കഞ്ചിക്കോട് ∙ കുരുമുളക്, ഇഞ്ചി കൃഷികളിലെ രോഗപ്രതിരോധത്തിനും വളർച്ച മെച്ചപ്പെടുത്താനും നൂതന മാർഗവുമായി കൃഷിവകുപ്പ്. പുതുതായി വികസിപ്പിച്ച ബയോ കാപ്സ്യൂൾ കീടനാശിനിയാണു രോഗപ്രതിരോധത്തിനും ചെടികളുടെ വളർച്ചയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്നത്. ജില്ലയിൽ കുത്തനൂർ കൃഷിഭവനു കീഴിലെ 15 കർഷകരുടെ കൃഷിയിടത്തിലാണു കാപ്സ്യൂൾ പരീക്ഷണം വിജയകരമായി നടത്തിയത്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് ഡവലപ്മെന്റാണ് പിജിപിആർ ബയോ കാപ്സ്യൂൾ വികസിപ്പിച്ചത്. കാപ്സ്യൂൾ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്. കൃഷിഭവനൊപ്പം ആത്മ ഏജൻസിയും പരീക്ഷണത്തിനു കൂട്ടായുണ്ട്.
കുരുമുളകിന്റെ വളർച്ചയ്ക്കും ഉൽപാദന വർധനവിനും സഹായകരമായ വിവിധ പോഷകങ്ങൾ മണ്ണിൽ നിന്നു ലഭ്യമാക്കാൻ സഹായിക്കുന്നതാണു കാപ്സ്യൂൾ.
മണ്ണിനെ പോഷക സമ്പന്നമാക്കാനും ചെടിക്കു രോഗപ്രതിരോധശേഷി നൽകാനും സഹായിക്കുന്ന സൂക്ഷ്മ ജീവാണുക്കളുടെ ശേഖരമാണ് കാപ്സ്യൂൾ രൂപത്തിൽ തയാറാക്കിയിരിക്കുന്നത്. കൊണ്ടുനടക്കാനും ഉപയോഗിക്കാനും ഏറെ എളുപ്പവും പരിസ്ഥിതി സൗഹൃദ സുസ്ഥിര കൃഷിക്ക് അനുകൂലവുമാണിത്. ഒരു ഗ്രാം മാത്രം വരുന്ന ഒരു കാപ്സ്യൂൾ 200 ലീറ്റർ വെള്ളത്തിൽ കലക്കാവുന്നതും ഏകദേശം 100 കുരുമുളക് വള്ളികൾക്കു വരെ ഉപയോഗിക്കാവുന്നതുമാണ്. മണ്ണിലെ അമ്ലഗുണം ക്രമീകരിക്കുകയും ആവശ്യത്തിനു ജൈവാംശം ഉറപ്പാക്കുകയും ചെയ്ത ശേഷം ബയോ കാപ്സ്യൂൾ ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രാപ്തി ഉറപ്പാക്കാം.
ഇഞ്ചിയുടെ ബാക്ടീരിയൽ വാട്ടം വേഗത്തിൽ കാപ്സ്യൂൾ വഴി പ്രതിരോധിക്കാം. ഇഞ്ചിവിത്തിൽ പുരട്ടാനും ഈ മിശ്രിതം ഉപയോഗിക്കാം.
ഇഞ്ചിയിലും മഞ്ഞളിലും കാണുന്ന മൂടുചീയലിനും പ്രതിരോധമാർഗമാണ്.
എന്താണു ബയോ കാപ്സ്യൂൾ ?
എൻക്യാപ്സുലേഷൻ പ്രക്രിയയിലൂടെ മിത്ര സൂക്ഷ്മാണുക്കളെ ഉയർന്ന സാന്ദ്രതയിൽ ജലറ്റിൻ കാപ്സ്യൂളുകളിൽ നിറയ്ക്കാനുള്ള സാങ്കേതികവിദ്യ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കൃഷിയിൽ ഉപയോഗിക്കാവുന്ന മിത്ര സൂക്ഷ്മാണുക്കളുടെ കാപ്സ്യൂളുകളെ ബയോകാപ്സ്യൂൾ എന്നു വിളിക്കാം.
ഒരുഗ്രാം തൂക്കം വരുന്ന കാപ്സ്യൂളിൽ 102 സൂഷ്മാണുക്കൾ ഉണ്ടാകും. ഇത്തരം ബയോകാപ്സ്യൂളുകൾ വിളകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധത്തിനും പോഷകമൂലകങ്ങളുടെ ലഭ്യത കൂട്ടാനും വളർച്ച വർധിപ്പിക്കുന്നതിനും സഹായിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

