കൊല്ലം ∙ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും സിവിൽ പൊലീസ് ഓഫിസർക്കു നൽകണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി.ജോസഫ്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണു വിവരാവകാശ കമ്മിഷണർ നിർദേശം നൽകിയത്. അഞ്ചൽ പൊലീസ് സ്റ്റേഷനിലെ സിപിഒയും ജിഡി ചുമതലക്കാരനും ആയ എസ്.ഷമീർ ആണ് സിസിടിവി ദൃശ്യങ്ങളും തനിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ആവശ്യപ്പെട്ടു കമ്മിഷനെ സമീപിച്ചത്. കഴിഞ്ഞ വർഷം ജൂൺ 12നു പുറത്തുനിന്നെത്തിയ ഒരാളുമായി വാക്കുതർക്കം നടന്നിരുന്നു.
പുനലൂർ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമീറിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായി പുനലൂർ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.തന്റെ നിരപരാധിത്വം തെളിയിക്കാനാണ്, സംഭവം നടന്ന ദിവസം ഉച്ചയ്ക്കു ശേഷം 3.45 മുതൽ 4.30 വരെയുള്ള സമയത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. അന്വേഷണം നടക്കുന്നതിനാൽ ഇവ നൽകാൻ കഴിയില്ലെന്നായിരുന്നു സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ആയ പുനലൂർ എസ്എച്ച്ഒയുടെ നിലപാട്. അന്വേഷണം പൂർത്തിയായ സ്ഥിതിക്കു സിസിടിവി ദൃശ്യങ്ങളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും പകർപ്പു നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ നിർദേശിക്കുകയായിരുന്നു.
കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട
കടയ്ക്കൽ അജ്മൽ മൻസിലിൽ സുബൈറിനു കൃത്യമായ വിവരങ്ങൾ നൽകാതിരുന്നതിന് അന്നത്തെ എസ്എച്ച്ഒയും ഇപ്പോൾ പള്ളിക്കത്തോട് എസ്എച്ച്ഒയും ആയ പി.എസ്.രാജേഷിനെതിരെ വിവരാവകാശ നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനു കമ്മിഷൻ തീരുമാനിച്ചു.
പോരുവഴി മലനട ദുര്യോധന ക്ഷേത്ര വസ്തുക്കളുടെ ഉടമസ്ഥന്റെ പേര് ‘ദുര്യോധനൻ’ എന്നു വന്നതു സംബന്ധിച്ച് എസ്.അനൂപ് ഹർജി നൽകിയിരുന്നു.
എന്നാൽ, ക്ഷേത്രത്തിന്റെ 70.64 ഏക്കർ വസ്തുവിന്റെ ഉടമ റീസർവേ രേഖ പ്രകാരം പട്ടാധാരന്റെ പേരിന്റെ സ്ഥാനത്തു ‘ദുര്യോധനൻ’ എന്നു വന്നതാണ് എന്നായിരുന്നു സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസറുടെ നിലപാട്. ഇക്കാര്യത്തിൽ രേഖകൾ പരിശോധിച്ചു കൃത്യമായ വിവരം നൽകാൻ കമ്മിഷൻ നിർദേശം നൽകി.
ഹിയറിങ്ങിൽ 37 ഹർജികൾ പരിഗണിച്ചു. 36 എണ്ണം തീർപ്പാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

