ഗോവയിൽ വെച്ച് നടക്കുന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (IFFI) ടൊവിനോ തോമസ് നായകനായ ‘എആർഎം’ മികച്ച പ്രേക്ഷകപ്രശംസ നേടി. ഇന്ത്യൻ പനോരമയിലെ നവാഗത സംവിധായകരുടെ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
ഈ വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളിൽ ഏക മലയാള ചിത്രവും ജിതിൻ ലാൽ സംവിധാനം ചെയ്ത എആർഎം ആയിരുന്നു.
പ്രദർശനത്തിന് ശേഷം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു സിനിമയുടെ പ്രദർശനം.
ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം നായകൻ ടൊവിനോ തോമസും പ്രദർശനം കാണാൻ ഗോവയിൽ എത്തിയിരുന്നു. 2024-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഈ ഫാന്റസി അഡ്വഞ്ചർ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയും മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
2024-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി എആർഎം ശ്രദ്ധേയമായി. മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരം സംവിധായകൻ ജിതിൻ ലാൽ, ആൽഫ്രഡ് ടോമി, അനിരുദ്ധ് മുഖർജി, സലിം ലാഹിരി എന്നിവർക്കും, മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ടൊവിനോ തോമസിനും, ‘കിളിയേ’ എന്ന ഗാനത്തിന് കെ.എസ്.
ഹരിശങ്കറിന് മികച്ച ഗായകനുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോ തോമസ്, തൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചത്.
നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം എന്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. സുജിത് നമ്പ്യാർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ജഗദീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

