യുഎസ് ഉപരോധത്തെ തുടർന്ന് ഇറക്കുമതി ഏറക്കുറെ അവസാനിപ്പിച്ച ഇന്ത്യയുടെ മനസ്സുമാറ്റാൻ ഡിസ്കൗണ്ട് തന്ത്രമെറിഞ്ഞ് റഷ്യ. റഷ്യയുടെ പ്രധാന ക്രൂഡ് ഓയിൽ ഇനമായ യൂറൽസിന് വിപണിവിലയേക്കാൾ 7 ഡോളർ വരെ ഡിസ്കൗണ്ടാണ് വാഗ്ദാനം.
കഴിഞ്ഞ 2 വർഷത്തിനിടയിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് ഓഫറാണിത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണ കയറ്റുമതിക്കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഏറക്കുറെ അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ ഓഫർ തന്ത്രം.
ഡിസംബറിലേക്കും ജനുവരിയിലേക്കുമുള്ള ഇറക്കുമതിക്കാണ് ഓഫർ വാഗ്ദാനം.
ഉപരോധത്തിന് മുൻപ് റഷ്യ നൽകിയിരുന്ന ഓഫർ ബാരലിന് 3 ഡോളർ വരെയായിരുന്നു. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയെ ഒഴിവാക്കി, ഉപരോധം ബാധകമല്ലാത്ത റഷ്യൻ കമ്പനികളിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ ശ്രമിച്ചെങ്കിലും കാര്യമായ ഇറക്കുമതിയില്ല.
റഷ്യയിൽ നിന്ന് ലഭിച്ചിരുന്ന എണ്ണയുടെ അഞ്ചിലൊന്ന് പോലും ഇത്തരം കമ്പനികളിൽനിന്ന് കിട്ടുന്നില്ല.
റഷ്യയെ ഒഴിവാക്കി ഗൾഫ്, പടിഞ്ഞാറൻ ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയാണ് ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ കൂടുതലായും വാങ്ങുന്നത്. ഇറക്കുമതി വേണ്ടെന്നുവച്ച ഇന്ത്യയുടെ നിലപാട് റഷ്യയ്ക്ക് കനത്ത അടിയായിട്ടുണ്ട്.
നവംബറിലെ എണ്ണകയറ്റുമതി വരുമാനത്തിൽ 35 ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്ന് റഷ്യ സ്വയം വിലയിരുത്തിക്കഴിഞ്ഞു. ഒക്ടോബറിലെ 27% ഇടിവിനേക്കാൾ വലിയ ആഘാതം.
റഷ്യയുടെ മൊത്തം കയറ്റുമതി വരുമാനത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ക്രൂഡ് ഓയിൽ വിൽപനയാണ്.
ഇതിനാണ് യൂറോപ്യൻ യൂണിയനും യുഎസും ഉപരോധപ്പൂട്ടിട്ടത്. റഷ്യയുടെ വരുമാനവഴി അടച്ച്, യുക്രെയ്നെതിരായ യുദ്ധത്തിൽനിന്ന് പിന്മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.
കരിങ്കടൽ വഴിയുള്ള റഷ്യൻ എണ്ണയുടെ വില കഴിഞ്ഞയാഴ്ച ബാരലിന് വെറും 36.61 ഡോളറിലേക്ക് നിലംപൊത്തിയതും റഷ്യയ്ക്ക് പിടിച്ചുലച്ചിട്ടുണ്ട്.
ഷിയുമായി ഫോൺ കോൾ; ചൈനയിലേക്ക് പറക്കാൻ ട്രംപ്
യുഎസ് പ്രസിഡന്റ് ട്രംപ് അടുത്തവർഷം ഏപ്രിലിൽ ചൈന സന്ദർശിച്ചേക്കും. ഇതിനു മുന്നോടിയായി അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചു.
കൂടിക്കാഴ്ചയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ആഴ്ചകൾക്ക് മുൻപ് ദക്ഷിണ കൊറിയയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനയ്ക്കുമേൽ പ്രഖ്യാപിച്ച തീരുവ കുറയ്ക്കാൻ ട്രംപും, അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രണം ഒഴിവാക്കാൻ ചൈനയും തീരുമാനിച്ചിരുന്നു. ഇതിന്റെ ‘പ്രോഗ്രസ്’ ഇരുവരും ഫോണിൽ ചർച്ച ചെയ്തു.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് തയാറാക്കിയ പുത്തൻ സമാധാന പ്ലാനും ചർച്ചയായി.
ചൈന യുഎസിന്റെ സോയാബീൻ ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടകാര്യം ട്രംപ് ഓർമിപ്പിച്ചു. ചൈനയുമായുള്ള ബന്ധം ഇപ്പോൾ കരുത്തുറ്റതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പിന്നീടെഴുതി.
യുക്രെയ്നിൽ സമാധാനം കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് ഷിയും പറഞ്ഞു.
തായ്വാൻ വിഷയമാക്കി ഷി
ട്രംപുമായുള്ള ചർച്ചയിൽ ഷി ജിൻപിങ് തായ്വാനെക്കുറിച്ചും സംസാരിച്ചുവെന്ന് സൂചനകളുണ്ട്. തായ്വാൻ വീണ്ടും ചൈനയുടെ ഭാഗമാകണമെന്ന കാര്യം ഷി പറഞ്ഞു.
ചൈനയ്ക്കു തായ്വാൻ എത്രമേൽ പ്രധാനമാണെന്നത് ട്രംപിന് മനസ്സിലായെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഷി ജിൻപിങ് ‘ഗ്രേയ്റ്റ് ലീഡർ’ ആണെന്ന് ട്രംപ് പറഞ്ഞുവെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
അമേരിക്ക ‘താങ്ക്സ് ഗിവിങ്’ ആഘോഷത്തിലേക്ക്
യുഎസ് ‘താങ്ക്സ് ഗിവിങ്’ ആവേശത്തിലേക്ക് ചുവടുവച്ചുകഴിഞ്ഞു.
അതിനുമുന്നോടിയായി ഓഹരികളാകട്ടെ വൻനേട്ടത്തിലേക്കും കടന്നു. ‘നിർമിത ബുദ്ധി കുമിള’ (എഐ ബബിൾ) വിതച്ച നഷ്ടത്തിൽനിന്ന് യുഎസ് ഓഹരി സൂചികകൾ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികളിലുണ്ടായ കുതിപ്പാണ് പ്രധാന ആവേശം.
ആൽഫബെറ്റ് ഓഹരിവില 6 ശതമാനത്തിലധികമാണ് ഉയർന്നത്. എഐയ്ക്ക് ഊന്നൽ നൽകുന്ന നീക്കത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിച്ച ആൽഫബെറ്റ് ‘ജെമിനൈ 3’ന്റെ അപ്ഗ്രേഡഡ് മോഡൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയതാണ് ഓഹരിക്കുതിപ്പിന് പിന്നിൽ.
ആൽഫബെറ്റിന്റെ മുന്നേറ്റം ആമസോൺ, മെറ്റ, എൻവിഡിയ, എഎംഡി, പാലന്റീയർ ടെക്നോളജീസ്, മൈക്രോൺ ടെക്നോളജി, ബ്രോഡ്കോം എന്നീ ടെക് വമ്പന്മാർക്കും ആവേശമായി; ഇവയുടെ ഓഹരികൾ 11.1% വരെയാണ് കുതിച്ചത്.
ഇതോടെ എസ് ആൻഡ് പി500 സൂചിക 1.55%, നാസ്ഡാക് 2.69%, ഡൗ ജോൺസ് 0.44% എന്നിങ്ങനെയും മുന്നേറി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് അടുത്തമാസം കുറഞ്ഞേക്കാമെന്ന പ്രതീക്ഷകളും ഓഹരികൾക്ക് കരുത്തായി.
എന്താണ് ഈ താങ്ക്സ് ഗിവിങ്?
1621 മുതൽ അമേരിക്കക്കാർ ആരംഭിച്ചതാണ് ‘താങ്ക്സ് ഗിവിങ്’ ആഘോഷം.
ഏത് ദിവസമാണ് ഇതാദ്യം ആഘോഷിച്ചതെന്ന് വ്യക്തമല്ല. 1789ൽ അന്നത്തെ പ്രസിഡന്റ് ജോർജ് വാഷിങ്ടൺ നിശ്ചയിച്ച തീയതി നവംബർ 26 ആയിരുന്നു.
ഈ വർഷത്തെ ആഘോഷം നവംബർ 27നാണ്. അന്ന് യുഎസ് ഓഹരി വിപണിക്കും അവധിയായിരിക്കും.
ഭക്ഷണം, കാർഷിക വിളവ്, വസ്ത്രം, സൗഹൃദം, സ്നേഹം തുടങ്ങിയവയ്ക്കെല്ലാം പൂർവികർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി അറിയിക്കാനുള്ളൊരു ദിനമായി അമേരിക്കക്കാർ ആഘോഷിക്കുന്നതാണ് ‘താങ്ക്സ് ഗിവിങ്’.
റഷ്യയുമായി സമാധാനം ഉറപ്പാക്കാനായി യുഎസ് തയാറാക്കിയ സമാധാന പ്ലാൻ താങ്ക്സ് ഗിവിങ്ങിന് മുൻപായി അംഗീകരിക്കണമെന്നാണ് യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ട്രംപ് നൽകിയ നിർദേശം.
ഇന്ത്യയ്ക്കും ശുഭപ്രതീക്ഷ; കൈവിട്ട് ‘വിദേശികൾ’
വിദേശത്തുനിന്ന് വീശിയ നെഗറ്റീവ് കാറ്റ്, പ്രതിരോധ ഓഹരികൾ നേരിട്ട വീഴ്ച, രൂപയുടെ തളർച്ച, വിദേശ നിക്ഷേപത്തിലെ നഷ്ടം എന്നിവ ഇന്നലെ സെൻസെക്സിനും നിഫ്റ്റിക്കും തിരിച്ചടിയായിരുന്നു.
സെൻസെക്സ് 331.21 പോയിന്റ് താഴ്ന്ന് (-0.39%) 84,900.71ലും നിഫ്റ്റി 108.65 പോയിന്റ് (-0.42%) നഷ്ടവുമായി 25,959.50 പോയിന്റിലുമാണുള്ളത്.
∙ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 20 പോയിന്റ് കയറിയത് സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കുമെന്ന പ്രതീക്ഷ നൽകുന്നു.
∙ യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സും 0.1% വരെ നേട്ടത്തിലാണ്.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.64%, ഷാങ്ഹായ് 0.34%, ഹോങ്കോങ് 1.04%, ദക്ഷിണ കൊറിയയുടെ കോസ്പി 2.39% എന്നിങ്ങനെ നേട്ടത്തിലായതും നൽകുന്നത് ശുഭപ്രതീക്ഷകൾ.
∙ വിദേശ നിക്ഷേപം ഇടിയുന്നത് ഇന്ത്യൻ ഓഹരികൾക്ക് നിരാശയാകുന്നുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ വിറ്റൊഴിഞ്ഞത് 4,171 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ്.
അതേസമയം, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ (ഡിഐഐ) 4,513 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
സ്വർണം മുന്നോട്ട്, എണ്ണയ്ക്ക് ചാഞ്ചാട്ടം
സമാധാന പ്ലാൻ സംബന്ധിച്ച് യുഎസുമായി യുക്രെയ്നും യൂറോപ്യൻ യൂണിയനും ഇപ്പോഴും അഭിപ്രായഭിന്നതയുള്ളത് എണ്ണവിലയുടെ തിരിച്ചുകയറ്റത്തിന് വഴിവച്ചെങ്കിലും പിന്നീട് താഴ്ന്നു. സമവായമില്ലെങ്കിൽ യുക്രെയ്നിൽ സമാധാനം പുലരാൻ വൈകുമെന്ന വിലയിരുത്തലാണ് ചാഞ്ചാട്ടത്തിന് പിന്നിൽ.
യുദ്ധത്തിന് വിരാമമായില്ലെങ്കിൽ റഷ്യയ്ക്കുമേലുള്ള ഉപരോധം തുടരും; റഷ്യൻ എണ്ണയുടെ ഒഴുക്കും കുറയും.
ഇതാണ് എണ്ണവില കൂടാൻ കാരണമായത്, പിന്നാലെ അൽപം താഴുകയും ചെയ്തു.
ബാരലിന് ഒരുവേള 57 ഡോളറിലേക്ക് വീണ ഡബ്ല്യുടിഐ ക്രൂഡ് വില, പിന്നീട് 1.48% തിരിച്ചുകയറി 58.92 ഡോളറിലെത്തിയിരുന്നു. ഇപ്പോഴുള്ളത് 58.71 ഡോളറിൽ. ഒരുഘട്ടത്തിൽ 62 ഡോളറിലേക്കുതാഴ്ന്ന ബ്രെന്റ് വില 1.33% ഉയർന്ന് 63.39 ഡോളറിലുമെത്തിയിരുന്നു; ഇപ്പോൾ വില 63.21 ഡോളർ.
യുഎസിൽ അടിസ്ഥാന പിലശനിരക്കിന്റെ ഭാവി സംബന്ധിച്ച ‘കൺഫ്യൂഷൻ’ നിലനിൽക്കുന്നത് സ്വർണത്തിനും നേട്ടമായി; രാജ്യാന്തരവില ഇന്നലത്തെ 4,040 ഡോളർ നിലവാരത്തിൽ നിന്ന് ഔൺസിന് ഇന്ന് 4,139 ഡോളർ വരെയെത്തി.
കേരളത്തിൽ ഇന്ന് വില കൂടാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

