റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തയാഴ്ച ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്താനിരിക്കേ, പ്രതിരോധരംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യയുടെ ഒരുക്കം. റഷ്യയെ ചേർത്തുനിർത്തിത്തന്നെ, അമേരിക്കയുമായും പ്രതിരോധ രംഗത്ത് കൈകോർത്ത് മുന്നോട്ടുപോകുകയാണ് ഇന്ത്യ.
എംഎച്ച് 60ആർ ഹെലികോപ്റ്ററുകളുടെ നവീകരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി യുഎസുമായി ഇന്ത്യ 8,000 കോടി രൂപയുടെ കരാർ ഒപ്പുവച്ചു. ഇന്ത്യൻ നേവി യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്റകളാണിവ.
ഇന്ത്യയ്ക്ക് ഏകദേശം 1,000 കോടി രൂപ മതിക്കുന്ന ആയുധങ്ങൾ വിൽക്കാൻ അമേരിക്ക അനുമതി നൽകിയതിന് പിന്നാലെയാണ് ഈ കരാർ.
എക്സ്കാലിബർ പ്രിസിഷൻ അമ്യുണിഷൻ (ഷെല്ലുകൾ), ജാവലിൻ മിസൈൽ സംവിധാനം എന്നിവയാണ് ഈ കരാർ പ്രകാരം അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുക. ടാങ്കുകളെ അനായാസം തകർക്കാൻ സഹായിക്കുന്ന മിസൈലുകളാണ് ജാവലിൻ.
റഷ്യയിൽ നിന്ന് മിസൈൽ, യുദ്ധവിമാനം
ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ വ്യാപാര, പ്രതിരോധ ഇടപാടുകൾ ചർച്ചയാകും.
രൂപ-റൂബിൾ ഇടപാടുകളിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് മുഖ്യ ഊന്നലുണ്ടാകും. റഷ്യയിൽ നിന്ന് അധികമായി എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതും പരിഗണിക്കും.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു ഇവ. റഷ്യയിൽ നിന്ന് എസ്യു-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നതും ചർച്ചയായേക്കും.
അതിർത്തി രാജ്യങ്ങളിൽ അസ്വസ്ഥത
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങൾ യുദ്ധത്തിന്റെയും (പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും (നേപ്പാൾ, ബംഗ്ലദേശ്) പിടിയിലായ പശ്ചാത്തലത്തിൽ, അടുത്ത വർഷത്തെ ബജറ്റിൽ കേന്ദ്രം പ്രതിരോധ മേഖലയ്ക്കുള്ള ഫണ്ട് ഉയർത്തിയേക്കുമെന്നും സൂചനകളുണ്ട്.
സാധാരണ പ്രതിരോധ ബജറ്റ് ഓരോ വർഷവും 10% വീതമാണ് ഉയർത്താറുള്ളത്. ഇക്കുറി 20% വർധനയ്ക്കായി ആവശ്യപ്പെടുമെന്ന് പ്രതിരോധ മന്ത്രാലയ സെക്രട്ടറി രാജേഷ് കുമാർ സിങ് ‘ഫിക്കി’യുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കവേ പറഞ്ഞിരുന്നു.
ഓഹരിക്ക് ജിഡിപി മധുരം
യുഎസുമായി ഉഭയകക്ഷി വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമായേക്കുമെന്ന വിലയിരുത്തലും അതോടൊപ്പം റഷ്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നതും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമാകും.
പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ഇന്ത്യയുടെ ജിഡിപി ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 8.2% വളർന്നത് ഓഹരി വിപണിക്ക് വലിയ കരുത്താകും. കഴിഞ്ഞ 6 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണിത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവയുടെ ആഘാതം കഴിഞ്ഞപാദത്തിൽ പ്രതിഫലിച്ചില്ല.
എന്നാൽ, തീരുവയുടെ പ്രതിഫലനം വ്യക്തമാകുന്ന പൂർണ ത്രൈമാസം ഇപ്പോഴത്തെ പാദമായിരിക്കും (ഒക്ടോബർ-ഡിസംബർ). ട്രംപ് അടിച്ചേൽപ്പിച്ച തീരുവയെ മറികടക്കാൻ ജിഎസ്ടി ഇളവിലൂടെ ആഭ്യന്തര ഉപഭോക്തൃവിപണിക്ക് കേന്ദ്രം ഊർജം പകർന്നിരുന്നു.
ഇതിന്റെ നേട്ടം പൂർണമായി കിട്ടുംമുൻപുള്ള ജിഡിപി വളർച്ചയായിരുന്നു കഴിഞ്ഞപാദത്തിലേത്. സെപ്റ്റംബർ 22 മുതലായിരുന്നു ജിഎസ്ടി 2.0 ഇളവ് പ്രാബല്യത്തിൽ വന്നത്.
ഇതിന്റെ നേട്ടവും ഈ പാദത്തിലെ പ്രകടമാകൂ. എന്നിരുന്നാലും, ജിഡിപിയുടെ കുതിപ്പും ഇന്ത്യ-യുഎസ് ഡീൽ, ഇന്ത്യ-റഷ്യ സഹകരണം എന്നിവ ഓഹരി വിപണിക്ക് അടുത്തയാഴ്ച ആവേശം പകർന്നേക്കും.
പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക്
കഴിഞ്ഞദിവസം സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് തേരോട്ടം നടത്തിയെങ്കിലും ആ കുതിപ്പ് നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.
നവംബർ 27ന് (വ്യാഴം) സെൻസെക്സ് 86,000 പോയിന്റ് ഭേദിച്ചിരുന്നു. എന്നാൽ, വാരാന്ത്യത്തിൽ സൂചികയുള്ളത് 85,706ൽ ആണ്.
ഒരുഘട്ടത്തിൽ 26,300ന് മുകളിലെത്തിയ നിഫ്റ്റിയുള്ളത് 26,202ലും. ആഗോളതലത്തിൽ ആശങ്കപടർത്തി ഉയർന്ന ‘നിർമിത ബുദ്ധി കുമിള’പ്പേടി (എഐ ബബിൾ) മാറിയതും യുഎസിൽ അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും വിദേശ ഓഹരി സൂചികകൾക്ക് ഈയാഴ്ച ഉണർവ് പകർന്നിരുന്നു.
ഇതിന്റെ നേട്ടം ഇന്ത്യയിലും അലയടിച്ചു.
പണപ്പെരുപ്പം ആശ്വാസതലത്തിൽ തുടരുന്നതിനാൽ, അടുത്തയാഴ്ചത്തെ പണനയത്തിൽ റിസർവ് ബാങ്കും പലിശഭാരം കുറയ്ക്കുമെന്ന സൂചനകളുണ്ട്. ഇതും ഓഹരി വിപണിക്ക് നൽകുന്നത് കുതിച്ചുകയറാമെന്ന ശുഭപ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചാൽ ജനങ്ങൾക്കും കമ്പനികൾക്കും വായ്പാ തിരിച്ചടവ് ബാധ്യത കുറയും. ഇഎംഐ കുറയുമെന്നത് ഉപഭോക്തൃ വിപണിക്കും നേട്ടമാകും.
ജിഎസ്ടി ഇളവിന് പിന്നാലെ ഇഎംഐ ഭാരവും കുറയുന്നത് ഫലത്തിൽ നേട്ടമാവുക ഓഹരി വിപണിക്കായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

