തീരപ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് 6000 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായി റവന്യൂ മന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
വേദാരണ്യത്തെ 9000 ഏക്കറോളം വരുന്ന ഉപ്പുപ്പാടങ്ങൾ വെള്ളത്തിനടിയിലായി. കടലൂർ ജില്ലയിൽ നിന്നും 929 ഗർഭിണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും വിവരമുണ്ട്.
ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് വിതച്ചത് കനത്ത നാശനഷ്ടങ്ങളാണ്. സ്ഥിതിഗതികൾ രൂക്ഷമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മരണസംഖ്യ നൂറ് പിന്നിട്ടതായാണ് പുറത്തുവരുന്ന വിവരം. കെലനി നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതിനെ തുടർന്ന് തലസ്ഥാനമായ കൊളംബോ പ്രളയഭീഷണിയിലാണ്.
രാജ്യത്തെ സ്കൂളുകൾക്ക് ഡിസംബർ 16 വരെ അവധി നൽകി. കൊളംബോ തുറമുഖത്തിൻ്റെ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെച്ചു.
700-ൽ അധികം വീടുകൾ തകർന്നതായി കണക്കാക്കുന്നു. രക്ഷാപ്രവർത്തനങ്ങളിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അസലങ്കയും സഹതാരങ്ങളും പങ്കാളികളായി.
രക്ഷാദൗത്യത്തിന് സഹായങ്ങൾ നൽകിയ ഇന്ത്യക്ക് ശ്രീലങ്കൻ സർക്കാരും പ്രതിപക്ഷവും നന്ദി അറിയിച്ചു. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും മഴ ശക്തമായി.
മോശം കാലാവസ്ഥയെ തുടർന്ന് 54 എടിആർ വിമാന സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ എയർലൈൻസ് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട
36 വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചു. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ സർവീസ് പൂർണ്ണമായും റദ്ദാക്കിയപ്പോൾ മറ്റ് 11 ട്രെയിനുകൾ ഭാഗികമായാണ് സർവീസ് നടത്തുന്നത്.
മുൻകരുതലിന്റെ ഭാഗമായി തമിഴ്നാട്ടിലെ 14 ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

