പുൽപള്ളി ∙ കിഫ്ബി ഫണ്ടിൽ നിർമിച്ച കാപ്പിസെറ്റ്– പയ്യമ്പള്ളി റോഡിന്റെ ഭാഗമായ പുൽപള്ളി–കാപ്പിസെറ്റ് റൂട്ടിലാണ് മിക്കപ്പോഴും അപകടങ്ങളുണ്ടാവുന്നത്. താന്നിത്തെരുവ് മുതൽ ചെറ്റപ്പാലംവരെ വലിയ ഇറക്കമാണ്.
ഏതാണ്ട് ഒരു കിലോമീറ്ററിലധികം വരുന്ന ഭാഗം പലപ്പോഴും അപകടവേദിയാണ്. ചെറ്റപ്പാലം–കാപ്പിസെറ്റ് റൂട്ടിൽ താഴെ ചെറ്റപ്പാലത്ത് ഇന്നലെയുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു.
ഉദയക്കവല റൂട്ടിൽനിന്നു പ്രധാന പാതയിലേക്കു പ്രവേശിച്ചപ്പോൾ ഓട്ടോയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചെറ്റപ്പാലത്തു നിന്നാരംഭിക്കുന്ന ഇറക്കത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നതും ഒരു മുന്നറിയിപ്പുസംവിധാനവുമില്ലാത്തത് അപകടങ്ങൾ വർധിക്കാനിടയാക്കുന്നു. ഉദയക്കവലയിലേക്കു തിരിയുന്ന പാതയിൽ വരമ്പുകൾ നിർമിക്കണമെന്നും പാതയോരത്തെ കാഴ്ച മറയ്ക്കുന്ന നിർമിതികൾ നീക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. ഇവിടെ റോഡിലേക്ക് കയറി മതിൽ നിർമിച്ചെന്ന പരാതിയും നേരത്തെയുണ്ട്.
ശരവേഗത്തിൽ വരുന്ന വാഹനങ്ങൾ ചെറിയപാതയിൽനിന്നു കയറിവരുന്ന വാഹനങ്ങളെ കാണാറില്ല.
ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റോഡ് സേഫ്ടി മിറർ സ്ഥാപിച്ചിരുന്നെങ്കിലും അപകടങ്ങൾക്കു കുറവില്ല.ഈ പാതയിൽ വർധിക്കുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ സത്വര നടപടികൾ വേണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പലവട്ടം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിൽ സമരങ്ങൾ നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചിട്ടുണ്ട്.
മരാമത്ത്, റോഡ് സുരക്ഷാ വിഭാഗങ്ങൾ റോഡ് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

